സ്വർണ വില മൂക്കുംകുത്തി വീണു; ഈ ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ..ഇനിയും കുറയും?
പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടരുന്നതിനിടെ ആഗോള വിപണിയിൽ സ്വർണവിലയിൽ വൻ ഇടിവ്. ഇറാനുമായുള്ള താൽക്കാലിക സമാധാന കരാർ ഏതാണ്ട് പൊളിഞ്ഞെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയാണ് സ്വർണത്തിന് വൻ തിരിച്ചടിയായത്. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് ഒന്നുലധികം ശതമാനം ഇടിഞ്ഞ് 4,063.67 ഡോളറിലേക്ക് താഴ്ന്നു. ജൂലൈ രണ്ടിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. യു.എസ് ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയും രണ്ടു ശതമാനത്തിനടുത്ത് ഇടിഞ്ഞ് ഔൺസിന് 4,074.80 ഡോളറിലെത്തി.
സാധാരണഗതിയിൽ യുദ്ധസാഹചര്യങ്ങളോ രാഷ്ട്രീയ അനിശ്ചിതത്വങ്ങളോ ഉണ്ടാകുമ്പോൾ നിക്ഷേപകർ സുരക്ഷിത താവളമെന്ന നിലയിൽ സ്വർണം വാരിക്കൂട്ടാറാണ് പതിവ്. എന്നാൽ ഇത്തവണ ചിത്രം മാറിമറിഞ്ഞു. പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണവും കരാർ റദ്ദാക്കിയെന്ന ട്രംപിന്റെ പ്രഖ്യാപനവും വിപണിയിൽ വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കിയത്.

യുദ്ധം വീണ്ടും കനക്കുന്നുവെന്ന തോന്നൽ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില അഞ്ച് ശതമാനത്തിലധികം കുതിച്ചുയരാൻ കാരണമായി. ഇന്ധനവില വർധിക്കുന്നത് ആഗോളതലത്തിൽ പണപ്പെരുപ്പം വീണ്ടും ഉയർത്തുമെന്നാണ് നിക്ഷേപകരുടെ ഭീതി. പണപ്പെരുപ്പം കൂടിയാൽ യു.എസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ ദീർഘകാലത്തേക്ക് ഉയർന്ന നിരക്കിൽ തന്നെ നിലനിർത്തുകയോ, അല്ലെങ്കിൽ സെപ്റ്റംബറിലെ യോഗത്തിൽ വീണ്ടും പലിശ കൂട്ടുകയോ ചെയ്യും.
പലിശഭാരം ഉയർന്നാൽ പലിശ ലഭിക്കാത്ത നിക്ഷേപമായ സ്വർണത്തിൽ നിന്ന് ആളുകൾ പിന്മാറുകയും കൂടുതൽ നേട്ടം തരുന്ന കടപ്പത്രങ്ങളിലേക്കും ബാങ്ക് നിക്ഷേപങ്ങളിലേക്കും പണമൊഴുക്കുകയും ചെയ്യും. ഇതാണ് സ്വർണവിലയെ പെട്ടെന്ന് വീഴ്ത്തിയത്. ഡോളർ കരുത്താർജ്ജിച്ചതും മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നവർക്ക് ചിലവേറിയതാക്കി.
ചൈനയുടെ വാങ്ങലും രൂപയുടെ മൂല്യവും
സ്വർണവിപണിയിൽ ഹ്രസ്വകാല നിക്ഷേപകർ പലിശനിരക്കിലേക്ക് നോക്കി ലാഭമെടുപ്പ് നടത്തുമ്പോഴും, കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത് ദീർഘകാലാടിസ്ഥാനത്തിൽ സ്വർണത്തിന് താങ്ങായേക്കും. വിദേശ കറൻസി നിക്ഷേപങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ചൈനീസ് കേന്ദ്രബാങ്ക് കഴിഞ്ഞ രണ്ടര വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ സ്വർണശേഖരണമാണ് ജൂണിൽ നടത്തിയത്.
ഇന്ത്യൻ വിപണിയെ സംബന്ധിച്ച് രാജ്യാന്തര വില മാത്രമല്ല നിർണ്ണായകം. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യവും ഇറക്കുമതി തീരുവയും വിപണിയെ സ്വാധീനിക്കും. ക്രൂഡോയിൽ വില ഉയർന്ന നിലയിൽ തുടർന്നാൽ ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് കൂടും. ഇത് രൂപയുടെ മൂല്യത്തെ ബാധിച്ചേക്കാം. രാജ്യാന്തര വിപണിയിലെ വിലയിടിവ് മറ്റ് ലോഹങ്ങളെയും ബാധിച്ചിട്ടുണ്ട്. വെള്ളി വില 2.37 ശതമാനം ഇടിഞ്ഞ് ഔൺസിന് 58.59 ഡോളറായി. പ്ലാറ്റിനം വില മൂന്ന് ശതമാനവും പലേഡിയം വില നാല് ശതമാനത്തോളവും ഇടിഞ്ഞു. യു.എസ് ഫെഡ് യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവരുന്നതോടെ പലിശകാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാകും, അതനുസരിച്ചാകും സ്വർണത്തിന്റെ അടുത്ത നീക്കം.












Click it and Unblock the Notifications