മഹുവ മൊയ്ത്ര കോണ്‍ഗ്രസിൽ ചേരുമോ? ; 'പപ്പുവിൽ' തട്ടി ചർച്ച, സാധ്യതകൾ
ദില്ലി: തൃണമൂൽ കോൺഗ്രസിന്റെ തീപ്പൊരി നേതാവാണ് ബംഗാളിലെ കൃഷ്ണ നഗറിൽ നിന്നുള്ള എംപിയായ മഹുവ മൊയ്ത്ര. ലോക്‌സഭയില്‍ നടത്തിയ തന്റെ ആദ്യ പ്രസംഗത്തില്‍ 'ഫാസിസത്തിന്റെ ഏഴ് അടയാളങ്ങള്‍' എന്ന് വിവരിച്ച് കൊണ്ട് കേന്ദ്രസർക്കാരിനെതിരെ മഹുവ നടത്തിയ കടന്നാക്രമണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്നിങ്ങോട്ടും കേന്ദ്രസർക്കാരിനെതിരെ കടുത്ത നിലപാടായിരുന്നു മഹുവ സ്വീകരിച്ച് പോന്നിരുന്നത്. പലപ്പോഴും ബി ജെ പിയെ ട്രോളിയുള്ള മഹുവയുടെ ട്വീറ്റുകളും വളരെയേറെ ചർച്ചയായിട്ടുണ്ട്.

പാർലമെന്റിലെ ശീതകാല സമ്മേളനത്തിനിടെ കഴിഞ്ഞ ദിവസവും കേന്ദ്രസർക്കാരിനെതിരെ മഹുവ രംഗത്തെത്തി. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച സംബന്ധിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു തൃണമൂല്‍ എം പിയുടെ വിമർശനം. 'ഇപ്പോള്‍ ആരാണ് പപ്പു?' എന്ന ചോദ്യം ഉന്നയിച്ചായിരുന്നു നരേന്ദ മോദി സര്‍ക്കാരിനെ മഹുവ മുൾമുനയിൽ നിർത്തിയത്.

കോൺഗ്രസ് മുൻ അധ്യക്ഷനും എം പിയുമായ രാഹുൽ ഗാന്ധിയെ പരിഹസിക്കാനും രാഹുൽ അയോഗ്യനെന്ന് കാണിക്കാനും ബി ജെ പി ഉപയോഗിക്കുന്ന വാക്കാണ് പപ്പു. അതേ വാക്ക് ഉപയോഗിച്ചാണ് മോദി, അമിത് ഷാ അടക്കമുള്ള നേതാക്കളെ മഹുവ പരിഹസിച്ചത്. എന്നാൽ 'പപ്പു' പരിഹാസം മഹുവ തിരിച്ചടിച്ചത് അവർ കോൺഗ്രസിനോട് അടുക്കുന്നതിന്റെ സൂചനയാണോയെന്നതാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നും ഉയരുന്ന ചോദ്യം.

ബി ജെ പിക്കെതിരെ കടന്നാക്രമണങ്ങൾ നടത്തുമ്പോഴും തൃണമൂൽ കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലല്ല മഹുവ. ഇക്കഴിഞ്ഞ ജുലൈയിൽ ഒരു ടെലിവിഷന്‍ ഷോയില്‍ മഹുവ നടത്തിയ അഭിപ്രായ പ്രകടനം തീ പോലെ പടര്‍ന്നിരുന്നു. കാളിയെന്നാല്‍ മാസം തിന്നുകയും, മദ്യം കുടിക്കുകയും ചെയ്യുന്ന ദേവിയായി വ്യക്തികള്‍ക്ക് കാണാമെന്ന മഹുവയുടെ പരാമർശമായിരുന്നു വിവാദത്തിന് കാരണമായത്. ആരാധനയുടെ ഭാഗമായി പല സംസ്ഥാനങ്ങളിലും കാളി ദേവിക്ക് മദ്യം നിവേദിക്കുന്നതടക്കം അവർ ചൂണ്ടിക്കാട്ടി.
ഇതോടെ വിവാദത്തിൽ മഹുവയ്ക്കെതിരെ ബി ജെ പി രംഗത്തെത്തി. പ്രസ്താവനയിൽ ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

അന്ന് പക്ഷേ മഹുവയെ സംരക്ഷിക്കാൻ തൃണമൂൽ കോൺഗ്രസ് നേതൃത്വം തയ്യാറായില്ല. മഹുവയുടെ നിലപാട് പാർട്ടിയുടെ നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങളുടെ ഉത്തരവാദിത്തം പാർക്കില്ലെന്നുമായിരുന്നു തൃണമൂൽ പ്രതികരിച്ചത്. ഇതിന് പിന്നാലെ മഹുവയോട് ഒരിക്കൽ കടുത്ത ഭാഷയിൽ സംസാരിക്കുന്ന മമതയുടെ വീഡിയോയും വൈറലായിരുന്നു. തിരഞ്ഞെടുപ്പിൽ ആര് മത്സരിക്കുമെന്നത് പാർട്ടി തീരുമാനിക്കുമെന്നായിരുന്നു അന്ന് ഉറച്ച ഭാഷയിൽ മമത മഹുവയോടായി പറഞ്ഞത്.

മഹുവ എന്ന നേതാവ് മികച്ച പാർലമെന്റേറിയൻ ആണെങ്കിലും അവർ ജനകീയ നേതാവല്ലെന്നാണ് തൃണമൂൽ നേതൃത്വത്തിന്റെ വികാരം. ഈ സാഹചര്യത്തിൽ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മഹുവയെ നേതൃത്വം പരിഗണിക്കുമോയെന്നാണ് ഉയരുന്ന ചോദ്യം. അത്തരമൊരു തിരിച്ചടി ഉണ്ടാവുകയാണെങ്കിൽ മഹുവ കോൺഗ്രസ് എന്ന സാധ്യത ഉപയോഗിക്കുമോയെന്നാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്. ഇപ്പോഴത്തെ പ്രതികരണങ്ങൾ ഇതിന്റെ കൂടി ഭാഗമായിട്ടാണോയെന്നുള്ള ചർച്ചകളും ഉണ്ട്. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും ലോക്സഭ തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി നേരിട്ട കോൺഗ്രസ് മഹുവയെ പോലൊരു നേതാവിനെ സ്വീകരിക്കാതിരിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ശക്തരായ നേതാവ് എത്തുന്നതോടെ പഴയ കോട്ടകൾ തിരിച്ച് പിടിക്കാൻ സാധിക്കുമെന്ന പ്രതീക്ഷ കോൺഗ്രസ് സംസ്ഥാനത്ത് പുലർത്തുന്നുണ്ട്.












Click it and Unblock the Notifications