ഉത്തര്‍ പ്രദേശ് വീണ്ടും ബിജെപിക്ക്; ഇനി മായാവതി രാഷ്ട്രപതിയാകും... വ്യാജമെന്ന് ബിഎസ്പി അധ്യക്ഷ
ന്യൂഡല്‍ഹി: ബിജെപിയും ആര്‍എസ്എസും വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് വീണ്ടും അധികാരം ലഭിക്കാന്‍ സഹായിച്ചാല്‍ മായാവതിയെ രാഷ്ട്രപതിയാക്കി നിയമിക്കാന്‍ ധാരണയുണ്ടാക്കി എന്നാണ് പ്രചാരണം. ഈ പ്രചാരണത്തിന് പിന്നില്‍ ബിജെപിയും ആര്‍എസ്എസുമാണെന്ന് മായാവതി കുറ്റപ്പെടുത്തി. ഇതുവഴി തന്റെ അനുയായികളെ തെറ്റിദ്ധരിപ്പിക്കുകയാണ് ലക്ഷ്യമെന്നും അവര്‍ ആരോപിച്ചു. ഇത്തരം വാഗ്ദാനങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും മായാവതി വ്യക്തമാക്കി.
ഞാന്‍ കാന്‍ഷി റാമിന്റെ അനുയായിയാണ്. അദ്ദേഹവും ഇത്തരം ഓഫറുകള്‍ നിരസിച്ചിട്ടുണ്ട്. രാഷ്ട്രപതിയാകാന്‍ മോഹമില്ല. ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. അതുവഴി തെറ്റിദ്ധാരണ പരത്തുകയാണ് ആര്‍എസ്എസ് എന്നും തിരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം ഇറക്കിയ പ്രസ്താവനയില്‍ മായാവതി വ്യക്തമാക്കി. ഇത്തരം വാഗ്ദാനങ്ങള്‍ എങ്ങനെ സ്വീകരിക്കും. അത് സ്വീകരിച്ചാല്‍ എന്റെ പാര്‍ട്ടിയുടെ അന്ത്യമാകില്ലേ. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും തെറ്റിദ്ധരിക്കരുത്. ഒരിക്കലും ഇത്തരം വാഗ്ദാനങ്ങളില്‍ ഞാന്‍ വീഴില്ല. പ്രചാരണം നടത്തുന്നവര്‍ ഭാവിയിലും നിങ്ങളെ തെറ്റിദ്ധരിപ്പിച്ചേക്കാമെന്നും മായാവതി പറഞ്ഞു.

രാജ്യത്ത് ബിഎസ്പിയെ വളര്‍ത്താനാണ് ഞാന്‍ എന്റെ ഓരോ നിമിഷവും ചെലവഴിക്കുന്നത്. ഒരു പ്രവര്‍ത്തകന്റെയും മനംമടുക്കാന്‍ പാടില്ല. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ആര്‍എസ്എസും വലിയ തന്ത്രങ്ങളും ഗൂഢാലോചനയുമാണ് ഒരുക്കിയത്. ബിഎസ്പിക്ക് യുപിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ പ്രസിഡന്റായി മായാവതിയെ നിയമിക്കും. അതുകൊണ്ട് എല്ലാവരും ബിജെപിയെ അധികാരത്തിലെത്തിക്കണം- ഈ പ്രചാരണമാണ് ബിജെപി നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിക്ക് തിരിച്ചടിയായത് ബിജെപിയുടെ ഈ പ്രചാരണമാണെന്നും മായാവതി പറഞ്ഞു.
നിരവധി തവണ യുപിയുടെ മുഖ്യമന്ത്രിയായ വനിതാ നേതാവാണ് മായാവതി. 200ലധികം സീറ്റ് നേടിയാണ് ഒടുവില്‍ ബിഎസ്പി അധികാരത്തിലയത്. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ 80 സീറ്റിലേക്കും 2017ല്‍ 19 സീറ്റിലേക്കും ഇടിഞ്ഞു. ഇത്തവണ ഒരു സീറ്റ് മാത്രമാണ് ബിഎസ്പിക്ക് യുപിയില്‍ കിട്ടിയത്. പാര്‍ട്ടിയിലെ ഒട്ടേറെ നേതാക്കള്‍ ബിജെപിയിലും എസ്പിയിലും ചേര്‍ന്നിരുന്നു. ചിലരെ അച്ചടക്ക നടപടികളുടെ ഭാഗമായി മായാവതി പുറത്താക്കുകയും ചെയ്തു. ഇനിയൊരു തിരിച്ചുവരവ് ബിഎസ്പിക്ക് സാധ്യമല്ല എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. പാര്‍ട്ടിയെ നയിക്കാന്‍ ശക്തരായ ഒരു നേതൃത്വമില്ലാത്തതാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിഎസ്പിക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.












Click it and Unblock the Notifications