മോദി കാബിനറ്റ് വികസനം: സുഷമ സ്വരാജ് സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചു?
ദില്ലി: സുഷമ സ്വരാജ് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ചു - എന്ന് വായിക്കാന്‍ വരട്ടെ. അങ്ങനെ ഒരു തലക്കെട്ട് ഇടരുത് എന്നാണ് സുഷമ സ്വരാജിന് മാധ്യമ പ്രവര്‍ത്തകരോട് പറയാനുള്ളത്. മാധ്യമങ്ങളേ, ഈ തലക്കെട്ട് ഒഴിവാക്കൂ: സുഷമ സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചു - കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് ഈ സന്ദേശം കുറിച്ചത്.
എന്തുകൊണ്ട് താന്‍ സത്യപ്രതിജ്ഞ ചടങ്ങിന് എത്തില്ല എന്നും സുഷമ സ്വരാജ് തന്നെ പറയുന്നുണ്ട്. ഹംഗറിയുടെ വിദേശ കാര്യമന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളതിനാലാണ് സുഷമയ്ക്ക് രാഷ്ട്രപതി ഭവനിലെ പരിപാടിക്ക് എത്താനാവാതെ വന്നത്. പുതിയതായി മന്ത്രിസഭയിലെത്തുന്ന ഓരോരുത്തരേയും സുഷമ തന്റെ അഭിനന്ദനം അറിയിച്ചു. ഇത് സംബന്ധിച്ച് മൂന്ന് ട്വീറ്റുകളാണ് സുഷമ ചൊവ്വാഴ്ച രാവിലെ പോസ്റ്റ് ചെയ്തത്.

രാവിലെ 11 മണിക്കായിരുന്നു രാഷ്ട്രപതി ഭവനില്‍ 19 പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. 2014 മെയ് മാസത്തില്‍ അധികാരത്തിലെത്തിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രധാന മന്ത്രിസഭ അഴിച്ചുപണിയാണ് ഇത്. ഇതിന് മുമ്പത്തെ മന്ത്രിസഭാ വികസനം 2014 നവംബറിലായിരുന്നു. മനോഹര്‍ പരീക്കര്‍, സുരേഷ് പ്രഭു എന്നിവരടക്കം നാല് പേരാണ് അന്ന് കേന്ദ്ര മന്ത്രിസഭയിലെത്തിയത്.
നേരത്തെ കേന്ദ്ര സഹമന്ത്രിയായിരുന്ന പ്രകാശ് ജാവേദ്ക്കറിന് ഇപ്പോള്‍ ക്യാബിനറ്റ് പദവി നല്‍കിയിട്ടുണ്ട്. മഹേന്ദ്രനാഥ് പാണ്ഡേ, കൃഷ്ണ രാജ്, അനുപ്രിയ പട്ടേല്‍, വിജയ് ഗോയല്‍, അര്‍ജ്ജുന്‍ റാം മെഗ്വാള്‍, സി ആര്‍ ചൗധരി, പി പി ചൗധരി, എം ജെ അക്ബര്‍, ഫഗ്ഗം സിങ് കുലസ്തെ, അനില്‍ മാധവ്. മന്‍സുഖ് എല്‍ മാണ്ഡവിയ, പുരുഷോത്തം രുപാല, ജസ്വത്ത് സിങ് ഭാഭോര്‍, രാം ദാസ് അതാവലെ, സുഭാഷ് ഭാമര്‍,എസ് എസ് അലുവാലിയ, അജയ് താംത, രാജന്‍ ഗോഹന്‍ എന്നിവരാണ് സത്യ പ്രതിജ്ഞ ചെയ്ത പുതിയ മന്ത്രിമാര്‍












Click it and Unblock the Notifications