തെലങ്കാനയെ അപമാനിച്ചാല്‍ ചാനലുകാരെ കുഴിച്ചിടും: മുഖ്യമന്ത്രി
വാറംഗല്‍: തെലങ്കാനയെ അപമാനിച്ചാല്‍ പത്രക്കാരെ കുഴിച്ചിടുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ഭീഷണി. തെലങ്കാനയിലെ എം എല്‍ എമാരെ രണ്ട് ടി വി ചാനലുകള്‍ അപമാനിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഭീഷണി. എം എല്‍ എമാരുടെ പരാതിയെത്തുടര്‍ന്ന് ചാനലുകളുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.
ആരാണ് ഈ ചാനലുകാര്‍. കഴുത്തിന് കുത്തിപ്പിടിച്ച് അവരെ പുറത്തേക്ക് വലിച്ചെറിയും. ഇവര്‍ തെലങ്കാനയ്ക്ക് വേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത്. തെലങ്കാനയെ അപമാനിച്ചാല്‍ പത്തടി ആഴത്തില്‍ ഇവരെ കുഴിച്ചിട്ടുകളയും. തെലങ്കാനയെ അപമാനിക്കാന്‍ അനുവദിക്കില്ല. തെലങ്കാനയുടെ മുഖ്യമന്ത്രി എന്ന നിലയിലാണ് ഞാന്‍ ഇത് പറയുന്നത് - തെലങ്കാന രാഷ്ട്രസമിതി പ്രസിഡണ്ട് കൂടിയായ കെ ചന്ദ്രശേഖര റാവു പൊട്ടിത്തെറിച്ചു.

വിവാദ ടി വി ചാനലുകളുടെ അനുമതി റദ്ദാക്കിയ അധികൃതരെ താന്‍ അഭിനന്ദിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ അവരെ ഞാന്‍ ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുന്നു എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഏകാധിപതിയെപ്പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നാണ് ആക്ഷേപം.
എന്നാല്‍ ഇത് തന്റെ ശൈലിയാണ് എന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നേരത്തെ തന്നെ സൂചനകള്‍ നല്‍കിയിരുന്നു. ആവശ്യം വന്നാല്‍ ഹിറ്റ്‌ലറെ പോലെ പെരുമാറാനും താന്‍ മടിക്കില്ല എന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ നല്‍കിയ മുന്നറിയിപ്പ്. എം എല്‍ എമാരെ അപമാനിച്ച രണ്ട് ചാനലുകളുടെ അനുമതിയാണ് റദ്ദാക്കിയിരിക്കുന്നത്. ഇതിനെതിരെ ടി വി ചാനലുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications