'രാഹുൽ ഗാന്ധിയുടെ ആറ്റംബോംബുകളൊന്നും പൊട്ടുന്നില്ലല്ലോ', പരിഹസിച്ച് കിരൺ റിജിജു
ന്യൂ ഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ വലിയ ക്രമക്കേട് നടന്നു എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ തിരിച്ചടിച്ച് ബിജെപി. കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ആണ് രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. രാഹുല്‍ ഗാന്ധി ഗൗരവമായ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത് എന്ന് കിരണ്‍ റിജിജു പ്രതികരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറില്‍ രാഹുല്‍ ഗാന്ധിക്ക് പറയാന്‍ വിഷയങ്ങളൊന്നും അവശേഷിക്കുന്നില്ലെന്നത് വ്യക്തമാണ്. അതുകൊണ്ട് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ഹരിയാനയിലെ വിഷയം ഉയര്‍ത്തിക്കൊണ്ട് വരുന്നത്. തീരെ പ്രസക്തമല്ലാത്ത വിഷയങ്ങളെ കുറിച്ച് അദ്ദേഹം പ്രസന്റേഷന്‍ വരെ തയ്യാറാക്കിയിരിക്കുന്നു. അതൊക്കെ വ്യാജമായത് കൊണ്ട് അതിനെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഒരു വിദേശവനിതയുടെ പേര് വരെ രാഹുല്‍ പറയുന്നത് കേട്ടു, കിരണ്‍ റിജിജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോകും. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ രഹസ്യമായി കംബോഡിയയിലും തായ്‌ലന്റിലും പോകും. ഇപ്പോള്‍ ബീഹാര്‍ തിരഞ്ഞെടുപ്പ് സമയത്ത് രാഹുല്‍ കൊളംബിയയിലേക്ക് പോയി. അങ്ങനെ വിദേശത്ത് പോയി വരുമ്പോള്‍ രാഹുല്‍ ഗാന്ധി അവിടെ നിന്ന് ചില ആശയങ്ങളുമായി വരും, അത് അദ്ദേഹത്തിന്റെ ടീമിന് കൈമാറും. അവര്‍ ചില അടിസ്ഥാനരഹിതമായ കഥകളുണ്ടാക്കും, മറ്റുളളവരുടെ സമയം കളയും, മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയക്കാര്‍ ഗൗരവമുളള വിഷയങ്ങളെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. അല്ലാതെ ഇത്തരം നിസ്സാര കാര്യങ്ങളെക്കുറിച്ചല്ല. ഇതാണ് രാഹുല്‍ ഗാന്ധിക്ക് നല്‍കാനുളള ഉപദേശം എന്നും കിരണ്‍ റിജിജു പറഞ്ഞു. മാത്രമല്ല ഇന്ത്യാ വിരുദ്ധ ശക്തികളുമായി ചേര്‍ന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനമെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു. രാഹുല്‍ ഗാന്ധി ഇപ്പോള്‍ കളിക്കുന്ന ഈ കളി വിജയിക്കാന്‍ പോകുന്നില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു.
രാഹുല്‍ ഗാന്ധി ജെന്‍സി തലമുറയെ പ്രകോപിപ്പിക്കാനുളള ശ്രമം ആണ് നടത്തുന്നത്. എന്നാല്‍ രാജ്യത്തെ യുവാക്കള്‍ ബുദ്ധിമാന്മാരാണ് എന്നും അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആറ്റംബോംബ് പൊട്ടിത്തെറിക്കുമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാല്‍ രാഹുലിന്റെ ആറ്റംബോംബ് എന്തുകൊണ്ടാണ് ഒരിക്കലും പൊട്ടിത്തെറിക്കാത്തത്. ഒരു കാര്യവും അദ്ദേഹം ഗൗരവത്തോടെ എടുക്കുന്നില്ലെന്നും ഹൈഡ്രജന്‍ ബോംബ് പൊട്ടിത്തെറിക്കുമെന്ന് പറഞ്ഞ് വരികയാണെന്നും മന്ത്രി പരിഹസിച്ചു.












Click it and Unblock the Notifications