സമരം ആളിക്കത്തുമ്പോൾ രാഹുൽ ഗാന്ധി എവിടെ? വിജയ്‌ക്കൊപ്പം കഫേയിൽ കാപ്പികുടി, വീഡിയോ വൈറൽ, വിമർശനം
ചെന്നൈ: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുളള പ്രതിഷേധത്താല്‍ സംഘര്‍ഷഭരിതമായിരിക്കുകയാണ് രാജ്യതലസ്ഥാനമായ ഡല്‍ഹി. കോക്രോച്ച് ജനതാ പാര്‍ട്ടിയും സിപിഎമ്മും ഐസയും എസ്എഫ്‌ഐയും ആം ആദ്മി പാര്‍ട്ടിയും അടക്കമുളളവര്‍ സമരമുഖത്ത് സജീവമായുണ്ട്. നേതാക്കളെല്ലാവരും കരുതല്‍ തടങ്കലില്‍ ആയെങ്കിലും പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധമാണ് ഡല്‍ഹിയിലെ വിവിധയിടങ്ങളിലായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.
ഈ സമയത്ത് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്ന പ്രധാനപ്പെട്ടൊരു ചോദ്യമാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും എവിടെ എന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധം നടത്തിയിരുന്നു.
എന്നാല്‍ ഇന്ന് സിപിഎമ്മും ആം ആദ്മി പാര്‍ട്ടിയും അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ സിജെപിക്കൊപ്പം സമരത്തിന് ഇറങ്ങിയപ്പോള്‍ കോണ്‍ഗ്രസിനെയോ രാഹുല്‍ ഗാന്ധിയേയോ കാണാനില്ല. ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി നിലയില്‍ ഡല്‍ഹിയില്‍ ഇല്ല, അദ്ദേഹം ചെന്നൈയിലാണ്.

രാഹുല്‍ ഗാന്ധിയും തമിഴ്‌നാട് മുഖ്യമന്ത്രി വിജയും ഒരുമിച്ചുളള ഒരു റെസ്റ്റോറന്റില്‍ നിന്നുളള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. യുവാക്കളുമായി സംവദിക്കുന്ന ഛാത്രോം കി ഗൂഞ്ച് എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധി ചെന്നൈയില്‍ എത്തിയിരിക്കുന്നത്. അതിന് മുന്‍പായി മുഖ്യമന്ത്രി വിജയുമായി അദ്ദേഹത്തിന്റെ നീലാങ്കരയിലുളള ബംഗ്ലാവിലെത്തി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി.
ഏതാണ്ട് ഒരു മണിക്കൂറോളം രാഹുല്‍ ഗാന്ധി വിജയ്‌ക്കൊപ്പം സമയം ചിലവഴിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയം അടക്കം നിരവധി വിഷയങ്ങളില്‍ ചര്‍ച്ച നടന്നുവെന്നും സൂചനയുണ്ട്. അതിന് ശേഷം നീലാങ്കരയില്‍ തന്നെയുളള പ്രമുഖ ക്രിക്കറ്റ് താരത്തിന്റെ ഉടമസ്ഥതയിലുളള കഫേയിലേക്കാണ് ഇരുവരും പോയത്. ഇവിടെ നിന്ന് ഇരുവരും കാപ്പുച്ചിനോയും തിരാമിസുവും കുക്കീസും കഴിച്ച ശേഷമാണ് തിരിച്ച് പോയത്.
കഫേയില്‍ വെച്ച് ഇരുവരും ആരാധകരെ അഭിവാദ്യം ചെയ്യുന്നതും ഫോട്ടോകള്‍ എടുക്കുന്നതുമായ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. കഫേയില്‍ നിന്ന് ചെന്നൈയില്‍ താമസിക്കുന്ന ഹോട്ടലിലേക്ക് രാഹുല്‍ ഗാന്ധി മടങ്ങി. വൈകിട്ട് ഐലന്‍ഡ് ഗ്രൗണ്ടിലാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ഛാത്രോം കി ഗൂഞ്ച് പരിപാടി. വീഡിയോ പുറത്ത് വന്നതോടെ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
Aura-maxxing by Rahul Gandhi — Vijay duo 🔥 https://t.co/q7HbaA17bF
— Shantanu (@shaandelhite) October 10, 2026
ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാരിനെതിരെ യുവാക്കള്‍ തെരുവില്‍ പൊരുതുമ്പോള്‍ രാഹുല്‍ ഗാന്ധി അവിടെ വേണമായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം രണ്ട് ദിവസത്തെ സമരത്തിന് ശേഷം കോണ്‍ഗ്രസ് അടക്കം ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളിലെ എംപിമാര്‍ക്കും മറ്റ് ജനപ്രതിനിധികള്‍ക്കും സ്വന്തം മണ്ഡലങ്ങളിലെ കാര്യങ്ങള്‍ക്കായി മടങ്ങിപ്പോകാനുളള ഇടവേളയാണ് ഇന്ന് അനുവദിച്ചിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുളള വിശദീകരണം.


Click it and Unblock the Notifications
