ഇനി ബൈക്ക് ടാക്‌സികള്‍ നിരത്ത് കീഴടക്കുമോ? യാത്രക്കാര്‍ക്ക് തിരിച്ചടിയായി തിരക്കുള്ള സമയത്തെ കാബ് നിരക്ക്
ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് തിരിച്ചടിയായി തിരക്കേറിയ സമയങ്ങളില്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ രാജ്യത്തെ ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ക്ക് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. തിരക്കുള്ള സമയങ്ങളില്‍ രണ്ട് മടങ്ങ് അടിസ്ഥാന നിരക്ക് ഈടാക്കാനാണ് അനുമതിയുള്ളത്. ഊബര്‍, ഓല, റാപ്പിഡോ തുടങ്ങിയ ക്യാബ് കമ്പനികള്‍ക്ക് പ്രയോജനപ്പെടുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നേരത്തെ അടിസ്ഥാന നിരക്കിന്റെ 1.5 മടങ്ങ് ഡൈനാമിക് നിരക്കായി ഈടാക്കാനായിരുന്നു അനുമതി.
തിരക്കില്ലാത്ത സമയങ്ങളില്‍ അടിസ്ഥാന നിരക്കിന്റെ 50 ശതമാനമായി കുറയ്ക്കാമെന്നും ചൊവ്വാഴ്ച പുറത്തിറക്കിയ മോട്ടോര്‍ വെഹിക്കിള്‍ അഗ്രഗേറ്റര്‍ മാര്‍ഗ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമാണ് പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. അതേസമയം പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാതെ യാത്ര ക്യാന്‍സല്‍ ചെയ്യുന്ന യാത്രക്കാരനില്‍ നിന്നും 10 ശതമാനം പിഴ ചുമത്താമെന്നും ഇത് 100 രൂപയില്‍ അധികമാകരുതെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

ഇതിനൊപ്പം ഊബര്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ക്ക് സ്വകാര്യ ബൈക്കുകള്‍ ടാക്‌സിയായി ഓടിക്കാനും കേന്ദ്രം അനുമതി നല്‍കി. ബൈക്ക് ടാക്‌സികള്‍ക്ക് അനുമതി നല്‍കാനുള്ള അന്തിമാധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം മെട്രോ സിറ്റികളില്‍ താമസിക്കുന്ന സാധാരണക്കാരായ യാത്രക്കാര്‍ക്ക് തിരിച്ചടിയാണ്. മെട്രോ നഗരങ്ങളില്‍ തിരക്കേറിയ സമയത്ത് സ്വന്തം വാഹനങ്ങളില്‍ പോകുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പലരും ഓണ്‍ലൈന്‍ ടാക്‌സികളെ ആശ്രയിക്കുന്നത്. നിരക്ക് കൂട്ടുന്നതോടെ യാത്രക്കാര്‍ വീണ്ടും സ്വന്തം വാഹനങ്ങളെ ആശ്രയിക്കുകയും ഇത് നഗരങ്ങളിലെ ഗതാഗതക്കുരുക്ക് വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്യും.
നിരക്ക് വര്‍ധന അടക്കമുള്ള പുതിയ തീരുമാനങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ പ്രാവര്‍ത്തികമാക്കാനാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ക്ക് പുറമേ സംസ്ഥാനങ്ങള്‍ക്ക് അധികമായി മാര്‍ഗ നിര്‍ദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും കഴിയും.
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നതിന്റെ ചെലവും കാബ് നിരക്കുകളും തമ്മിലുള്ള വ്യത്യാസം ഗണ്യമായി വര്‍ധിക്കും. ഇത് സാധാരണക്കാരായ യാത്രക്കാരെ വീണ്ടും ഇരുചക്ര വാഹനങ്ങളിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കും.
അതേസമയം ഈ നിരക്ക് വര്‍ധന ന്യായമാണെന്നാണ് ഡ്രൈവര്‍മാരുടെ നിലപാട്. തങ്ങള്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ ചിലവഴിക്കുകയും യാത്രക്കാരനെ പിക്ക് ചെയ്യാന്‍ ദീര്‍ഘദൂരം സഞ്ചരിക്കുകയും ചെയ്യേണ്ടി വരുന്നു. തിരക്കേറിയ സമയത്ത് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് ഇന്ധനം നഷ്ടം പരിഹരിക്കാന്‍ സഹായിക്കും എന്നാണ് ഡല്‍ഹിയിലെ ഓല ഡ്രൈവറായ അര്‍ജുന്‍ പറയുന്നത്.
കാബ് നിരക്കുകള്‍ വര്‍ധിക്കുന്നതോടെ ഇന്ത്യയില്‍ ഇരുചക്ര വാഹനങ്ങള്‍ ആശ്രയിക്കുന്നവരുടെ എണ്ണം വീണ്ടും വര്‍ധിക്കും. ബൈക്ക് ടാക്‌സികള്‍ ഓടിക്കാന്‍ ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ സാധാരണക്കാരായ യാത്രക്കാര്‍ സ്വാഗതം ചെയ്യുന്നു.
ഗതാഗതക്കുരുക്കിന് മറികടക്കാനും സമയം ലാഭിക്കാനും സഹായിക്കുന്ന ബൈക്ക് ടാക്‌സികള്‍ക്ക് അധികം താമസിയാതെ വലിയ ജനപ്രീതി ലഭിക്കുമെന്നാണ് കമ്പനികളുടെ കണക്കുകൂട്ടല്‍. ഇനി ബൈക്ക് ടാക്‌സികള്‍ അനുവദിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നിലപാടാണ് എല്ലാവരും ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications