പാക്കിസ്ഥാനുള്ള തിരിച്ചടിക്ക് എന്തുകൊണ്ട് 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേര് നൽകി? അറിയാം
പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ് ഇന്ത്യ. അർധരാത്രിയിൽ പാക്കിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങൾ തകർത്തുകൊണ്ടാണ് ഇന്ത്യ തിരിച്ചടിച്ചത്. ഓപ്പറേഷൻ സിന്ദൂർ എന്ന് പേര് നൽകിയായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം. സ്ത്രീകളുടെ സിന്ദൂരത്തെ മായ്ച്ച് കളഞ്ഞ് അവരെ കണ്ണീരിലേക്ക് തള്ളിവട്ടതിന് പ്രതികാരം എന്ന നിലയ്ക്കാണ് ആ പേര് നൽകിയത്.
പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരും പുരുഷൻമാരായിരുന്നു. സ്വന്തം ഭാര്യമാരുടെ കൺമുന്നിൽ വെച്ചായിരുന്നു പലരേയും ഭീകരർ കൊലപ്പെടുത്തിയത്. തങ്ങളേയും കൊന്നുകളയൂവെന്ന് ഭാര്യമാർ പറഞ്ഞപ്പോൾ നിങ്ങളെ വെറുതെ വിടുന്നത് മോദിയോട് പോയി പറയാൻ ആണെന്നായിരുന്നു ഭീകരുടെ മറുപടി.

അതുകൊണ്ട് തന്നെ പുരുഷൻമാരെ തിരഞ്ഞുപിടിച്ച് കണ്ണീരിലേക്ക് തള്ളിവിട്ട ഭീകരർക്ക് മറുപടി നൽകുകയും അതുവഴി നീതി ഉറപ്പാക്കുകയുമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം ലക്ഷ്യം വെച്ചത്. ആക്രമണത്തിന് തൊട്ട് പിന്നാലെ നീതി നടപ്പായി എന്നായിരുന്നു ഇന്ത്യൻ സൈന്യം ട്വീറ്റ് ചെയ്തത്.
ബുധനാഴ്ച പുലർച്ചെയായിരുന്നു ഇന്ത്യ തിരിച്ചടിച്ചത്. നിരോധിത സംഘടനയായ ജയ്ഷ ഇ മുഹമ്മദിന്റേയും, ലഷ്കർ ഇ തൊയിബ, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ സംഘടനകളുടേയും 9 കേന്ദ്രങ്ങളാണ് സൈന്യം തകർത്തത്. നിരോധിത ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള ബഹവൽപൂരിലെ മർകസ് സുബ്ഹാൻ അല്ലാ, ടെഹ്‌റ കലാനിലെ സർജൽ, കോട്‌ലിയിലെ മർകസ് അബ്ബാസ്, മുസാഫറാബാദിലെ സയ്യിദ്‌ന ബിലാൽ ക്യാമ്പ് എന്നിവയാണ് ഇന്ത്യ തകർത്തത്. ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധപ്പെട്ട മുർദിക്കെയിലെ മർകസ് തായ്‌ബ, ബർണാലയിലെ മർകസ് അഹ്‌ലെ ഹദീസ്, മുസാഫറാബാദിലെ ഷ്വായ് നല്ല ക്യാമ്പുകളും ഇല്ലാതാക്കിയതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. തകർത്ത 9 ഭീകര കേന്ദ്രങ്ങളിൽ 4 എണ്ണം പാക്കിസ്ഥാനിലും 9 എണ്ണ പാക് അധീന കാശ്മീരിലുമാണ്.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയിൽ 19 പേർ പാക്കസ്ഥാനിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ തന്റെ 10 കുടുംബാങ്ങളും 4 അടുപ്പക്കാരും മരിച്ചതായി ജയ്ഷ ഇ മുഹമ്മദ് ഭീകരൻ മസൂദ് അസർ വ്യക്തമാക്കിയിട്ടുണ്ട്. അസ്റിന്റെ മൂത്ത സഹോദരിയും ഭർത്താവും, ഒരു അനന്തരവനും ഭാര്യയും, മറ്റൊരു അനന്തരവളും, കുടുംബത്തിലെ അഞ്ച് കുട്ടികളും ആണ് മരിച്ചതെന്നാണ് അസറിനെ ഉദ്ദരിച്ചുള്ള ബി ബി സി ഉർദു റിപ്പോർട്ടിൽ പറയുന്നത്. സുബ്ഹാൻ അല്ല ക്യാമ്പസിലായിരുന്നു ഇവർ ഉണ്ടായിരുന്നത്. ബഹവൽപൂരിലെ ഇയാളുടെ വസതിയിൽ ഉണ്ടായിരുന്ന 14 പേർ കൂടി കൊല്ലപ്പെട്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
അസ്ഹറിന്റെയും അമ്മയുടെയും അടുത്ത സഹായിയും മറ്റ് രണ്ട് അടുത്ത അനുയായികളും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. 2002 ലെ പാർലമെന്റ് ആക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരനാണ് അസഹർ. നാളുകളായി ഇയാൾ എവിടെയാണെന്നത് സംബന്ധിച്ച് വിവരം ഉണ്ടായിരുന്നില്ല. 2024 ന്റെ അവസാനമാണ് ഇയാൾ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. ഇന്ത്യൻ ഇന്റലിജൻസ് ഇയാളെ കുറിച്ച് നിരീക്ഷിച്ച് വരികയായിരുന്നുവെന്നും ആക്രമണ സമയത്ത് ഇയാൾ പ്രദേശത്ത് ഉണ്ടായിരുന്നുവെന്നുമാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ട്.
അതേസമയം അതിർത്തി കടന്നുള്ള ഭീകരതക്കുള്ള മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണം പാകിസ്ഥാനും തീവ്രവാദികളും തമ്മിലുള്ള ബന്ധം തുറന്നുകാട്ടി. ഇനിയും ഇന്ത്യയ്ക്കെതിരെ കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് സൂചന ലഭിച്ചിരുന്നു. അത് തടയുകയും ഭീകരവാദത്തെ നേരിടുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന ബോധ്യത്തിലാണ് ആക്രമണം നടത്തിയതെന്നും കേന്ദ്രം വിശദീകരിച്ചു.












Click it and Unblock the Notifications