ഊർജമന്ത്രിക്കെതിരെ കാർക്കളയിൽ സ്വതന്ത്രനായി മത്സരിക്കും; ബിജെപിക്കെതിരെ ശ്രീരാമസേന നേതാവ്
ബിജെപിയുടെ സിറ്റിംഗ് മണ്ഡലമാണ് കാർക്കള. 25 മണ്ഡലങ്ങളിൽ ശ്രീരാമസേന മത്സരിക്കുമെന്ന് പാർട്ടി തലവൻ പ്രമോദ് മുത്തലിക് നേരത്തേ വ്യക്തമാക്കിയിരുന്നു.
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക്ക്. മംഗലാപുരം മേഖലയിലെ കാർക്കള മണ്ഡലത്തിൽ നിന്നാണ് പ്രമോദ് മത്സരിക്കുക. അഴിമതിക്കെതിരയും ഹിന്ദുത്വം സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും പ്രമോദ് മുത്തലിക് പറഞ്ഞു. മന്ത്രിയും ബി ജെ പി നേതാവുമായ സുനിൽ കുമാർ ആണ് നിലവിൽ കാർക്കൊള എം എൽ എ. കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രിയും നിയമസഭ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ കാർക്കളയിൽ ജനവിധി തേടാനുള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു.

പ്രവർത്തകരുടെ സമ്മർദത്തെത്തുടർന്ന് ഞാൻ കാർക്കള നിയമസഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചു. ഞാൻ ഇതിനകം ഏഴോ എട്ടോ തവണ മണ്ഡല സന്ദർശനം നടത്തിയിട്ടുണ്ട്. മണ്ഡലത്തിൽ നിന്നും താൻ ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന അഭിപ്രായമാണ് എല്ലാവരും പങ്കുവെച്ചത്', പ്രമോദ് മുത്തലിക് പറഞ്ഞു. ഹിന്ദുക്കൾക്ക് നീതിയും ബഹുമാനവും നൽകുകയെന്ന ലക്ഷ്യത്തോടെയായിരിക്കും തന്റെ മത്സരമെന്നും മുത്തലിക് പറഞ്ഞു.

അതേസമയം ബിജെപിക്കെതിരല്ല തന്റെ പോരാട്ടമെന്നും പാർട്ടിയിലെ ചില നേതാക്കൾക്ക് എതിരായാണ് താൻ മത്സരിക്കുന്നതെന്നും മുത്തലിക് പറഞ്ഞു. തന്നെ അവഹേളിക്കുകയും സേന പ്രവർത്തകരെ കേസിൽ കുടുക്കി ജയിലിൽ അടക്കുകയും ചെയ്തവരെ മറക്കില്ല. ഇതിനെല്ലാം പിന്നിൽ ഊർജമന്ത്രി സുനിൽ കുമാർ ആണെന്നും പ്രമോദ് മുത്തലിക്ക് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

2004 മുതൽ ഇവിടെ നിന്നുള്ള എം എൽ എയാണ് സുനിൽ കുമാർ. നേരത്തേ കോൺഗ്രസ് കോട്ടയായിരുന്ന ഇവിടെ 1972 മുതൽ 1994 വരെ വീരപ്പ മൊയ്ലിയായിരുന്നു എം എൽ എ. അതിന് ശേഷം എച്ച് ഗോപാല ഭണ്ഡാരിയായിരുന്നു രണ്ട് തവണ മണ്ഡലത്തിൽ വിജയിച്ചത്. കഴിഞ്ഞ തിjഞ്ഞെടുപ്പിൽ ഭണ്ഡാരിയയെ വൻ ഭൂരിപക്ഷത്തിനായിരുന്ന സുനിൽ കുമാർ പരാജയപ്പെടുത്തിയത്. സുനിൽ കുമാറിന് 91245 വോട്ടുകളും ഭണ്ഡാരിയയ്ക്ക് 48679 വോട്ടുകളുമാണ് ലഭിച്ചത്. ഹിന്ദുത്വ തന്ത്രം പയറ്റിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉഡുപ്പിയിലെ മുഴുവൻ സീറ്റുകളും ബി ജെ പി പിടിച്ചെടുത്തത്.

ശ്രീരാമസേന നേതാവിന്റെ മത്സരം ഇവിടെ ബി ജെ പിക്ക് നഷ്ടം വരുത്തുമോയെന്നാണ് ഉറ്റുനോക്കുന്നത്. അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ 25 മണ്ഡലങ്ങളിൽ ശ്രീരാമസേന മത്സരിക്കുമെന്ന് നേരത്തേ പ്രമോദ് മുത്തലിക് വ്യക്തമാക്കിയിരുന്നു.ഇതിൽ 10 സ്ഥാനാർത്ഥികളെ തീരുമാനിച്ചതായും സംഘടന വ്യക്തമാക്കിയിരുന്നു.

2014 മുതൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രീരാമസേന താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ബി ജെ പിയിൽ നിന്നും പിന്തുണ ലഭിച്ചില്ല.അതുകൊണ്ടാണ് ഇത്തവണ തനിച്ച് മത്സരിക്കാൻ തീരുമാനിച്ചത് എന്നായിരുന്നു മുത്തലിക്ക് വ്യക്തമാക്കിയത്. സത്യസന്ധമായി പ്രവർത്തിക്കുകയും ഹിന്ദുത്വത്തെ ആഘോഷിക്കുകയുമാണ് ഞങ്ങൾ ലക്ഷ്യം വെയ്ക്കുന്നത്. ഭരണ സംവിധാനം ആകെ അഴിമതിയാൽ ചീഞ്ഞ് നാറുകയാണെന്നും ബി ജെ പി ഹിന്ദുത്വ രാഷ്ട്രീയത്തെ അരിക്വത്കരിക്കുകയാണെന്നും പ്രമോദ് മുത്തലിക് ആരോപിച്ചിരുന്നു.












Click it and Unblock the Notifications