പറ്റിയ പെണ്ണിനെ കിട്ടിയാല്‍ കല്യാണം:രാഹുല്‍ ഗാന്ധി
ദില്ലി: ഇതുവരെ തനിക്ക് പറ്റിയ പെണ്ണിനെ കിട്ടാത്തതുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തനിക്ക് പറ്റിയ ഒരാളെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കുമെന്നും രാഹുല്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വിവാഹം സംബന്ധിച്ച ചോദ്യം എപ്പോഴും എല്ലായിടത്തുനിന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ താന്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പുമായി മല്ലിട്ടുകൊണ്ടിരിക്കുകയാണ്- രാഹുല്‍ പറഞ്ഞു.

43 വയസ്സുകാരനായ രാഹുലിന്റെ വ്യക്തി ജീവിതം പലപ്പോഴും ഒരു സമസ്യയാണ്. ചിലപ്പോഴൊക്കെ അത് വിവാദവും ആയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍, തന്റെ സ്വകാര്യ ജീവിതത്തിന് അത്ര ശ്രദ്ധ കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് രാഹുല്‍ പറയുന്നത്.
തന്റെ വല്യമ്മ മനേക ഗാന്ധിയെ പോലെ രാഹുലും ഒരു മൃഗ സ്‌നേഹിയാണ്. പുസ്തകം വായനയാണ് രാഹുലിന്റെ പ്രധാന വിനോദങ്ങളിലൊന്ന്. പക്ഷേ കഥകളോ നോവലുകളോ ഒന്നും അല്ല പഥ്യം. ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം... അതങ്ങനെ നീളുന്നു. പിന്നെ മധ്യേഷ്യ, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ചൈന... ഈ സ്ഥലങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളും വാര്‍ത്തകളും കൃത്യമായി പിന്തുടരും.
സിനിമയോട് അത്ര താത്പര്യമില്ല രാഹുല്‍ ഗാന്ധിക്ക്. എന്നാല്‍ സഹോദരി പ്രിയങ്കക്ക് ഹിന്ദി സിനിമകളോട് നല്ല താത്പര്യമാണത്രെ. പലപ്പോഴും ഹോളിവുഡിലെ മുഖ്യധാരാ സിനിമകള്‍ നിരാശപ്പെടുത്തിയിട്ടുണ്ടെന്ന് രാഹുല്‍ പറയുന്നു. പ്രത്യേകിച്ച് ഒരു നടനേയോ നടിയേയോ ഇഷ്ടമുണ്ടെന്ന് എടുത്തുപറയാനില്ല രാഹുല്‍ ഗാന്ധിക്ക്. നല്ല പ്രകടനത്തെ എപ്പോഴും അംഗീകരിക്കും.












Click it and Unblock the Notifications