വിജയ് കോണ്‍ഗ്രസിനൊപ്പം ചേരുമോ? രാഹുല്‍ ഗാന്ധിയുടെ ഫോണ്‍, ചിദംബരത്തിന്റെ മറുപടി, ചര്‍ച്ച
ചെന്നൈ: കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തില്‍ ഗതിമാറ്റം സംഭവിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്. വിജയുടെ ടിവികെ പാര്‍ട്ടിയിലേക്ക് പാലമിടാന്‍ കോണ്‍ഗ്രസും ബിജെപിയും. ഡിഎംകെ കടുത്ത നടപടി വിജയിക്കെതിരെ എടുത്താല്‍ പിന്തുണ നല്‍കാന്‍ ബിജെപി ആലോചിക്കുന്നു എന്നാണ് ഒരു വിവരം. അതേസമയം, വിജയിയെ കുറ്റപ്പെടുത്താതെയാണ് കോണ്‍ഗ്രസിന്റെ നീക്കം.
ടിവികെയുമായി ബിജെപി നേതൃത്വം സംസാരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ഷമയോടെ കാര്യങ്ങള്‍ നീക്കണമെന്നും ഒറ്റപ്പെടില്ലെന്നും അവര്‍ ഉറപ്പു നല്‍കിയത്രെ. വിജയുടെ ആരാധകരെ കൂടെ നിര്‍ത്താനുള്ള ശ്രമവും ബിജെപി നടത്തുന്നു എന്നാണ് വിവരം. എന്നാല്‍ വിജയ് ഇതുവരെ പ്രചാരണം നടത്തിയത് ബിജെപിക്കെതിരെയാണ്. അവിടെയാണ് കോണ്‍ഗ്രസ് നീക്കങ്ങളും ചര്‍ച്ചയാകുന്നത്...

കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വങ്ങള്‍ വിജയിക്കും ടിവികെക്കും എതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ ദേശീയ നേതൃത്വം പക്വതയോടെയാണ് പ്രതികരിച്ചത്. രാഹുല്‍ ഗാന്ധി വിജയിയെ ഫോണില്‍ ബന്ധപ്പെട്ടത് അനുശോചനം അറിയിക്കാന്‍ മാത്രമല്ല എന്ന നിരീക്ഷണവുമുണ്ട്. അതൊരു പാലമിടലാണെന്നും പറയപ്പെടുന്നു.
ദുരന്തമുണ്ടായ ശേഷം തമിഴ്‌നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം നടത്തിയ പ്രതികരണവും ചര്‍ച്ചയായിരുന്നു. ടിവികെ, വിജയ് എന്നിവരെ വിമര്‍ശിക്കാതെയാണ് അദ്ദേഹം മറുപടി പറഞ്ഞത്. മാത്രമല്ല, വലിയ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ട ആവശ്യം അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു.
വിജയുടെ പരിപാടികള്‍ക്ക് ആയിരക്കണക്കിന് ആളുകളാണ് എത്തിയിരുന്നത്. കൂടുതലും യുവാക്കളും വനിതകളുമാണ്. അതുകൊണ്ടുതന്നെ മറ്റു പാര്‍ട്ടികള്‍ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. വിജയുടെ പിന്നില്‍ ശക്തമായ ജനക്കൂട്ടമുണ്ട് എന്ന് അവര്‍ വിശ്വസിക്കുന്നു. അവരെ കൂടെ നിര്‍ത്താനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും നടത്തുന്നത്.
സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനമാണ് തമിഴ്‌നാട്. പിന്നീടാണ് ഡിഎംകെയുടെ വരവ്. അതില്‍ നിന്ന് അണ്ണാഡിഎംകെയും വന്നു. ഇതോടെ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിച്ചു. 1967ല്‍ ഡിഎംകെയും 1977ല്‍ അണ്ണാഡിഎംകെയും മികച്ച വിജയം നേടി അധികാരത്തിലെത്തിയത് അവരുടെ ആദ്യ തിരഞ്ഞെടുപ്പുകളിലായിരുന്നു. സമാനമായ നീക്കം വിജയിലൂടെ ആവര്‍ത്തിക്കുമോ എന്ന ചര്‍ച്ചയും ഇത്തവണ നടക്കവെയാണ് ദുരന്തമുണ്ടായത്.
വിജയ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അദ്ദേഹം രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചയ്ക്ക് ശ്രമിച്ചുവെന്നും വാര്‍ത്ത വന്നിരുന്നു. ഡിഎംകെ, ബിജെപി എന്നീ പാര്‍ട്ടികളെ ശക്തമായി വിമര്‍ശിക്കുന്ന വിജയ് പക്ഷേ, കോണ്‍ഗ്രസിനോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്. ഡിഎംകെയുടെ കീഴില്‍ നില്‍ക്കുന്ന പാര്‍ട്ടിയാകാതെ, വിജയ്‌ക്കൊപ്പം നില്‍ക്കാന്‍ സാധിക്കുന്നത് നേട്ടമാകുമെന്ന് കരുതുന്ന കോണ്‍ഗ്രസ് നേതാക്കളും തമിഴ്‌നാട്ടിലുണ്ട്.












Click it and Unblock the Notifications