ട്രംപ് നമ്മുടെ പ്രധാനമന്ത്രിയെയും തട്ടിക്കൊണ്ടുപോകുമോ? പൃഥ്വിരാജ് ചവാന്റെ 'തമാശ' വിവാദത്തില്‍
ന്യൂഡല്‍ഹി: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കന്‍ സൈന്യം തട്ടിക്കൊണ്ടു പോയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ നടത്തിയ പരിഹാസ പരാമര്‍ശം വിവാദത്തില്‍. ഇന്ത്യയ്ക്ക് മേല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും താരിഫ് ഭീഷണി ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു വെനസ്വേലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെടുത്തി പൃഥ്വിരാജ് ചവാന്‍ മോദിയെ പരിഹസിച്ചത്.
'വെനിസ്വേലയില്‍ സംഭവിച്ചത് പോലെ ഇന്ത്യയില്‍ സംഭവിക്കുമോ? മിസ്റ്റര്‍ ട്രംപ് നമ്മുടെ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോകുമോ?' - കോണ്‍ഗ്രസ് നേതാവിന്റെ ഈ പരിഹാസം സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ നേതാക്കള്‍ക്കിടയിലും വലിയ ചര്‍ച്ചയായി. രാഷ്ട്രത്തലവനെ പരിഹസിച്ചതിന് എതിരേ ബിജെപിയും രൂക്ഷമായ വിമര്‍ശനവുമായി രംഗത്തു വന്നതോടെ ചര്‍ച്ചകള്‍ക്ക് ചൂടു പിടിച്ചു.
ഇന്ത്യ ഇനിയും റഷ്യന്‍ എണ്ണ വാങ്ങിയാല്‍ ട്രംപ് കട്ട കലിപ്പിലാകുമെന്നും വെനിസ്വേലയില്‍ ചെയ്തതുപോലെ പ്രധാനമന്ത്രിയെ 'കിഡ്നാപ്പ്' ചെയ്യുമെന്നുമായിരുന്നു ചവാന്റെ കണ്ടെത്തല്‍. താരിഫിന്റെ പേരു പറഞ്ഞ് ഇന്ത്യയെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുന്ന അമേരിക്കന്‍ നിലപാടിനെതിരേ കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുന്നതില്‍ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നത്.

'അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയാല്‍ വ്യാപാരം സാധ്യമല്ല. ഫലത്തില്‍, ഇത് ഇന്ത്യ-യുഎസ് വ്യാപാരത്തെ ബാധിക്കും. പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയെ തടയുന്നതിന് തുല്യമാണ്. നേരിട്ട് നിരോധിക്കാന്‍ കഴിയാത്തതിനാല്‍, വ്യാപാരം നിര്‍ത്താനുള്ള ഒരു ഉപകരണമായാണ് ട്രംപ് താരിഫുകള്‍ ചുമത്തുന്നത്. ഇന്ത്യ ഇത് ഇനിയും സഹിക്കേണ്ടി വരും - പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.
'യുഎസിലേക്കുള്ള കയറ്റുമതിയില്‍ നിന്ന് നമ്മുടെ വ്യാപാരികള്‍ക്ക് ലഭിച്ചിരുന്ന ലാഭം ഇനി ലഭ്യമാകില്ല. ബദല്‍ വിപണികള്‍ തേടേണ്ടി വരും, ആ ദിശയിലുള്ള ശ്രമങ്ങള്‍ ഇതിനകം തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. തുടര്‍ന്നായിരുന്നു പൃഥ്വിരാജ് ചവാന്‍ പ്രധാനമന്ത്രിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശം നടത്തിയത്. പ്രധാനമന്ത്രി മോദി ട്രംപിന്റെ നിയന്ത്രണത്തിലാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരഹാസത്തിനു പിന്നാലെയാണ് പൃഥ്വിരാജ് ചവാന്റെ വിമര്‍ശനം.
ചവാന്റെ പരാമര്‍ശം രാജ്യത്തിന് അപമാനമാണെന്ന് മുന്‍ ജമ്മു കശ്മീര്‍ ഡിജിപി എസ്പി വൈദ് വിമര്‍ശിച്ചു. ഇന്ത്യയെപ്പോലെ ഒരു ആണവ ശക്തിയെ വെനിസ്വേലയുമായി താരതമ്യം ചെയ്യുന്നത് അസംബന്ധമാണെന്ന് സോഷ്യല്‍ മീഡിയയിലും വിമര്‍ശനം ഉയര്‍ന്നു.












Click it and Unblock the Notifications