മേജർ രവി ബിജെപിയിൽ ചേരും?; ജെപി നദ്ദയുമായി ഇന്ന് നിർണായക കൂടിക്കാഴ്ച
കൊച്ചി: ചലച്ചിത്ര സംവിധായകൻ മേജർ രവി ബി ജെ പിയിൽ ഔദ്യോഗികമായി ചേർന്നേക്കും. പാർട്ടിയിൽ അംഗത്വമെടുക്കുന്നതിന് മുന്നോടിയായി അദ്ദേഹം ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ ഉന്നയിക്കുന്ന വിഷയങ്ങളിൽ ബിജെപിയിൽ നിന്ന് ഉറപ്പ് ലഭിച്ചാൽ പാർട്ടിയിൽ അദ്ദേഹം പാർട്ടിയിൽ ചേരുമെന്നാണ് സംവിധായകനോട് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.
രാത്രി ഏഴ് മണിക്കാണ് ജെ പി നദ്ദയുമായി കൂടിക്കാഴ്ച. സൈനികരുടേയും വിരമിച്ച സൈനികരുടേയും വിഷയങ്ങൾ അദ്ദേഹത്തിന് മുന്നിൽ മേജർ രവി ഉന്നയിക്കും. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചാൽ ബിജെപിയിൽ അംഗത്വമെടുക്കാനാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.

കാലങ്ങളായി ബി ജെ പിക്കൊപ്പം ചേർന്ന് പ്രവർത്തിച്ചിരുന്നയാളാണ് മേജർ രവി. തിരഞ്ഞെടുപ്പിലടക്കം പാർട്ടിക്ക് വേണ്ടി സജീവമായി പ്രചരണത്തിന് ഇറങ്ങുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് സംസ്ഥാന ബി ജെ പി നേതൃത്വ കടുത്ത ഭാഷയിൽ വിമർശിച്ച് മേജർ രവി രംഗത്തെത്തുകയായിരുന്നു. ബി ജെ പിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തരവാണെന്നും സ്വന്തം നേട്ടത്തിന് വേണ്ടിയാണ് പലരും പ്രവർത്തിക്കുന്നതെന്നുമായിരുന്നു മേജർ രവി തുറന്നടിച്ചത്. ഇതിനിടയിൽ 2021 ൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പരിപാടിയിൽ കൊച്ചിയിൽ വെച്ച് മേജർ രവി പങ്കെടുത്തതോടെ അദ്ദേഹം കോൺഗ്രസിലേക്ക് എന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ അദ്ദേഹം പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.
അടുത്തിടെ മേജർ രവി ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. കേന്ദ്രത്തില്‍ ബി ജെ പിയാണെന്ന് പറഞ്ഞ് അതിന്റെ ഗുണം വാങ്ങിക്കുന്ന നേതാക്കന്‍മാരേയാണ് താന്‍ ഇവിടെ കാണുന്നതെന്നും അവര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നുമായിരുന്നു മേജർ രവി പറഞ്ഞത്. ജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കൊടുക്കുന്ന പദ്ധതികള്‍ പോലും കൃത്യമായിട്ട് അറിയിക്കാന്‍ പോലും പറ്റാത്ത നേതൃത്വമാണ് ഇവിടെയിരിക്കുന്നത്. കേരളത്തിലെ ബി ജെ പി നേതാക്കള്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. അങ്ങനെയുള്ളവരെ ഇനിയും തിരഞ്ഞെടുപ്പില്‍ നിര്‍ത്താന്‍ സമ്മതിക്കില്ല. എന്തായാലും ജയിക്കില്ല. എന്നാലും അവരെ തുറന്ന് കാട്ടേണ്ടത് എന്റെ കടമയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications