അസം സൗദി അറേബ്യയായി മാറുമോ? നദീതീരത്ത് പുതിയ ക്രൂഡ് ഓയില്‍ ശേഖരം: ഖനനം തുടങ്ങി
ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരില്‍ ഒരാളാണെങ്കിലും ആവശ്യമായ അളവിന്റെ 80 ശതമാനത്തില്‍ അധികവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. വലിയ പര്യവേഷണങ്ങള്‍ നിരന്തരം നടക്കുന്നുണ്ടെങ്കിലും ചെറിയ അളവില്‍ ഉത്പാദനം മാത്രമാണ് ഇന്ത്യക്ക് സ്വന്തം നാട്ടില്‍ സാധ്യമായിട്ടുള്ളു. ഇതില്‍ തന്നെ ഏറ്റവും അധികം ഉത്പാദനം നടക്കുന്നത് അസമിലാണ്.
വാണിജ്യാടിസ്ഥാനത്തിൽ അസം എണ്ണ ഉൽപ്പാദനം ആരംഭിച്ചിട്ട് ഏകദേശം 130 വർഷത്തിലേറെയായി. 1890 ലാണ് സംസ്ഥാനത്തെ ആദ്യ എണ്ണക്കിണർ നിർമ്മാണം പൂർത്തിയാകുന്നത്. 1901-ൽ ദിഗ്ബോയിയിൽ എണ്ണശുദ്ധീകരണശാല സ്ഥാപിക്കുകയും ചെയ്തു. നിലവിലുള്ള ഫീല്‍ഡ് എല്ലാം അസമിന്റെ കിഴക്കന്‍ മേഖലകളിലായിട്ടാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ബ്രഹ്മപുത്ര നദിയുടെ വടക്കൻ തീരത്ത് ആദ്യമായി എണ്ണശേഖരം കണ്ടെത്തിയിരിക്കുന്നുവെന്ന വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ബ്രഹ്മപുത്രയുടെ വടക്കൻ തീരത്തെ കൊബോചപോരി-1 എണ്ണ കിണറില്‍ നിന്നും വൻതോതിൽ അസംസ്കൃത എണ്ണ വേർതിരിച്ചെടുത്തുവെന്നാണ് ഓയിൽ ഇന്ത്യ ലിമിറ്റഡ് (OIL) വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് അസം ട്രിബ്യൂണ്‍ റിപ്പോർട്ട് ചെയ്യുന്നത്. ചരിത്രപരമായ മുന്നേറ്റമായിട്ടാണ് ഇതിനെ ഓയിൽ ഇന്ത്യ ലിമിറ്റഡ് കാണുന്നത്. മേഖലയില്‍ വളരെ മുമ്പ് തന്നെ രണ്ട് പര്യവേക്ഷണം നടത്തിയിരുന്നെങ്കിലും അത് വിജയത്തിലേക്ക് എത്തിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ആത്മവിശ്വാസത്തോടെ നടത്തിയ കൊബോചപോരി-1 എണ്ണ കിണറിലെ ശ്രമങ്ങള്‍ ഫലം കാണുകയായിരുന്നു.
4,334 മീറ്റർ ആഴത്തിൽ നിന്നാണ് ഹൈഡ്രോകാർബണുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. നദീതീര പ്രദേശം ആയതിനാല്‍ നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ സാങ്കേതിക വൈദഗ്ധ്യവും പ്രവർത്തന കാര്യക്ഷമതയും പര്യവേക്ഷണം വിജയകരമാകുന്നതില്‍ നിർണ്ണായകമായി.
പുതിയ കണ്ടെത്തലോടെ രാജ്യത്തിന്റെ ക്രൂഡ് ഓയില്‍ ഉത്പാദനത്തില്‍ വലിയ പങ്ക് നല്‍കുമെന്ന അവകാശവാദമൊന്നും ഇല്ലെങ്കിലും പുതിയ പര്യവേക്ഷണങ്ങള്‍ക്ക് കൂടുതല്‍ ഊർജ്ജവും പ്രോത്സാഹനവും നല്‍കും. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി രാജ്യം മൊത്തത്തിൽ 88,223 ആയിരം മെട്രിക് ടൺ (TMT) അസംസ്കൃത എണ്ണയാണ് ഉത്പാദിപ്പിച്ചത്. ഇതിൽ 12518 മെട്രിക് ടൺ ഉത്പാദനവും അസമില്‍ നിന്നായിരുന്നു.
പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം , 2021-22, 2022-23, 2023-24 എന്നീ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി രാജ്യം മൊത്തത്തിൽ 88,223 ടിഎംടി അസംസ്കൃത എണ്ണ ഉൽപ്പാദിപ്പിച്ചു. ആകെ ഉൽപ്പാദനമായ 88,223 ടിഎംടിയിൽ അസം 12,518 ടിഎംടി അസംസ്കൃത എണ്ണയും, രാജസ്ഥാൻ 15,380 ടിഎംടി, ഗുജറാത്ത് 14,425 ടിഎംടി, തമിഴ്നാട് 985 ടിഎംടി, ആന്ധ്രാപ്രദേശ് 688 ടിഎംടി, അരുണാചൽ പ്രദേശ് 147 ടിഎംടി, പശ്ചിമ ബംഗാൾ 0.06 ടിഎംടി എന്നിങ്ങനെയായിരുന്നു സംഭവാന. അതേസമയം ഓഫ്ഷോർ മേഖലയില്‍ നിന്നും 44,078 ടിഎംടി എണ്മ ഉത്പാദനം നടന്നു.












Click it and Unblock the Notifications