ദുരിതമഴ; ചെന്നൈയിലെ കെടുതിക്ക് കാരണക്കാര്‍ ആര്?
ചെന്നൈ: ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും മാരകമായ മഴയാണ് ചെന്നൈയില്‍ പെയ്തുകൊണ്ടിരിക്കുന്നത്. രണ്ടാഴ്ചയായി പെയ്യുന്ന മഴയില്‍ നഗരം മുങ്ങി എന്ന് പറഞ്ഞാല്‍ അത് അതിശയോക്തി ആകില്ല. തിമിര്‍ത്ത് പെയ്യുന്ന മഴയില്‍ വെള്ളം പൊങ്ങി ജീവന്‍ നഷ്ടപ്പെട്ടത് ഇരുന്നൂറോളം പേര്‍ക്കാണ്. ഗതാഗതവും ഫോണ്‍ ബന്ധവും കുടുവെള്ളവും മുടങ്ങി ജനജീവിതം ഏതാണ്ട് സ്തംഭിച്ച നിലയിലാണ്.
തമിഴ്‌നാട്ടിലെ പത്ത് ശതമാനത്തോളം വരുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചെന്നൈയിലെ ഈ ദുരിതത്തിന് കാരണക്കാര്‍ ആരാണ്. പെരുമഴയാണ് കാരണമെന്ന് സര്‍ക്കാര്‍ പറയുന്നു. അത് സത്യമാണ് താനും. സാധാരണയിലും പല മടങ്ങുകളാണ് നഗരത്തില്‍ പെയ്യുന്ന മഴ. ദുരിതം ചെറുക്കാന്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍ മഴ മാത്രമാണോ ദുരിതത്തിന് കാരണം. പ്രശ്‌നങ്ങള്‍ ഇത്ര വഷളാക്കിയത്. അല്ല എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. പിന്നെയോ

ഏറ്റവും ദുരിതം വേലാച്ചേരിയില്‍
കനത്ത മഴയില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നത് വേലാച്ചേരിയാണ്. കഴിഞ്ഞ ആഴ്ചത്തെ മഴയ്ക്ക് തന്നെ വേലാച്ചേരി മുങ്ങിയിരുന്നു. 50 ചതുരശ്ര കിലോമീറ്റര്‍ ഉണ്ടായിരുന്ന വേലാച്ചേരിയിലെ പള്ളിക്കരണൈ ചതുപ്പ് ചരുങ്ങി ചെറുതായിരിക്കുന്നു എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. എങ്ങനെയാണ് ഇത് സംഭവിച്ചത്.

കയ്യേറ്റം, അനധികൃത നിര്‍മാണം
റിയല്‍ എസ്റ്റേറ്റ് മാഫിയ തന്നെയാണ് വില്ലന്മാര്‍. പള്ളിക്കരണൈ ചതുപ്പിന്റെ പ്രധാനഭാഗവും ഇന്ന് കെട്ടിടങ്ങളായി രൂപം പ്രാപിച്ചുകഴിഞ്ഞു. എല്ലാം അനധികൃതമായി കുടിയേറി കെട്ടിയുണ്ടാക്കിയവ. ജീവിക്കാന്‍ സ്ഥലമില്ലാത്ത പട്ടിണിപ്പാവങ്ങളാണ് എന്ന് കരുതേണ്ട. വമ്പന്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയാണ് പിന്നില്‍. മഴവെള്ളം ഇറങ്ങാനുള്ള സ്ഥലമാണ് ഇന്ന് കെട്ടിടങ്ങളായി മാറിയിരിക്കുന്നത്.

ചെന്നൈ കാണേണ്ട കാഴ്ച
പത്ത് വര്‍ഷം മുമ്പുളള ചെന്നൈയുടെ ആകാശക്കാഴ്ചയെ ഇന്നത്തേതുമായി ഒന്ന് താരതമ്യം ചെയ്താല്‍ മതി. ഈ ദുരിതത്തിന്റെ കാരണം മനസിലാകാന്‍. ചതുപ്പുകളും വെളളക്കെട്ടുകളും അപ്രത്യക്ഷമാകുന്നു. പകരം കോണ്‍ക്രീറ്റ് കാടുകള്‍ ഉയരുന്നു. 50 ചതുരശ്ര കിലോമീറ്ററില്‍ നിന്നും രണ്ടര ചതുരശ്ര കിലോമീറ്ററായി ചുരുങ്ങുകയാണത്രെ പള്ളിക്കരണൈ ചതുപ്പ്.

മാലിന്യങ്ങള്‍ കൊണ്ടുള്ള പണി
തെക്കന്‍ ചെന്നൈയില്‍ മാലിന്യശേഖരണത്തിന് രണ്ട് സെന്ററുകളാണ് ഉള്ളത്. 200 ഏക്കര്‍ എന്ന പരിധിയും കഴിഞ്ഞ് പല മടങ്ങുകളായിക്കഴിഞ്ഞു ഇവിടെ മാലിന്യക്കൂമ്പാരം. വെള്ളക്കെട്ടുകള്‍ക്കും തടാകങ്ങള്‍ക്കും മാലിന്യം ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല.

ഓടകളുടെ സ്ഥിതി
റോഡില്‍ മഴ പെയ്താല്‍ ഓടകളിലൂടെ വേണം വെള്ളം പോകാന്‍. പ്ലാസ്റ്റിക് അടക്കമുളള മാലിന്യക്കെട്ടുകള്‍ ഇട്ട് ഈ ഓടകള്‍ മൂടിയാലോ. വെള്ളം എവിടേക്ക് ഒലിച്ചുപോകും. റോഡില്‍ കെട്ടിനില്‍ക്കുകയല്ലാതെ.. ഇതാണ് ഇന്ന് ചെന്നൈയില്‍ കാണുന്നതും.

എന്താണ് പ്രതിവിധി
ബാക്കിയുള്ള ചതുപ്പുകളെങ്കിലും സംരക്ഷിക്കപ്പെടണം എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ഇവിടങ്ങള്‍ നികത്തി അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്ന് സര്‍ക്കാരും ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണം.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications