മന്ത്രിസഭ വികസനത്തിന് ചൗഹാൻ; സിന്ധ്യ അനുകൂലികള്‍ക്ക് പിഴക്കുന്നു? മുതലെടുക്കാൻ കോൺഗ്രസ്
ഭോപ്പാൽ; കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ താഴെയിറക്കി ബിജെപി അധികാരം പിടിച്ചെങ്കിലും മധ്യപ്രദേശിൽ കസേര ഉറപ്പിക്കണമെങ്കിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വൻ വിജയം നേടേണ്ടതുണ്ട്. അതുകൊണ്ട് തന്നെ രാജ്യസഭ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ ബിജെപി ഉപതിരഞ്ഞെടുപ്പ് ചർച്ചകൾക്ക് പിറകിലാണ്.
അതിന് മുൻപ് മറ്റൊരു കടമ്പ കൂടി ബിജെപിക്ക് കടക്കേണ്ടതുണ്ട്, രണ്ടാം ഘട്ട മന്ത്രിസഭ വികസനം. ഉപതിരഞ്ഞെടുപ്പിന് മുൻപ് തന്നെ മന്ത്രിസഭ വികസിപ്പിക്കാൻ ഒരുങ്ങുകയാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.

അധികാരം പിടിച്ചത്
കൊവിഡ് പ്രതിസന്ധിയ്ക്കിടെയാണ് കോൺഗ്രസിൽ നിന്ന് എംഎൽഎമാരെ ചാടിച്ച് ബിജെപി മധ്യപ്രദേശിൽ അധികാരം പിടിച്ചത്. കോൺഗ്രസിലെ ഭിന്നത മുതലെടുത്ത് ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം 22 എംഎൽഎമാരെയായിരുന്നു ബിജെപി മറുകണ്ടം ചാടിച്ചത്. സംസ്ഥാന അധികാരം പിടിച്ചെടുക്കുകയും ചെയ്തു.

അതൃപ്തിയിൽ നേതാക്കൾ
എന്നാൽ ഈ കുതിരക്കച്ചവടത്തിന് തുടക്കം മുതൽ തന്നെ സംസ്ഥാന നേതൃത്വത്തിലുള്ള പലരും എതിരായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയെ ശത്രുവായി പ്രഖ്യാപിച്ച പല മുതിർന്ന നേതാക്കളും കൂറുമാറ്റ നീക്കത്തെ എതിർത്തിരുന്നുവെങ്കിലും രാജ്യസഭ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ച് കൊണ്ട് ദേശീയ നേതൃത്വമായിരുന്നു ചരടുവലി നടത്തിയത്.

രാഷ്ട്രീയ ഭാവി
അതേസമയം സിന്ധ്യയുടേയും കോൺഗ്രസ് വിമതരുടേയും വരവിലുള്ള അതൃപ്തി ബിജെപിക്കുള്ളിൽ ശക്തമായി. കർണാടകത്തിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ ബിജെപി ഓപ്പറേഷൻ താമരയിലൂടെ താഴെയിറക്കിയതിന് ശേഷമുള്ള സംസ്ഥാന രാഷ്ട്രീയത്തിലെ അധികാര വടംവലികൾ മധ്യപ്രദേശ് രാഷ്ട്രയത്തിലും സംജാതമാകുമെന്ന ആശങ്കയിലായിരുന്നു നേതാക്കളിൽ പലരും.

വെട്ടിലായി ചൗഹാൻ
ഇതോടെ മന്ത്രിസഭ വികസനം പൂർത്തിയാക്കാനാവാതെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വെട്ടിലായി. എന്നാൽ കൊവിഡിനിടയിലെ ചൗഹാന്റെ ഒറ്റയാൾ ഭരണത്തിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധമായിരുന്നു ഉയർത്തിയത്. പ്രതിസന്ധി രൂക്ഷമായതോടെ ചൗഹാൻ 5 പേരേ മാത്രം ഉൾപ്പെടുത്തി കൊണ്ടുള്ള മിനി കാബിനറ്റ് രൂപീകരിച്ചു.

കൂറുമാറിയെത്തിയവർ
മുതിർന്ന ബിജെപി നേതാക്കളെ ഞെട്ടിച്ച് ആദ്യ ഘട്ടത്തിൽ കൂറുമാറിയെത്ത 2 പേരെയാണ് ചൗഹാൻ ഉൾപ്പെടുത്തിയത്. ഇത് പാർട്ടിക്കുള്ളിൽ അതൃപ്തി രൂക്ഷമാക്കി. പാർട്ടി വിടുമെന്ന് ഉൾപ്പെടെയുള്ള ഭീഷണികൾ നേതാക്കൾ ഉയർത്തിയതോടെ ഉപതിരഞ്ഞെടുപ്പിന് മുൻപ് രണ്ടാം ഘട്ട മന്ത്രിസഭ വികസനത്തിന് ഒരുങ്ങുകയാണ് ശിവരാജ് സിംഗ് ചൗഹാൻ.
Recommended Video

