ബെംഗളൂരിൽ നിന്നും മൈസൂരിലേക്ക് റാപ്പിഡ് റെയിൽ എത്തുമോ? 1.40 മണിക്കൂർ മതിയാകും..വേറെ 3 ഇടനാഴികളും
ബെംഗളൂരുവിന് ചുറ്റുമുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്ന റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം ( ആർ ആർ ടി എസ്) പദ്ധതിക്കായി കേന്ദ്ര അനുമതി തേടി കർണാടക. നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടാറുമായി ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയതായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു. .
ബിഡാദി - മൈസൂരു, ഹാരോഹള്ളി - കനകപുര, നെലമംഗല - തുംകൂർ, വിമാനത്താവളം-ചിക്കബല്ലാപ്പൂർ, ഹോസ്കോട്ടെ - കോലാർ എന്നിവിടങ്ങളിൽ ആർ ആർ ടി എസ് ഇടനാഴികൾ സ്ഥാപിക്കണമെന്നാണ് സംസ്ഥാനത്തിൻ്റെ ആവശ്യം. ബെംഗളൂരുവിൽ നിന്ന് നാല് അർദ്ധ അതിവേഗ ഇടനാഴികൾ സ്ഥാപിക്കാനുള്ള നിർദ്ദേശം നമോ ഭാരത് വികസിപ്പിച്ച നാഷണൽ ക്യാപിറ്റൽ റീജിയൺ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (NCRTC) സർക്കാരിന് സമർപ്പിച്ചിരുന്നു. ബെംഗളൂരു - ഹോസ്കോട്ടെ- കോലാർ (65 കി മീ), ബെംഗളൂരു - മൈസൂരു (145 കി.മീ), ബെംഗളൂരു - തുംകൂർ (60 കി മീ), ബെംഗളൂരു - ഹോസൂർ - കൃഷ്ണഗിരി - ധർമ്മപുരി (138 കി.മീ, തമിഴ്‌നാട്ടിലേക്ക് വ്യാപിക്കുന്നു) എന്നിവയാണ് ഈ നാല് പാതകൾ.

ഈ ശൃംഖലയിലെ ട്രെയിനുകളുടെ ശരാശരി വേഗത മണിക്കൂറിൽ 85 കിലോമീറ്ററായിരിക്കും. നിർദ്ദേശമനുസരിച്ച് ബെംഗളൂരു - മൈസൂരു യാത്ര 1.40 മണിക്കൂർ കൊണ്ട് പൂർത്തിയാക്കാം. ബെംഗളൂരു-തുംകൂർ യാത്രയ്ക്ക് 42 മിനിറ്റും മതിയാകും. ഈ ഇടനാഴികളുടെ വിശദമായ പദ്ധതി റിപ്പോർട്ടുകൾ തയ്യാറാക്കാനും എൻ സി ആർ ടി സി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഡൽഹി-മീററ്റ് ഇടനാഴിയുടെ മാതൃകയിൽ ഒരു സംയുക്ത സംരംഭത്തിൽ സമാനമായ ഓഹരിയാണ് എൻ സി ആർ ടി സി കർണാടകയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.ഈ മാതൃകയനുസരിച്ച് പദ്ധതിയുടെ 60 ശതമാനം ധനസഹായം ബഹുമുഖ ഏജൻസികളിൽ നിന്നും 20 ശതമാനം വീതം കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നുമാണ് കണ്ടെത്തുക.
മണിക്കൂറിൽ 160 കിലോമീറ്റർ വരെ പരമാവധി പ്രവർത്തന വേഗതയാണ് നമോ ഭാരത് ട്രെയിനിന്‍ ഉള്ളത്. ഈ സംവിധാനം പരമ്പരാഗത റെയിൽവേയിൽ നിന്ന് വ്യത്യസ്തമാണ്. കാരണം ഇതിന് നിശ്ചിത സമയക്രമമോ സീറ്റ് റിസർവേഷനോ ആവശ്യമില്ല. കൂടാതെ, താരതമ്യേന കൂടുതൽ ദൂരം, കുറഞ്ഞ സ്റ്റോപ്പുകൾ, ഉയർന്ന വേഗത എന്നിവയും ഉറപ്പാക്കും.












Click it and Unblock the Notifications