അപമാനിച്ചു? നരേന്ദ്ര മോദിയെ ശിവസേന ബഹിഷ്‌കരിച്ചു!
മുംബൈ: പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെ അപമാനിച്ചു എന്നാരോപിച്ച് ശിവസേന പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ബഹിഷ്‌കരിച്ചു. ഞായറാഴ്ച നടക്കേണ്ട പരിപാടികള്‍ക്ക് ശനിയാഴ്ച മാത്രമാണ് ഉദ്ധവ് താക്കറെയ്ക്ക് ക്ഷണം ലഭിച്ചത്. അപ്പോഴേക്കും താക്കറെ മറ്റ് പരിപാടികള്‍ക്ക് സമ്മതം മൂളിയിരുന്നു. -പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികള്‍ ബഹിഷ്‌കരിച്ചതിന് ശിവസേന നല്‍കിയ വിശദീകരണമാണിത്.
അവിടം കൊണ്ടും തീര്‍ന്നില്ല മഹാരാഷ്ട്രയില്‍ ബി ജെ പി സര്‍ക്കാര്‍ നിര്‍മിക്കാന്‍ പോകുന്ന അംബേദ്കര്‍ സ്മാരകം ബിഹാറില്‍ വോട്ട് കിട്ടാനുള്ള തന്ത്രമാണ് എന്നും ശിവേസന പറഞ്ഞുകളഞ്ഞു. ഞായറാഴ്ച മുംബൈയിലെത്തിയ നരേന്ദ്ര മോദി ഇന്ദു മില്‍സിലാണ് അംബേദ്കര്‍ സ്മാരകത്തിന് തറക്കല്ലിട്ടത്. ബിഹാറില്‍ ശിവസേനയും ബി ജെ പിയും വെവ്വേറെയാണ് മത്സരിക്കുന്നത്.

നവി മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് ട്രസ്റ്റില്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍, രണ്ട് മെട്രോ റെയില്‍ തുടങ്ങിയവയുടെ ഉദ്ഘാടനത്തിനായാണ് മോദി മഹാരാഷ്ട്രയില്‍ എത്തിയത്. ഇത്തരം കണ്‍കെട്ട് പരിപാടികളല്ല തങ്ങളുടെത് എന്നാണ് ശിവസേനയുടെ ലൈന്‍. കര്‍ഷകര്‍ക്ക് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ് ശിവസേന - ബീഡില്‍ ഒരു പരിപാടിയില്‍ പ്രസംഗിക്കവേ ഉദ്ധവ് താക്കറെ പറഞ്ഞു.
ഇത് ബി ജെ പിയുടെ പരിപാടികളാണോ അതോ സര്‍ക്കാര്‍ പരിപാടികളാണോ - ഉദ്ധവ് താക്കറെയ്‌ക്കൊപ്പം ഉണ്ടായിരുന്ന സേന നേതാവ് രാംദാസ് കാദം ചോദിച്ചു. സര്‍ക്കാര്‍ പരിപാടി ആയിരുന്നെങ്കില്‍ എന്ത് കൊണ്ട് സേന നേതാക്കളെ വേണ്ട പോലെ ക്ഷണിച്ചില്ല. നേതാവിനെ ശരിക്ക് ക്ഷണിക്കാത്ത പരിപാടിക്ക് പാര്‍ട്ടി പങ്കെടുക്കുന്ന പ്രശ്‌നമില്ല - മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ബി ജെ പിക്കൊപ്പം അധികാരം പങ്കിടുന്ന പാര്‍ട്ടിയാണ് ശിവസേന.












Click it and Unblock the Notifications