അര്‍ജന്റീന തോറ്റാല്‍ അക്കൗണ്ടിലെ പണം പോകുമോ..? ട്രെന്‍ഡിംഗായി എസ്ബിഐ പാസ്ബുക്ക്
മുംബൈ: ഖത്തര്‍ ലോകകപ്പ് അതിന്റെ എല്ലാ ആവേശവും ബാക്കിയാക്കി അവസാന പോരാട്ടത്തിലേക്ക് കടക്കുകയാണ്. 32 ടീമുമകളില്‍ നിന്ന് 30 ടീമുകളും കിരീടത്തിനായുള്ള മത്സരത്തില്‍ നിന്ന് പുറത്തായി കഴിഞ്ഞു. ഇനി അര്‍ജന്റീനയും ഫ്രാന്‍സും മാത്രമാണ് അവശേഷിക്കുന്നത്.
ഒരു മാസത്തോളം നീണ്ട് നിന്ന ആവേശ പോരിന് ഒടുവില്‍ ലോക ഫുട്‌ബോളിന്റെ നെറുകയില്‍ ആര് ആദ്യം എത്തും എന്ന് ഞായറാഴ്ച അറിയാം. എന്നാല്‍ അര്‍ജന്റീന ലോകകപ്പില്‍ എത്തിയതിന് പിന്നാലെ എസ് ബി ഐയുടെ പാസ്ബുക്കാണ് ട്വിറ്ററില്‍ ട്രെന്‍ഡിംഗാവുന്നത്. അര്‍ജന്റീനയുടെ ദേശീയ പതാകയുടെയും ടീമിന്റെ ജേഴ്സിയുടെയും നിറവുമായുള്ള സാമ്യമാണ് എസ് ബി ഐ പാസ്ബുക്കിനെ ലോകകപ്പിന് ഇടയില്‍ ട്രെന്‍ഡിംഗാക്കിയിരിക്കുന്നത്.

എസ് ബി ഐ പാസ്ബുക്കുമായുള്ള സാമ്യം കാരണം സോഷ്യല്‍ മീഡിയയില്‍ പലരും രസകരമായ ട്വീറ്റുകള്‍ പങ്കുവെക്കുന്നുണ്ട്. ന്ത്യക്കാര്‍ അര്‍ജന്റീനന്‍ ടീമിനെ ഇത്ര അധികം പിന്തുണക്കാന്‍ കാരണം എസ് ബി ഐ അര്‍ജന്റീനയുടെ ഒഫീഷ്യല്‍ പാര്‍ട്ണര്‍ ആണ് എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

അതേസമയം എസ് ബി ഐയിലെ ലഞ്ച് ടൈമും അര്‍ജന്റീനയുടെ മുഴുവന്‍ മത്സരത്തിന്റേയും സമയവും ഒരുപോലെ ആണ് എന്നാണ് മറ്റൊരാള്‍ വിമര്‍ശിക്കുന്നത്. അര്‍ജന്റീന തോറ്റാല്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടമാകുമോ എന്ന ഭയമാണ് ഇന്ത്യക്കാര്‍ അര്‍ജന്റീനയെ പിന്തുണക്കാന്‍ കാരണം എന്നാണ് മറ്റൊരാള്‍ പറയുന്നത്.

ഇതിഹാസ താരം ലയണല്‍ മെസിക്ക് ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് ആരാധകരുണ്ട്. ലോകകപ്പ് തുടങ്ങിയ സമയത്ത് കേരളത്തിലെ പുള്ളാവൂരിലെ മെസിയുടെ പുഴക്ക് നടുവില്‍ വെച്ച കൂറ്റന്‍ കട്ടൗട്ട് അര്‍ജന്റീനന്‍ ടീം ഔദ്യോഗിക അക്കൗണ്ടില്‍ പങ്ക് വെച്ചിരുന്നു.

ഇത് തന്റെ അവസാന ലോകകകപ്പാണ് എന്ന് മെസി പ്രഖ്യാപിച്ചതോടെ ലോകകിരീടം ഉയര്‍ത്തി മെസി ബൂട്ടഴിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. പെലെ, മറഡോണ, റൊണാള്‍ഡോ, സമകാലീനായ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ക്കൊപ്പം ഫുട്‌ബോളിലെ ഇതിഹാസം എന്നാണ് 35 കാരനായ മെസിയെ വിശേഷിപ്പിക്കുന്നത്.

2014 ലെ ലോകകപ്പില്‍ അര്‍ജന്റീന ഫൈനലില്‍ എത്തിയിരുന്നെങ്കിലും ജര്‍മനിയോട് തോറ്റ് മടങ്ങുകയായിരുന്നു. 1978 ലും 1986 ലും അര്‍ജന്റീന ലോകകപ്പ് കിരീടം നേടിയിട്ടുണ്ട്. ഞായറാഴ്ച ഇന്ത്യന്‍ സമയം എട്ടരക്ക് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുന്നത്.












Click it and Unblock the Notifications