ആന്ധ്രപ്രദേശിനെ യുഎഇയായി മാറ്റുമോ ലുലു: കേവലം മാള്‍ മാത്രമല്ല നിർമ്മിക്കുന്നത്, വരുന്നത് അതിലും വലുത്
ലുലു ഗ്രൂപ്പ് ആന്ധ്രപ്രദേശില്‍ നടപ്പിലാക്കുന്നതക് സമഗ്രമായ വികസന പാക്കേജ്. വിശാഖപട്ടണത്തെ ആർകെ. ബീച്ച് റോഡിലെ 13.43 ഏക്കറിൽ 1,066 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന അത്യാധുനിക മാൾ മാത്രമല്ല, ഭക്ഷ്യസംസ്കരണം, കയറ്റുമതി, ലോജിസ്റ്റിക്സ് മേഖലകളിലേക്കും ഗ്രൂപ്പ് വൻ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ലുലുവിന്റെ ഒമ്പതാമത്തെ ഷോപ്പിങ് മാളാണ് വിശാഖപട്ടണത്ത് നിർമ്മിക്കാന്‍ പോകുന്നത്. 5 ലക്ഷം ചതുരശ്ര അടി ലുലു ഹൈപ്പർമാർക്കറ്റ്, എട്ട് സ്ക്രീൻ ഐമാക്സ് മൾട്ടിപ്ലെക്സ്, ഫൺട്യൂറ ഇൻഡോർ അമ്യൂസ്മെന്റ് പാർക്ക്, അന്പതിലധികം അന്തർദേശീയ ബ്രാൻഡുകൾ, ഫൈൻ ഡൈനിങ് റെസ്റ്റോറന്റുകൾ എന്നിവയുൾക്കൊള്ളുന്ന മാൾ 2028-ഓടെ തുറന്ന് പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിശാഖപട്ടണത്തെ മാള്‍ നിർമ്മാണത്തിലൂടെ 5,000 നേരിട്ടുള്ളതും 12,000 അനുബന്ധവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും വിലയിരുത്തപ്പെടുന്നു. മാളിനപ്പുറം ആന്ധ്രയെ തെക്കൻ ഇന്ത്യയിലെ പ്രധാന ഭക്ഷ്യ കയറ്റുമതി ഹബ്ബാക്കി മാറ്റാനുള്ള വമ്പൻ പദ്ധതിയും ലുലു ആസൂത്രണം ചെയ്യുന്നു. മാങ്ങ, ഗ്വാവ, പപ്പായ പൾപ്പ്, കുരുമുളക്, ഏലം, മല്ലി, മുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ, പ്രോസസ്ഡ് പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുന്ന ഉൽപ്പന്നങ്ങൾ പ്രാദേശിക കർഷകരിൽ നിന്ന് നേരിട്ട് സോഴ്സ് ചെയ്ത് മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യും. ഇതിനായി കർഷകരുമായി കരാർ കൃഷി ആരംഭിക്കും. സംസ്ഥാനത്ത് 10-15 സോഴ്സിങ് സെന്ററുകളും സ്ഥാപിക്കും.
റായലസീമ മേഖലയിൽ (അനന്തപൂർ/കർണൂൽ/കടപ്പ പ്രദേശങ്ങളിലൊന്നിൽ) 10 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള അത്യാധുനിക ലോജിസ്റ്റിക്സ് പാർക്കും കോൾഡ് സ്റ്റോറേജ് ഹബ്ബും ലുലു നിർമിക്കും. മൾട്ടി-ടെമ്പറേച്ചർ കോൾഡ് സ്റ്റോറേജ്, ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോ, ചെന്നൈ-കൃഷ്ണപട്ടണം തുറമുഖങ്ങളിലേക്കുള്ള ഡെഡിക്കേറ്റഡ് കോറിഡോർ എന്നിവ ഇതിൽ ഉൾപ്പെടും. ലുലുവിന്റെ Y International ബ്രാൻഡിന് കീഴിൽ ആന്ധ്ര ഉൽപ്പന്നങ്ങൾ ലോകമാർക്കറ്റിൽ എത്തിക്കുകയാണ് ലക്ഷ്യം.
"ആന്ധ്രാപ്രദേശിന്റെ കാർഷിക-വാണിജ്യ സാധ്യതകൾ അപാരമാണ്; ഒരു മാൾ മാത്രമല്ല, കർഷകനിൽ നിന്ന് ഉപഭോക്താവിലേക്കുള്ള സമ്പൂർണ ഇക്കോസിസ്റ്റം തന്നെയാണ് ഞങ്ങൾ ഇവിടെ സൃഷ്ടിക്കുന്നത്." ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ചന്ദ്രബാബു നായിഡു സർക്കാരിന്റെ പൂർണ പിന്തുണയോടെ 2028-ഓടെ ആന്ധ്രാപ്രദേശ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ-ഭക്ഷ്യ കയറ്റുമതി ഹബ്ബായി മാറുമെന്നും ലുലു ഗ്രൂപ്പ് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications