'മംഗളൂരു സ്റ്റേഷനിൽ എന്തിനാണ് മലയാളം ബോർഡ്', മാറ്റണമെന്ന് ബിജെപി മുൻ മുഖ്യമന്ത്രി..മറുപടിയുമായി മലയാളികൾ
മംഗളൂരു സ്റ്റേഷനിൽ മലയാളത്തിൽ ബോർഡ് വെച്ചതിനെതിരെ കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡ. യുടിഎസ് ആപ്പിനെ കുറിച്ച് മലയാളത്തിലുള്ള ബോർഡ് മാറ്റണമെന്നാണ് ആവശ്യം. ദക്ഷിണ കന്നഡ ഡിസ്ട്രിക്ട് റെയിൽവെ യൂസേഴ്സ് എന്ന പേജ് എക്സിൽ പങ്കുവെച്ച പരാതിയാണ് സദാനന്ദ ഗൗഡ പങ്കിട്ടത്. റെയിൽവെ മന്ത്രിയെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു പരാതി.
'അശ്വിനി വൈഷ്ണവ് സർ , ദക്ഷിണ കന്നഡയിലുള്ള മംഗളൂരു സെൻട്രെൽ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപം കന്നഡത്തിന് പകരം മലയാളത്തിൽ എഴുതിയ ബോർഡ് ആണ് പ്രദർശിപ്പിച്ചിരിക്കുന്നത്. തുളുവും കന്നഡയും ഉപയോഗിക്കുന്ന സാധാരണക്കാരനെ സംബന്ധിച്ച് ഇത് വെല്ലുവിളിയാണ്. ദയവ് ചെയ്ത് ഈ ബോർഡ് മാറ്റി കന്നഡയിൽ എഴുതിയ ബോർഡ് വെയ്ക്കണം', എന്നാണ് പരാതിയിൽ പറയുന്നത്.ഇത് പങ്കിട്ടാണ് സദാനന്ദ ഗൗഡയുടെ ട്വീറ്റ്.

'റെയിൽവേ മാർഗനിർദ്ദേശങ്ങൾ പ്രകാരം സ്റ്റേഷൻ ബോർഡ് ഇംഗ്ലീഷിലും ഹിന്ദിയിലും സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷയിലും വേണമെന്നാണ്. ഇവിടെ അത് കന്നഡയാണ്', എന്നാണ് ഗൗഡ കുറിച്ചത്. 'എന്തിനാണ് കർണാടകയിലെ സ്റ്റേഷനിൽ മലയാളം ബോർഡ്? കാസർഗോഡോ കണ്ണൂർ സ്റ്റേഷനിലെ കന്നഡയിൽ എഴുതിയ ബോർഡ് കാണാൻ സാധിക്കുമോ? തുളുവിൽ എഴുതിയ ബോർഡ് സ്വാഗതാർഹമാണ്. എന്നാൽ മലയാളം ബോർഡ് ഉചിതമല്ല. എത്രയും പെട്ടെന്ന് മലയാളം ബോർഡ് മാറ്റി കന്നഡ് ബോർഡ് വെയ്ക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്', എക്സിൽ ഗൗഡ കുറിച്ചു.
അതേസമയം കാസർഗോഡും മഞ്ചേശ്വരത്തുമുള്ള കന്നഡ എഴുതിയ സ്റ്റേഷൻ ബോർഡ് പങ്കുവെച്ചാണ് കർണാടക മുൻ മുഖ്യമന്ത്രിക്ക് മലയാളികൾ മറുപടി നൽകിയത്. അതിർത്തി പ്രദേശങ്ങളിലെ സ്ഥലങ്ങളിൽ ഇത് പതിവാണെന്നും മലയാളികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.












Click it and Unblock the Notifications