സ്വവർഗ വിവാഹം നിയമവിധേയമാകുമോ?; ഹർജികളിൽ സുപ്രീം കോടതി വിധി നാളെ
ഡൽഹി: സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹർജിയിൽ ചൊവ്വാഴ്ച സുപ്രീം കോടതി വിധി പറയും.ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ച് രാവിലെ 10.30 ഓടെയാണ് വിധി പറയുക. ചീഫ് ജസ്റ്റിന് പുറമെ ജസ്റ്റിസുമാരായ എസ് കെ കൗൾ, എസ് ആർ ഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവരാണ് ബെഞ്ചിലെ മറ്റുള്ളവർ.
ഹർജികളിൽ 10 ദിവസമായിരുന്നു കോടതി വാദം കേട്ടത്. മുകുൾ റോഹത്ഗി, അഭിഷേക് മനു സിംഗ്വി, രാജു രാമചന്ദ്രൻ, ആനന്ദ് ഗ്രോവർ, ഗീത ലൂത്ര, കെ വി വിശ്വനാഥൻ, സൗരഭ് കിർപാൽ, മേനക ഗുരുസ്വാമി തുടങ്ങിയവരാണ് ഹർജിക്കാർക്കുവേണ്ടി ഹാജരായത്. സ്പെഷ്യൽ മാരേജ് ആക്ട് (എസ് എം എ) പ്രകാരം സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകുന്നതിനോടൊപ്പം സാമൂഹിക സുരക്ഷയ്ക്കും മറ്റ് ക്ഷേമ ആനുകൂല്യങ്ങളും ഇവർക്ക് ഉറപ്പാക്കണമെന്നായിരുന്നു ഹർജിക്കാരുടെ വാദം.

സ്വവർഗ വിവാഹത്തെ ശക്തമായി എതിർത്ത് കൊണ്ട് നേരത്തേ കേന്ദ്രസർക്കാർ രണ്ട് തവണ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. നഗരകേന്ദ്രീകൃത വരേണ്യ വര്‍ഗത്തിന്‍റെ കാഴ്ചപ്പാടാണ് സ്വവര്‍ഗ വിവാഹമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.ഇന്ത്യയില്‍ സ്വവര്‍ഗവിവാഹത്തിന് പച്ചക്കൊടി നല്‍കിയാല്‍ സാമൂഹികമായി അംഗീകരിക്കപ്പെടാത്ത മറ്റ് ബന്ധങ്ങള്‍ തടയുന്നത് വെല്ലുവിളിയാകുമെന്നും കേന്ദ്രം കോടതിയിൽ വാദിച്ചിരുന്നു. സഹോദരിയെ വിവാഹം കഴിക്കണമെന്ന് സഹോദരൻ ആവശ്യപ്പെടുകയും തന്റെ സ്വാതന്ത്ര്യമാണെന്ന് അവകാശപ്പെടുകയും ചെയ്താൽ അത് വെല്ലുവിളിയാകില്ലേയെന്നും കേന്ദ്രം ചോദിച്ചിരുന്നു. മാത്രമല്ല പുതിയ സാമൂഹിക ബന്ധങ്ങൾ തീരുമാനിക്കുന്നതിൽ പാർലമെന്റിന് മാത്രമേ തീരുമാനമെടുക്കാൻ സാധിക്കൂവെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
വിവാഹത്തിന് നിയമപരമായ അംഗീകാരമില്ലെങ്കിലും സ്വവർഗ ദമ്പതികൾക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിന് സ്വീകരിക്കാൻ സാധിക്കുന്ന ഭരണഘടന നടപടികൾ പരിശോധിക്കാൻ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി രൂപീകരിക്കാമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ പാർലമെൻറ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുന്നില്ലെന്നും തുല്യതയ്ക്കും വിവേചനം തടയാനുമുള്ള മൗലിക അവകാശങ്ങൾ കോടതി തന്നെ സംരക്ഷിക്കണമെന്ന ആവശ്യമായിരുന്നു ഹർജിക്കാർ ഉന്നയിച്ചത്.
പ്രത്യേക വിവാഹ നിയമത്തിലെ വകുപ്പുകളിൽ മാറ്റം വരുത്തി സ്വവർഗ്ഗ വിവാഹം അനുവദിക്കാൻ കഴിയുമോ എന്ന് മാത്രമാണ് തങ്ങൾക്ക് പരിശോധിക്കാൻ സാധിക്കുകയെന്നും അല്ലാതെ വ്യക്തി നിയമങ്ങളിലേക്ക് കടക്കാൻ സാധിക്കില്ലെന്നുമായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്.












Click it and Unblock the Notifications