തിരഞ്ഞെടുപ്പിന് മുൻപ് തിരക്കിട്ട് അറസ്റ്റ്, എന്തിനാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തിരിക്കുന്നത്?
ഡല്‍ഹി: ആദ്യം ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, പിന്നാലെ ഇപ്പോഴിതാ മുഖ്യമന്ത്രി കെജ്രിവാളും. അഴിമതിക്കെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി ആം ആദ്മി പാര്‍ട്ടി രൂപീകരിക്കുകയും ഡല്‍ഹി ഭരണം പിടിച്ചെടുക്കുകയും ചെയ്ത അതേ അരവിന്ദ് കെജ്രിവാളിനെ ആണ് 100 കോടിയുടെ അഴിമതിക്കേസില്‍ ഇഡി ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെയാണ് ഇഡിയുടെ ഈ തിരക്കിട്ട നീക്കമെന്നതും ശ്രദ്ധേയം. ഈ കേസ് രാഷ്ട്രീയ ഗൂഢാലോചന മാത്രമാണെന്നാണ് ആപ് ആരോപിക്കുന്നത്. എന്തിനാണ് ഡല്‍ഹി മുഖ്യമന്ത്രിയെ രായ്ക്ക് രാമായനം ഇഡി അറസ്റ്റ് ചെയ്തിരിക്കുന്നത്? എന്താണ് ഡല്‍ഹി മദ്യനയക്കേസ് ?

മുഖ്യസൂത്രധാരനെന്ന് ഇഡി
മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ 9 തവണ അരവിന്ദ് കെജ്രിവാളിന് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഹാജരാകാന്‍ കെജ്രിവാള്‍ തയ്യാറായില്ല. കേസില്‍ തന്റെ അറസ്റ്റ് തടയണം എന്നുളള കെജ്രിവാളിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ അറസ്റ്റ് നീക്കം. 2021-22ലെ ഡല്‍ഹി മദ്യനയം തയ്യാറാക്കുന്നതില്‍ കോടികളുടെ അഴിമതി നടന്നു എന്നതാണ് കേസ്.
ഈ കേസിലെ പ്രധാന സൂത്രധാരനാണ് കെജ്രിവാള്‍ എന്നാണ് ഇഡി ആരോപിക്കുന്നത്. ചില്ലറ മദ്യവില്‍പന മേഖലയില്‍ സ്വകാര്യ കമ്പനികള്‍ക്കുളള വഴിയൊരുക്കുന്ന മദ്യനയം രൂപീകരിക്കുന്നതിനായി ബിആര്‍എസ് നേതാവ് കെ കവിത, ആപ് നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവരുമായി ചേര്‍ന്ന് കെജ്രിവാള്‍ ഗൂഢാലോചന നടത്തിയെന്നും ഇഡി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ദക്ഷിണേന്ത്യയില്‍ നിന്നുളള സ്വകാര്യ ലോബിക്ക് നേട്ടമുണ്ടാക്കുന്ന തരത്തില്‍ മദ്യനയം രൂപീകരിക്കുന്നതിന് വേണ്ടിയായിരുന്നു ഗൂഢാലോചന എന്നും ഇഡി പറയുന്നു. സൗത്ത് ലോബിയെന്ന് ഇഡി വിശേഷിപ്പിക്കുന്ന ഈ ലോബി ആം ആദ്മി പാര്‍ട്ടിക്ക് 100 കോടി നല്‍കാനായിരുന്നു ധാരണയെന്നും ഇഡി ആരോപിക്കുന്നു. കേസിലെ ചില പ്രതികളും സാക്ഷികളും നല്‍കിയ മൊഴികളില്‍ കെജ്രിവാളിന്റെ പേരുണ്ട്. റിമാന്‍ഡ് നോട്ടിലും കുറ്റപത്രങ്ങളിലും ഇഡി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
''മദ്യനയക്കേസിലെ പ്രതികളിലൊരാളായ വിജയ് നായര്‍ കെജ്രിവാളിന്റെ ഓഫീസിലെ നിത്യസന്ദര്‍ശകനായിരുന്നു. മദ്യനയം സംബന്ധിച്ച് കെജ്രിവാളുമായി ചര്‍ച്ച നടത്തിയെന്ന് വിജയ് നായര്‍ സ്വകാര്യ മദ്യവ്യാപാരികളോട് പറഞ്ഞിരുന്നു. ഇന്‍ഡോസ്പിരിറ്റ് ഉടമയായ സമീര്‍ മഹേന്ദ്രുവിന് കെജ്രിവാളുമായി കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത് വിജയ് നായര്‍ ആണ്. ഈ കൂടിക്കാഴ്ചയ്ക്കുളള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ഇരുവരും തമ്മില്‍ വീഡിയോ കോളിന് വിജയ് നായര്‍ സൗകര്യമൊരുക്കി. തന്റെ വിശ്വസ്തനായ കുട്ടിയാണ് വിജയ് നായരെന്ന് കെജ്രിവാള്‍ ഈ കൂടിക്കാഴ്ചയ്ക്കിടെ പറഞ്ഞു'', ഇഡി ആരോപിക്കുന്നു.
മദ്യനയത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ തന്റെ അച്ഛനും വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയുമായ നേതാവ് കെജ്രിവാളിനെ കണ്ടിരുന്നു എന്ന് രാഘവ് മഗുന്ത പറഞ്ഞിരുന്നു. ഇഡി ആരോപിക്കുന്ന സൗത്ത് ലോബിയില്‍ ഉള്‍പ്പെട്ട ആരോപണ വിധേയനും നിലവില്‍ കേസിലെ സാക്ഷിയുമാണ് രാഘവ്. ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ മുന്‍ സെക്രട്ടറിയും കേസില്‍ നിര്‍ണായക മൊഴി നല്‍കിയിട്ടുണ്ട്.
2021 മാര്‍ച്ചില്‍ മദ്യനയം സംബന്ധിച്ച് മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ട് സിസോദിയയില്‍ നിന്ന് തനിക്ക് ലഭിച്ചുവെന്നാണ് സി അരവിന്ദിന്റെ മൊഴി. സിസോദിയ വിളിച്ചതിനെ തുടര്‍ന്ന് താന്‍ കെജ്രിവാളിന്റെ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ ആ രേഖയും സത്യേന്ദ്ര ജെയിനും ഉണ്ടായിരുന്നു. മന്ത്രിതല സമിതിയുടെ യോഗത്തില്‍ അത്തരമൊരു ചര്‍ച്ചയും നടന്നിട്ടില്ലാതിരുന്നത് കൊണ്ട് റിപ്പോര്‍ട്ട് കണ്ട് താന്‍ അമ്പരന്നു. ആ രേഖയുടെ അടിസ്ഥാനത്തില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സിസോദിയ തന്നോട് ആവശ്യപ്പെട്ടു എന്നാണ് അരവിന്ദ് ആരോപിക്കുന്നത്.












Click it and Unblock the Notifications