ചർച്ച നടത്തി
ബുധനാഴ്ച ബിജെപി സംസ്ഥാന അധ്യക്ഷൻ വിഡി ശർമ്മയുമായും സംഘടനാ ജനറൽ സെക്രട്ടറി സുഹാസ് ഭഗതുമായും ഇത് സംബന്ധിച്ച ചർച്ച നടന്നു കഴിഞ്ഞു. എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചിട്ടുണ്ട്. ഇനി ദില്ലിയിൽ വെച്ചുള്ള അടുത്ത ഘട്ട ചർച്ചയ്ക്ക് പിന്നാലെ തന്നെ മന്ത്രിസഭ വികസിപ്പിക്കും, ചൗഹാൻ പ്രസ്താവനയിൽ പറഞ്ഞു.

28 പേർക്ക്
അടുത്ത മന്ത്രിസഭ വികസനത്തിൽ 28 പേരെയാണ് ചൗഹാന് ഉൾപ്പെടുത്താൻ സാധിക്കുക. നടപടിയോടെ ബിജെപിക്കുള്ളിൽ വൻ പൊട്ടിത്തെറി തന്നെ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനോടകം തന്നെ നിരവധി ബിജെപി നേതാക്കൾ മന്ത്രിസ്ഥാനം ലക്ഷ്യം വെച്ച് ചൗഹാന്റെ വസതി കയറി ഇറങ്ങിയിട്ടുണ്ട്.

മുതിർന്ന നേതാക്കൾ
പ്രത്യേകിച്ച് സംസ്ഥാന ബിജെപിയിലെ മുതിർന്ന നേതാക്കളാണ് ഈ ആഗ്രഹം പ്രകടിപ്പിച്ചത്. കൂറുമാറിയെത്തിവരിൽ 10 പേർക്ക് മന്ത്രിസ്ഥാനം വേണമെന്നാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ ആവശ്യം. ഉപതിരഞ്ഞെടുപ്പിൽ വൻ വിജയം നേടണമെങ്കിൽ മന്ത്രിസ്ഥാനം കൂടി ലഭിക്കേണ്ടതുണ്ടെന്നാണ് സിന്ധ്യ പക്ഷത്തിന്റെ ഡിമാന്റ്.

മന്ത്രിസ്ഥാനം വേണം
പാർട്ടിയെ ചതിച്ചാണ് നേതാക്കൾ ബിജെപിയിൽ ചേർന്നതെന്ന പ്രചാരണം കോൺഗ്രസ് സംസ്ഥാനത്ത് ശക്തമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ 22 മണ്ഡലങ്ങളിലും ബിജെപി കൂറുമാറിയെത്തവരെ തന്നെ മത്സരിപ്പിക്കുമെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കിയത്. കോൺഗ്രസിന്റെ പ്രചരണത്തിന് മുന്നിൽ പിടിച്ച് നിൽക്കണമെങ്കിൽ വിമതരിൽ പകുതി പേർക്കെങ്കിലും മന്ത്രിസ്ഥാനം വേണമെന്നാണ് സിന്ധ്യ വിഭാഗത്തിന്റെ ആവശ്യം.

പുതിയ പൊട്ടിത്തെറി
എന്നാൽ എല്ലാവർക്കും സീറ്റ് നൽകിയാൽ അത് ബിജെപി നേതാക്കൾക്കിടയിൽ അതൃപ്തിക്ക് കാരണമാകും. അതുകൊണ്ട് തന്നെ ഇനി കൂറുമാറിയെത്തിവരിൽ പകുതി പേർക്ക് മാത്രം മന്ത്രിസ്ഥാനം ലഭിക്കുന്നത് വിമതര്‍ക്കിടയിലും അതൃപ്തിക്ക് വഴിവെയ്ക്കും. അതേസമയം സിന്ധ്യ അനുകൂലികളെ കൂടുതലായി ഉൾപ്പെടുത്തിയേക്കില്ലെന്നാണ് സൂചന.

മന്ത്രിസ്ഥാനം ലഭിക്കും
അതിനിടെ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതാക്കൾ. മന്ത്രിസ്ഥാനം ലഭിച്ചില്ലേങ്കിൽ ഇവർ കോൺഗ്രസിലേക്ക് ചേക്കേറുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇതിനോടകം തന്നെ ബിജെപി മുൻ എംഎൽഎമാരും മന്ത്രിമാരും പാർട്ടി വിട്ട് കോൺഗ്രസിൽ എത്തിയിട്ടുണ്ട്.

പാർട്ടി വിടുമെന്ന്
കൂടുതൽ പേർ ഉപതിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി വിടുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. നിരവധി പേർ തങ്ങളുമായി ബന്ധം പുലർത്തുന്നുണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. മന്ത്രിസഭ വികസനം ഉപതിരഞ്ഞെടുപ്പിനേയും സ്വാധീനിക്കുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.












Click it and Unblock the Notifications