12000 കോടിയുടെ സ്വത്തിന് ഉടമ: എന്നിട്ടും മകനെ എന്തിന് 200 രൂപയുടെ ബേക്കറി ജോലിക്ക് അയച്ചു?
ഇന്ത്യയിലെ വജ്ര തലസ്ഥാനമായ സൂറത്തിലെ ഏറ്റവും ധനികനായ വ്യാപാരിയാണി സാവ്ജി ധൻജി ധോലാകിയ. ഇന്ത്യയിലെ പ്രമുഖ വജ്ര നിർമ്മാണ, കയറ്റുമതി കമ്പനികളിലൊന്നായ ഹരി കൃഷ്ണ എക്‌സ്‌പോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയർമാനുമായ ധോലാകിയ, മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന 19 നിലകളുള്ള ദി ക്യാപിറ്റലിൽ ആണ് തന്റെ കമ്പനിയുടെ ഏറ്റവും പുതിയ ഓഫീസ് ആരംഭിച്ചിരിക്കുന്നത്.
1992-ൽ സാവ്ജി ധൻജി തന്റെ മൂന്ന് സഹോദരന്മാരോടൊപ്പമാണ് സാവ്ജി ധൻജി ധോലാകിയ വജ്ര നിർമ്മാണ മേഖലയിലേക്ക് കടന്ന് വരുന്നത്. വർഷങ്ങള്‍ക്കുള്ളില്‍ തന്നെ കമ്പനി ശ്രദ്ധേയമായ വിജയം കൈവരിക്കുകയും വ്യവസായത്തിലെ മുൻനിര സ്ഥാപനങ്ങളിലൊന്നായി മാറുകയും ചെയ്തു. വലിയ പ്രശസ്തിയും വിജയവും കൈവരിക്കുമ്പോഴും സാവ്ജി ധൻജി ധോലാകിയ എളിമയുള്ള ജീവിതം പിന്തുടരുന്നു എന്നുള്ളതാണ് ശ്രദ്ധേയം.മകനായ ദ്രവ്യ ധോലകിയയും ബിസിനസില്‍ സജീവമാണ്.

1962 ഏപ്രിൽ 12 ന് ഗുജറാത്തിലെ അംറേലി ജില്ലയിൽ ഉൾപ്പെടുന്ന ദുധാലയിൽ ഒരു കർഷക കുടുംബത്തിൽ ജനിച്ച സാവ്ജി ധൻജിക്ക് തുളസി, ഹിമ്മത്ത്, ഘൻശ്യാം എന്നിവരുൾപ്പെടെ നാല് സഹോദരങ്ങളുണ്ട്. കുടുംബം വലിയ സാമ്പത്തിക വെല്ലുവിളികൾ നേരിട്ടതോടെ സാവ്ജി 14-ാം വയസ്സിൽ നാലാം ക്ലാസിനുശേഷം ഔപചാരിക വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ചു.
സൂറത്തിൽ തന്റെ പിതൃസഹോദരന്റെ വജ്രവ്യാപാരത്തിൽ ചേർന്നുകൊണ്ടാണ് സാവ്ജി വ്യവസായ രംഗത്തേക്ക് കടക്കുന്നത്. സഹോദരന്മാരായ ഹിമ്മത്തും തുളസിയും പിന്നീട് അദ്ദേഹത്തോടൊപ്പം ചേർന്നു. 1992-ൽ, സാവ്ജി ധൻജി, തന്റെ സഹോദരന്മാരായ ഘനശ്യാം ധോലാകിയ, ഹിമ്മത് ധൊലാക്കിയ, തുളസി ധൊലാക്കിയ എന്നിവർ ചേർന്ന് സൂറത്തിൽ ഹരികൃഷ്ണ എക്‌സ്‌പോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചു.
