'ഇറാനെ ആക്രമിക്കുന്നതിന് മുൻപ് മോദി എന്തിനാണ് ഇസ്രയേൽ സന്ദർശിച്ചത്'? വിമർശിച്ച് തോമസ് ഐസക്
ഇറാനിയൻ യുദ്ധക്കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ആക്രമിക്കപ്പെട്ടതിൽ കേന്ദ്ര സർക്കാർ പ്രതികരിക്കാത്തതിനെ വിമർശിച്ച് ഡോ. ടിഎം തോമസ് ഐസക്. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് നാവിക അഭ്യാസ പ്രകടനത്തിൽ പങ്കെടുക്കാൻ എത്തിയ കപ്പലാണ് ആക്രമിക്കപ്പെട്ടതെന്നും ഈ ആക്രമണത്തിൽ പ്രതിഷേധിച്ചില്ലെങ്കിലും കേന്ദ്ര സർക്കാർ ഉത്കണ്ഠയെങ്കിലും രേഖപ്പെടുത്തേണ്ടതല്ലേ എന്ന് തോമസ് ഐസക് ചോദിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ഡോ. ടിഎം തോമസ് ഐസക് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം:
'' ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയ്ക്ക് സമീപം ഇറാന്റെ യുദ്ധക്കപ്പൽ ടോർപ്പിഡോ ചെയ്ത് അമേരിക്ക തകർത്തു. 87 നാവികർ കൊല്ലപ്പെട്ടതായിട്ടാണ് കണക്ക്. അന്താരാഷ്ട്ര സമുദ്രാതിർത്തിയിലാണ് സംഭവം. പക്ഷേ, നമ്മുടെ രാജ്യത്തിനു സമീപം വച്ചല്ലേ? ഒരു പ്രതിഷേധ പ്രസ്താവന ഇന്ത്യാ സർക്കാരിന്റേതായിട്ടുണ്ടോ? മോഡി എന്തെങ്കിലും മൊഴിഞ്ഞോ? എന്തിന് എന്നായിരിക്കും ചിന്തിക്കുക?

കാരണം ഈ കപ്പൽ ഇന്ത്യാ സർക്കാരിന്റെ ക്ഷണം സ്വീകരിച്ചിട്ട് മിലാൻ എന്നു പറയുന്ന നാവിക അഭ്യാസ പ്രകടനത്തിൽ പങ്കെടുക്കാൻ എത്തിയതാണ്. ഒരു മാസമായി വിശാഖപട്ടണത്ത് ഉണ്ടായിരുന്നു. ഇത്തരം സൈനിക അഭ്യാസങ്ങളുടെ പ്രോട്ടോക്കോൾ പ്രകാരം യുദ്ധസജ്ജീകരണത്തിനായി ആയുധ തയ്യാറെടുപ്പ് നടത്തുവാൻ പാടുള്ളതല്ല. അതുകൊണ്ട് യുദ്ധസജ്ജമല്ലാതെയായിരുന്നു മടക്കയാത്ര. ഈ യാത്രയെക്കുറിച്ച് അമേരിക്കയ്ക്ക് കൃത്യമായി അറിയാമായിരുന്നു. കാരണം, അമേരിക്കയും ഈ നാവിക അഭ്യാസത്തിൽ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ അവസാന നിമിഷം അവർ പിന്മാറുകയാണ് ചെയ്തത്.
ആക്രമണത്തിൽ തകർന്ന യുദ്ധക്കപ്പലിൽ തകർന്ന നാവികരെ രക്ഷിക്കുന്നതിന് അമേരിക്കൻ അന്തർവാഹിനി ഒന്നും ചെയ്തില്ല. ശ്രീലങ്കൻ നാവികരാണ് കുറച്ചുപേരെയെങ്കിലും രക്ഷപ്പെടുത്തിയത്. നാവിക മര്യാദകൾപോലും ലംഘിച്ചുകൊണ്ടുള്ള ഈ സൈനിക ആക്രമണത്തിനെതിരായി പ്രതിഷേധിച്ചില്ലെങ്കിലും ഉത്കണ്ഠയെങ്കിലും അറിയിക്കേണ്ടതില്ലേ? അതുപോലും ഇന്ത്യാ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചയ്ക്ക് മദ്ധ്യസ്ഥതവഹിച്ച ഒമാൻ പറയുന്നത് ശരിയെങ്കിൽ അണുവായുധം നിർമ്മിക്കില്ലായെന്ന് ഉറപ്പുനൽകാൻ ഇറാൻ തയ്യാറായിരുന്നു. ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നവേളയിലാണ് അപ്രതീക്ഷിതമായി ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനുനേരെ ആക്രമണം അഴിച്ചുവിടുന്നത്. ആക്രമണം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഇന്ത്യൻ പ്രധാനമന്ത്രി മോദി എന്തിനാണ് ഇസ്രയേൽ സന്ദർശിച്ചത്?
ഇന്ത്യാ രാജ്യത്തെ അമേരിക്കൻ - ഇസ്രയേൽ കടന്നാക്രമണത്തിലെ മാപ്പുസാക്ഷിയായി മോദി മാറ്റിയിരിക്കുകയാണ്. അങ്ങനെ അമേരിക്കയുടെ സാമന്തരരാജ്യമായി മാറിയ ഇന്ത്യ എങ്ങനെയാണ് നമ്മുടെ ക്ഷണം സ്വീകരിച്ചുവന്ന ഇറാനിയൻ കപ്പലിനെ ആക്രമിച്ചു തകർത്തതിനെതിരെ പ്രതിഷേധിക്കുക? ഇന്ത്യയുടെ ഹിന്ദുത്വ തീവ്രദേശീയത ബ്രിട്ടീഷുകാർക്ക് മുന്നിൽ മുട്ടുവിറച്ചതുപോലെ ഇന്നിപ്പോൾ അമേരിക്കയുടെ മുന്നിൽ മുട്ടുവിറയ്ക്കുകയാണ്''.












Click it and Unblock the Notifications