മമത ബാനർജിയുടെ നിർണായക പ്രഖ്യാപനം; പ്രതിപക്ഷ ഐക്യ നീക്കത്തിന് കനത്ത തിരിച്ചടി
ബംഗാളിൽ നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം

ദില്ലി: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ താഴെയിറക്കാൻ പ്രതിപക്ഷ സഖ്യ നീക്കങ്ങൾ നടക്കുന്നതിനിടെ നിർണായക പ്രഖ്യാപനവുമായി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. തിരഞ്ഞെടുപ്പിൽ ആരുമായും സഖ്യമില്ലെന്നും ജനങ്ങളുടെ പിന്തുണ മാത്രമേ തങ്ങൾക്ക് ആവശ്യമുള്ളൂവെന്നും മമത പറഞ്ഞു. ബംഗാളിൽ നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം. ബംഗാളിൽ ബിജപിയും കോൺഗ്രസും ഇടതുപക്ഷവും വർഗീയ കാർഡിറക്കിയെന്നും മമത കുറ്റപ്പെടുത്തി.

സി പി എമ്മിന്റെയോ കോൺഗ്രസിന്റെയോ വാക്കുകൾ കേൾക്കേണ്ടതില്ല
'അവിശുദ്ധ കൂട്ടുകെട്ടുണ്ടായാൽ എങ്ങനെ കോൺഗ്രസ് ബി ജെ പിയുമായി പോരാടും?ഇടതുപക്ഷം ബി ജെ പിയെ എങ്ങനെ നേരിടും... സി പി എമ്മും കോൺഗ്രസും എങ്ങനെയാണ് ബി ജെ പി വിരുദ്ധരെന്ന് അവകാശപ്പെടുന്നത്?', മമത ചോദിച്ചു.കോൺഗ്രസും ഇടതുപക്ഷവും ബിജെപിയും സർദിഗിയിൽ വർഗീയ കാർഡ് ഇറക്കി. ബി ജെ പി അത് പരസ്യമായി ചെയ്തു. കോണ്‍ഗ്രസും സി പി എമ്മും അതേ നിലയിൽ തന്നെയാണ് കളിച്ചത്', മമത കുറ്റപ്പെടുത്തി. സി പി എമ്മിന്റെയോ കോൺഗ്രസിന്റെയോ വാക്കുകൾ കേൾക്കേണ്ടതില്ലെന്നും ബി ജെ പിക്കൊപ്പം പ്രവർത്തിക്കുന്നവരുമായി സഖ്യമുണ്ടാക്കാൻ കഴിയില്ലെന്നും മമത തുറന്നടിച്ചു.

22,000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്
'2024-ൽ തൃണമൂലും ജനങ്ങളും തമ്മിലുള്ള സഖ്യം കാണാം. മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ഞങ്ങൾ സഖ്യമുണ്ടാക്കില്ല. ഞങ്ങൾ ജനപിന്തുണയോടെ തനിച്ച് പോരാടും', മമത ബാനർജി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് എം എൽ എയായ സുബ്രത സാഹയുടെ മരണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന സാഗർദിഗിയിലാണ് കോൺഗ്രസ് വിജയം കൊയ്തത്. ഇടത് പിന്തുണയോടെയായിരുന്നു ഇവിടെ കോൺഗ്രസ് മത്സരിച്ചത്. 22,000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിന് വേണ്ടിയിറങ്ങിയ ബെറൺ ബിശ്വാസിന്റെ വിജയം.

കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന നിലപാടായിരുന്നു
അതേസമയം പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസ് ഉൾപ്പെടെ ശക്തമായ ആവശ്യവുമായി മുന്നോട്ട് വരുന്നതിനിടയിലാണ് ഇത്തരത്തിൽ ഐക്യ നീക്കത്തിന് തുരങ്കം തീർത്തുകൊണ്ടുള്ള മമതയുടെ പ്രഖ്യാപനം. നേരത്തേ 2019 ലും പ്രതിപക്ഷ വിശാല ഐക്യത്തിന് മമത വിലങ്ങ് തടിയായിരുന്നു. കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന നിലപാടായിരുന്നു അവർ സ്വീകരിച്ചത്. എന്നാൽ ആ തിരഞ്ഞെടുപ്പിൽ ബംഗാളിൽ അടക്കം ബി ജെ പി വൻ നേട്ടം കൊയ്യുന്നതായിരുന്നു കാഴ്ച. 42 ലോക്സഭ സീറ്റിൽ 18 സീറ്റുകളായിരുന്നു ബി ജെ പി അന്ന് വിജയിച്ചത്. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ മാത്രമായിരുന്നു മമതയുടെ പരിപൂർണ ശ്രദ്ധ.

ദേശീയ ലക്ഷ്യവുമായി മമത ഇറങ്ങി
2021 ൽ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ നിലം തൊടീക്കാതെ വമ്പൻ വിജയം നേടി അധികാരം നിലനിർത്തിയതോടെ ദേശീയ ലക്ഷ്യവുമായി മമത ഇറങ്ങി. ബാംഗാളിന് പുറത്ത് കൂടുതൽ സംസ്ഥാനങ്ങളിൽ മുന്നേറ്റം ഉണ്ടാക്കാനായിരുന്നു അവരുടെ ശ്രമം. ഇതിന്റെ ഭാഗമായി ഗോവയിലും ത്രിപുരയിലും മേഘാലയയിലും തൃണമൂൽ പോരാട്ടത്തിനിറങ്ങി.എന്നാൽ ഗോവയിൽ അടക്കം ഒരിടത്തും വലിയ നേട്ടമുണ്ടാക്കാൻ തൃണമൂലിന് സാധിച്ചില്ല. അതേസമയം കഴിഞ്ഞ ദിവസം നിയമസഭ തിരഞ്ഞെടുപ്പ് നടന്ന മേഘാലയയിൽ കന്നി അങ്കത്തിൽ 5 സീറ്റുകൾ നേടിയെടുക്കാൻ തൃണമൂലിന് സാധിച്ചിരുന്നു.












Click it and Unblock the Notifications