പ്രധാനമന്ത്രിയും കൈവിട്ടു; നിരോധനത്തില്‍ ഇടപെടില്ലെന്ന്, ജെല്ലിക്കെട്ട് ഇനി കത്തും, തമിഴ്‌നാടും!
ജെല്ലിക്കെട്ട് വിവാദം സുപ്രിംകോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് ഈ സമയത്ത് വിഷയത്തില്‍ ഇടപെടുന്നത് ഉചിതമാവില്ല.
ദില്ലി: തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് വിഷയത്തില്‍ ഇടപെടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ വിശദീകരിക്കാനും വിഷയത്തില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നു അഭ്യര്‍ഥിച്ചും എത്തിയ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തോടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ജെല്ലിക്കെട്ട് വിവാദം സുപ്രിംകോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് ഈ സമയത്ത് വിഷയത്തില്‍ ഇടപെടുന്നത് ഉചിതമാവില്ല. ജെല്ലിക്കെട്ടിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ഇടപെടാന്‍ നിലവില്‍ പരിമിതിയുണ്ടെന്നും മോദി പറഞ്ഞു. സംസ്ഥാനത്തുള്ളവര്‍ സമാധാനം പാലിക്കണമെന്നും അനുകൂലമായ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രി പനീര്‍ശെല്‍വം പറഞ്ഞു.

തമിഴ്‌നാട് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവും. തമിഴ്‌നാട്ടിലെ കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക കേന്ദ്ര സംഘത്തെ നിയോഗിക്കുമെന്നും മോദി പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.

സുപ്രിംകോടതിയാണ് ജെല്ലിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനെതിരേ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടാണ് പ്രതിഷേധം. വെള്ളിയാഴ്ച കോടതി നടപടികളില്‍ നിന്നുവിട്ടുനില്‍ക്കുമെന്ന് മദ്രാസ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രഖ്യാപിച്ചു.

ആമ്പൂരില്‍ വിദ്യാര്‍ഥികള്‍ ശീതള പാനീയങ്ങള്‍ നിലത്തൊഴിച്ച് പ്രതിഷേധിച്ചു. പ്രതിഷേധം കത്തുന്ന പശ്ചാത്തലത്തില്‍ എംജിആറിന്റെ ജന്‍മദിനത്തോടനുബന്ധിച്ച പൊതുപരിപാടികളെല്ലാം അണ്ണാ ഡിഎംകെ റദ്ദാക്കി. ജെല്ലിക്കെട്ട് നിരോധനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെല്ലൂര്‍ കോട്ടക്ക് മുമ്പില്‍ ആയിരത്തോളം വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയാണ്.

തമിഴ്‌നാടിന്റെ വികാരം മാനിച്ച് പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കണമെന്നായിരുന്നു മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പ്രധാനമന്ത്രിയെ കണ്ട് അഭ്യര്‍ഥിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പ്രത്യേക ഉറപ്പൊന്നും കൊടുത്തില്ലെന്നാണ് വിവരം.

വിഷയം അടിയന്തരമായി പരിഗണക്കണമെന്ന ഹരജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. വിഷയം കൈകാര്യം ചെയ്യുന്ന കോടതിയെ സമീപിക്കാന്‍ ഹരജിക്കാരനോട് നിര്‍ദേശിച്ചു.

മധുരയില്‍ പ്രതിഷേധം വ്യാപിക്കുകയാണ്. വ്യാപാരികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. മറീന ബീച്ചില്‍ രണ്ടാം ദിനവും ജനങ്ങള്‍ തമ്പടിച്ചിരിക്കുകയാണ്. വിദേശത്ത് നിന്നും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

തിങ്കളാഴ്ച വരെ വിദ്യാര്‍ഥികള്‍ക്ക് അവധിയായിരിക്കുമെന്ന് സത്യഭാമ സര്‍വകലാശാല പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ സമരത്തില്‍ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് അവധി. അതേസമയം ഓര്‍ഡിനന്‍സ് ഇറക്കിയില്ലെങ്കിലും ജനുവരി 26ന് ജെല്ലിക്കെട്ട് നടത്തുമെന്ന് പിഎംകെ അറിയിച്ചു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടന്‍ സത്യരാജും രംഗത്തെത്തിയിട്ടുണ്ട്. സൂര്യയും വിജയുമുള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞദിവസം പിന്തണ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications