'മുസ്ലീം നേതാവിനെ കോൺഗ്രസ് അധ്യക്ഷനാക്കുമോ? വഖഫ് നിയമം ഭൂമി കൊള്ള അവസാനിപ്പിക്കും'; മോദി
ഹരിയാനയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രമാണ് കോൺഗ്രസ് ഭരണഘടനയെ ഉപയോഗിച്ചിട്ടുള്ളൂവെന്നും അംബേദ്കറിന്റെ ആശയങ്ങൾ ഉയർത്തിപ്പിടക്കുന്നതിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടുവെന്നും മോദി പറഞ്ഞു. വഖഫ് നിയമഭേദഗതിയെ എതിർത്ത് 'രാഷ്ട്രീയത്തിലെ വൈറസ്' പ്രചരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. പട്ടികജാതിക്കാരെയും പട്ടികവർഗക്കാരെയും പാർട്ടി രണ്ടാം തരം പൗരൻമാരായാണ് ഇത്രയും നാൾ കണക്കാക്കിയതെന്നും ഡോ ബിആർ അംബേദ്കറുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ മോദി വിമർശിച്ചു.
'അധികാരം പിടിക്കാനുള്ള ആയുധമായി മാത്രമാണ് കോൺഗ്രസ് ഭരണഘടനയെ ഉപയോഗിച്ചത്. അടിയന്തരാവസ്ഥ കാലത്ത് ഭരണം നിലനിർത്താൽ ഭരണഘടനയെ തന്നെ കൊലപ്പെടുത്തി. ഭരണഘടന മതേതര സിവിൽ കോഡിനെക്കുറിച്ചാണ് പറയുന്നത്. എന്നാൽ കോൺഗ്രസ് അത് നടപ്പാക്കാൻ തയ്യാറായില്ല. ഇന്നിപ്പോൾ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ബിജെപി നടപ്പാക്കി. നിർഭാഗ്യവശാൽ കോൺഗ്രസ് അതിനെ എതിർക്കുകയാണ്. സംവരണത്തെ എതിർക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. അർഹതപ്പെട്ട സമുദായങ്ങൾക്ക് ആനുകൂല്യമെത്തിക്കുന്നതിൽ അവർ പരാജയപ്പെട്ടു.

സംവരണത്തിന്റെ ആനുകൂല്യങ്ങൾ എസ്‌സി/എസ്‌ടി, ഒബിസി സമുദായങ്ങളിലേക്ക് എത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോൺഗ്രസ് ഒരിക്കലും തയ്യാറായിട്ടില്ല. രാഷ്ട്രീയ ലാഭം പ്രതീക്ഷിച്ച് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കാൻ കോൺഗ്രസ് ഒരു നിയമം നടപ്പാക്കി. എന്നാൽ മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകരുതെന്ന് ഭരണഘടനയിൽ ബാബാ സാഹിബ് അംബേദ്കർ കൃത്യമായി പറഞ്ഞിട്ടുണ്ട്. വഖഫ് നിയമങ്ങളും കോൺഗ്രസ് മാറ്റിയത് സ്വന്തം നേട്ടങ്ങൾക്ക് വേണ്ടിയാണ്.
വഖഫിന്റെ പേരിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയുണ്ട്. വഖഫ് സ്വത്തുക്കളിൽ നിന്നുള്ള ആനുകൂല്യങ്ങൾ അർഹതപ്പെട്ടവർക്ക് നൽകിയിരുന്നെങ്കിൽ അത് ഏറെ ഉപകാരപ്രദമായേനെ. എന്നാൽ ഭൂമിമാറിയയാണ് ഇതിന്റെ ഗുണഭോക്താക്കളായത്. വഖഫ് നിയമത്തിൽ ഭേദഗതി വരുത്തിയതോടെ ദരിദ്രരെ കൊള്ളയടിക്കുന്ന രീതിക്ക് അവസാനമാകും. നിയമപ്രകാരം, ഒരു ആദിവാസിയുടേയും ഭൂമിയോ സ്വത്തോ വഖഫ് ബോർഡിന് തൊടാൻ കഴിയില്ല. പാവപ്പെട്ട മുസ്ലീങ്ങൾക്കും പസ്മാന്ദ മുസ്ലീങ്ങൾക്കും അവരുടെ അവകാശങ്ങൾ ഇനി ആസ്വദിക്കാനാകും. ഇതാണ് യഥാർത്ഥ സാമൂഹിക നീതി', നരേന്ദ്ര മോദി പറഞ്ഞു.
മുസ്ലീങ്ങളോട് യഥാർത്ഥത്തിൽ അനുകമ്പ ഉണ്ടായിരുന്നുവെങ്കിൽ പാർട്ടിയുടെ അധ്യക്ഷനായി ഒരു മുസ്ലീം സമുദായാംഗത്തെ നിയമിക്കാൻ കോൺഗ്രസ് തയ്യാറാകുമോയെന്നും മോദി ചോദിച്ചു. തിരഞ്ഞെടുപ്പിൽ മുസ്ലീങ്ങൾക്ക് 50 ശതമാനം സീറ്റ് നൽകാൻ കോൺഗ്രസ് തയ്യാറാകുമോ? , കോൺഗ്രസ് ഇത്രയും കാലം സുഖിപ്പിച്ചത് കുറച്ച് മൗലികവാദികളെ മാത്രമാണ്. ദരിദ്രരും വിദ്യാഭ്യാസം ഇല്ലാത്തവരും കോൺഗ്രസിന് കീഴിൽ യാതൊരു മാറ്റവും ഇല്ലാതെ തുടർന്നു. കോൺഗ്രസിന്റെ ഈ ദുഷ്ട നയത്തിന്റെ ഏറ്റവും വലിയ തെളിവ് ഭേദഗതി ചെയ്ത വഖഫ് നിയമത്തോടുള്ള അവരുടെ എതിർപ്പാണ്.
പുതിയ നിയമം വഖഫിന്റെ യഥാർത്ഥ ഉദ്ദേശത്തെ ഉയർത്തിപിടിക്കും. മുസ്ലീം സമൂഹത്തിലെ ദരിദ്രർക്കും പസ്മാന്ദ കുടുംബങ്ങൾക്കും സ്ത്രീകൾക്കും പ്രത്യേകിച്ച് മുസ്ലീം വിധവകൾക്കും കുട്ടികൾക്കുമെല്ലാം ഇനി അവരുടെ അവകാശങ്ങൾ ആസ്വദിക്കാനാകും. അവരുടെ അവകാശങ്ങൾ ഇവിടെ സംരക്ഷിക്കപ്പെടും', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications