ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി പ്രവർത്തിച്ചോയെന്ന് പരിശോധിക്കും,നിയമവിരുദ്ധമായി ഇടപെട്ടെങ്കിൽ നടപടി;സുപ്രീം കോടതി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ സസ്പെൻ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. ഹർജിയി കേന്ദ്ര സർക്കാരിനും ഇലക്ഷൻ കമ്മീഷനും കോടതി നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവര അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.
അതേസമയം ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തര ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. മാധ്യമ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മാത്രം അത്തരമൊരു നടപടി കൈക്കൊള്ളാൻ സാധിക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഗ്യാനേഷ് ഏകപക്ഷീയമായി ഇടപെട്ടോ എന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും മറുപടി വേണമെന്ന് കോടതി വിശദീകരിച്ചു.

'ഒരു മാധ്യമ വാർത്ത ഒരുപക്ഷെ 100 ശതമാനം ശരിയായിരിക്കാം, പകുതി മാത്രം ശരിയായിരിക്കാം ഒരുപക്ഷെ തെറ്റായിരിക്കാം. അതുകൊണ്ട് മാധ്യമ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ സാധിക്കില്ല. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും സർക്കാരിൽ നിന്നും വ്യക്തമായ മറുപടി വണം. നിയമവിരുദ്ധമായിട്ട് എന്തെങ്കിലും നടപടികൾ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണറുടെ ഭാഗത്ത് നിന്നും ഉണ്ടായതായി കണ്ടെത്തിയാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. റെക്കോഡുകൾ സമർപ്പിച്ചാൽ ആരാണ് ഫോം 6ൽ മാറ്റം വരുത്തിയതെന്ന് പരിശോധിക്കും', കോടതി പറഞ്ഞു.
'തിരഞ്ഞെടപ്പ് കമ്മീഷൻ എടുക്കുന്ന തീരുമാനങ്ങൾ ഏകകണ്ഠമായോ അല്ലെങ്കിൽ ഭൂരിപക്ഷ നിലപാടിൻ്റേയോ അടിസ്ഥാനത്തിലായിരിക്കണം. കമ്മീഷൻ തീരുമാനങ്ങൾ നിയമപ്രകാരമാണ് കൈക്കൊള്ളുന്നത് എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഫോം 6 തിരുത്തിയത് ഞങ്ങൾ അംഗീകരിച്ചിട്ടില്ലെന്നത് വ്യക്തമാക്കുകയാണ്', കോടതി പറഞ്ഞു.
പാറ്റ്‌ന സ്വദേശിയായ രാകേഷ് കുമാർ സിംഗ്, അഭിഭാഷകനായ ശൈലേന്ദ്ര മണി തത്രിപാഠി എന്നിവരാണ് ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഹർജി നൽകിയത്. മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷ്ണർമാരുടെ അഭിപ്രായങ്ങൾ പരിഗണിക്കാതെ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി ഇടപെടുന്നുവെന്നാണ് ഹർജിയിൽ ഇരുവരും ചൂണ്ടിക്കാട്ടിയത്. കമ്മീഷൻ അധികാരങ്ങൾ ഗ്യാനേഷ് സ്വാർത്ഥ താത്പര്യത്തിനായി വിനിയോഗിക്കുന്നുണ്ടോ എന്ന് സുപ്രീം കോടതി പരിശോധിക്കണമെന്നും നിയമവിരുദ്ധ ഇടപെടൽ കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഹർജിയിൽ അന്തിമവാദം കേൾക്കും വരെ ഗ്യാനേഷിനെ സസ്പെനറ് ചെയ്യണമെന്നും ഹർജിയിൽ പറയുന്നുണ്ട്.


Click it and Unblock the Notifications