കമ്പനിയുടെ ഡയമണ്ട് കട്ടിംഗ് ആൻഡ് പോളിഷിംഗ് യൂണിറ്റ് സൂറത്തിൽ സ്ഥാപിച്ചപ്പോള്‍ കയറ്റുമതി ഓഫീസ് മുംബൈയിലാണ് സ്ഥാപിച്ചത്. 2014 ആയപ്പോഴേക്കും, 6500 തൊഴിലാളികളുള്ള വമ്പന്‍ സ്ഥാപനമായി കമ്പനി മാറി. 2005-ൽ ഹരികൃഷ്ണ എക്‌സ്‌പോർട്ട്‌സിന് കീഴിൽ "കിസ്‌ന" എന്ന ജ്വല്ലറി ബ്രാൻഡ് ആരംഭിച്ചു. ഇന്ന്, രാജ്യത്തുടനീളം 6,250-ലധികം ഔട്ട്‌ലെറ്റുകളുള്ള കിസ്‌ന ഇന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് ആഭരണ ബ്രാൻഡായി നിലകൊള്ളുന്നു.
രാജ്യത്തെ ഏറ്റവും മികച്ച തൊഴിൽദാതാക്കളിൽ ഒരാളായും സാവ്ജി ധൻജി പരക്കെ കണക്കാക്കപ്പെടുന്നു. കൂടാതെ എല്ലാവർഷവും ദീപാവലി ബോണസായി വലിയ സമ്മാനങ്ങളാണ് കമ്പനി പ്രഖ്യാപിക്കാറുള്ളത്. ഈ ബോണസുകളിൽ ജീവനക്കാർക്കുള്ള ആഭരണങ്ങൾ, കാറുകൾ, ഫ്ലാറ്റുകൾ, സ്ഥിരനിക്ഷേപങ്ങൾ തുടങ്ങിയ ആഡംബര സമ്മാനങ്ങളും ഉൾപ്പെടുന്നു. 2018 ഒക്ടോബറിൽ, അർഹരായ ജീവനക്കാർക്ക് 600 കാറുകൾ സമ്മാനിച്ചുകൊണ്ടാണ് അദ്ദേഹം വാർത്തകളിൽ ഇടംനേടിയത്.
2016-ൽ 400 ഫ്ലാറ്റുകളും 1,260 കാറുകളും ദീപാവലി ബോണസായി സാവ്ജി ധൻജി സമ്മാനിച്ചിരുന്നു. ഇത്തരം ഉദാരമായ ബോണസുകൾക്ക് പിന്നിലെ പ്രചോദനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, എല്ലാവരും സ്വന്തമായി വീടും കാറും ആഗ്രഹിക്കുന്നുവെന്നും ഈ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അവരെ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഗൗരിബെന്നിനെയാണ് സാവ്ജി ധൻജി വിവാഹം കഴിച്ചിരിക്കുന്നത്. മേന, നിമിഷ, ദ്രവ്യ, കിസ്ന എന്നീ നാല് മക്കളാണ് ഇവർക്കുള്ളത്. കുടുംബത്തിന്റെ ഏകദേശ ആസ്തി 12000 കോടി രൂപയാണ്. കുടുംബപ്പേര് ഉപയോഗിക്കാതെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സാവ്ജി ധൻജി തന്റെ മകൻ ദ്രവ്യയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചെരുപ്പ് കട, മക്‌ഡൊണാൾഡ്‌സ്, കോൾ സെന്റർ തുടങ്ങി വിവിധ ജോലികൾ ദ്രവ്യ ഇതിനോടകം ഏറ്റെടുത്തു. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും, ദ്രവ്യ ഇതിലൂടെ വിലപ്പെട്ട ജീവിത പാഠങ്ങൾ പഠിച്ചു. ഒരു ഹോട്ടലിലെ ബേക്കറി ഡിപ്പാർട്ട്‌മെന്റിൽ പ്രതിദിനം 200 രൂപ ശമ്പളമുള്ള ജോലിയും ദ്രവ്യ ചെയ്തിരുന്നു.












Click it and Unblock the Notifications