കോണ്‍ഗ്രസ് എംപിയായ ഭാര്യ എന്തേ ബിജെപിയില്‍ ചേരാത്തത്? അമരീന്ദര്‍ സിംഗിന്റെ മറുപടി ഇങ്ങനെ
ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിംഗ് ബിജെപിയിൽ ചേർന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ പാർട്ടി പഞ്ചാബ് ലോക് കോൺഗ്രസും ബിജെപിയിൽ ലയിച്ചു. കോൺഗ്രസിന്റെ കൂടെ കുറേകാലം ഉണ്ടായിരുന്ന അമരീന്ദർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതോടെ നിരവധി ചോദ്യങ്ങളാണ് അദ്ദേഹത്തിന്നനേരെ ഉയരുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു അമരീന്ദർ പാർട്ടി വിട്ടത്. ഇതിന് പിന്നാലെ തന്നെ അമരീന്ദർ ബിജെപിയിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും അദ്ദേഹം അത് തള്ളിക്കളഞ്ഞു. ഇപ്പോൾ അമരീന്ദർ ബിജെപിയിൽ ചേർന്നിരിക്കുകയാണ്.
ഇപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ പ്രണീത് കൗർ എന്ത് കൊണ്ട് ബിജെപിയിൽ ചേരുന്നില്ലെന്നാണ് ഉയർന്നുവരുന്ന ചോദ്യം. കോൺഗ്രസ് എംപിയായ പ്രണീത് അമരീന്ദർ പാർട്ടി വിട്ടപ്പോൾപ്പോലും അദ്ദേഹത്തിനൊപ്പം പോയിരുന്നില്ല. എന്തുകൊണ്ടാണ് ഭാര്യ ബിജെപിക്കൊപ്പം വരാത്തത് എന്ന ചോദ്യം വീണ്ടും ഉയർന്നിരിക്കുകയാണ്..ഇതിന് അമരീന്ദർ മറുപടിയും പറഞ്ഞു. ''ഭർത്താവ് എന്തു ചെയ്താലും ഭാര്യ അതു പിന്തുടരേണ്ടതിന്റെ ആവശ്യകതയില്ല.'' എന്നാണ് അദ്ദേഹം പറഞ്ഞ മറുപടി.

2009-2014 കാലത്ത് മൻമോഹൻ സിങ് സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയായിരുന്നു പ്രണീത് കൗർ. നിലവിൽ പട്യാലയിൽനിന്നുള്ള എംപിയാണ്. ഇവരിൽനിന്ന് കോൺഗ്രസ് രാജി ആവശ്യപ്പെടുകയോ ഇവർ രാജിസന്നദ്ധത അറിയിക്കുകയോ ചെയ്തിട്ടില്ല. പ്രണീത് രാജിവച്ചാൽ ആ സീറ്റ് കൂടി എഎപി കൊണ്ടുപോകുമെന്ന പേടി കാരണം ആണ് അവരോട് രാദിവെയ്ക്കാൻ പറയാത്തതെന്നാണ് ബിജെപി ആരോപിച്ചിരിക്കുന്നത്.
അതേസമയം, അമരീന്ദറിനെക്കാൾ ബോധമുള്ളയാളാണ് പ്രണീത് കൗർ എന്ന് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായിരുന്ന മാർഗരറ്റ് ആൽവ ട്വീറ്റ് ചെയ്തു. അമരീന്ദറിനൊപ്പം മകൻ രണിന്ദർ സിങ്, മകൾ ജയ് ഇന്ദർ കൗർ, ചെറുമകൻ നിർവാൺ സിങ് എന്നിവരും ബിജെപിയിൽ ചേർന്നിരുന്നു.
അഞ്ച് പതിറ്റാണ്ട് കാലത്തെ ബന്ധം ഉപേക്ഷിച്ചാണ് അമരീന്ദർ അന്ന് കോൺഗ്രസ് വിട്ടത്. അതേസമയം കക്ഷി രാഷ്ട്രീയത്തിൽ ദേശീയ താൽപ്പര്യമാണ് സിംഗ് എപ്പോഴും കാത്തുസൂക്ഷിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. അമരീന്ദർ സിംഗ് ബിജെപിയിൽ ചേരുന്നത് അതിർത്തി സംസ്ഥാനമായ പഞ്ചാബിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
സെപ്തംബർ 12 ന് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം എടുത്തതെന്നും സിംഗ് പറഞ്ഞു. 'ദേശീയ സുരക്ഷ, പഞ്ചാബിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന്-ഭീകരവാദ കേസുകൾ, സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സമഗ്രവികസനം തുടങ്ങിയ വിഷയങ്ങളിൽ ഫലപ്രദമായ ചർച്ച അമിത് ഷായുമായി നടത്തിയെന്ന് അമരീന്ദർ സിംഗ് പറഞ്ഞു.












Click it and Unblock the Notifications