കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ നീതീഷ് കുമാറിനും ബിജെപിക്കും അടിതെറ്റുമോ? അവസരം കാത്ത് കോണ്‍ഗ്രസും ആര്‍ജെഡിയും

Google Oneindia Malayalam News

പട്ന: കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുകയാണെങ്കിലും ഈ വര്‍ഷം തന്നെ ബിഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ അവസാനമായിരിക്കും തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുകയാണെങ്കിലും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കുകയാണ്.

മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ച്ചയായ നാലാം തവണയും ജനവിധി നേടുന്ന നിതീഷ് കുമാറിനേയും ബിജെപിയേയും സംബന്ധിച്ച് മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി നിരവധി വെല്ലുവിളികളാണ് നേരിടാനുള്ളത്.

ബിഹാറിലെ എന്‍ഡിഎ

ബിഹാറിലെ എന്‍ഡിഎ

ബിജെപി, ജെഡിയു, എല്‍ജെപി എന്നീ പാര്‍ട്ടികള്‍ അണിനിരക്കുന്നതാണ് ബിഹാറിലെ എന്‍ഡിഎ. നിതീഷ് കുമാറിന്‍റെ കാര്യത്തില്‍ എല്‍ജെപി ചില തര്‍ക്കങ്ങള്‍ ഉന്നയിച്ചെങ്കിലും അദ്ദേഹത്തെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് ബിജെപിയും വ്യക്തമാക്കിയിരിക്കുന്നത്. മറുപക്ഷം, അതായത് കോണ്‍ഗ്രസും ആര്‍ജെഡിയും അടങ്ങുന്ന മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്നില്‍ നിര്‍ത്തുന്നത് തേജസ്വി യാദവിനെയാണ്.

2015 ലെ മഹാസഖ്യം

2015 ലെ മഹാസഖ്യം

1990 വരെ ഒരു കൊടിക്കീഴില്‍ പ്രവര്‍ത്തിച്ചതിന് ശേഷം വേര്‍പിരിഞ്ഞ നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ഇരുധ്രുവങ്ങളിലായി നിന്നുകൊണ്ട് ബിഹാര്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതാണ് 2015 വരെ കാണാന്‍ കഴിഞ്ഞത്. 2015 ല്‍ ബിജെപിയുമായി വേര്‍പിരിഞ്ഞതിന് ശേഷം മാഹാസഖ്യത്തിന്‍റെ ഭാഗമായതോടെ നിതീഷ് കുമാറും ലാലു പ്രസാദ് യാദവും വീണ്ടും കൈകൊര്‍ക്കുന്നതും കണ്ടു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക്

മുഖ്യമന്ത്രി സ്ഥാനത്തേക്ക്

ആ തിരഞ്ഞെടുപ്പില്‍ 80 സീറ്റുകള്‍ നേടിയ ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കില്‍ മുഖ്യമന്ത്രിയായത് നിതീഷ് കുമാറായിരുന്നു. ആര്‍ജെഡിയില്‍ നിന്ന് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു. ലാലു പ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ടതും തേജസ്വി രാഷ്ട്രീയത്തിലെ പുതുമുഖമായതും നിതീഷ് കുമാറിന്‍റെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വഴി എളുപ്പമാക്കുകയായിരുന്നു.

തിരികെ ബിജെപി സഖ്യത്തിലേക്ക്

തിരികെ ബിജെപി സഖ്യത്തിലേക്ക്

പിന്നീട് 2017 ല്‍ നിതീഷ് കുമാര്‍ ബിജെപി സഖ്യത്തിലേക്ക് തിരികെ പോവുകയും ചെയ്തു. സാങ്കേതികമായി നോക്കുകയാണെങ്കില്‍ ആറാം തവണയാണ് ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ജനവിധി തേടുന്നത്. 2000 ല്‍ എട്ട് ദിവസവും ജിതിന്‍ റാം മാഞ്ചിക്ക് ശേഷം ഒമ്പത് ദിവസവും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വീണ്ടുമൊരിക്കല്‍ കൂടി ആ മുഖ്യമന്ത്രി കസേരയില്‍ നിതീഷ് കുമാറിന് നിരവധി വെല്ലുവിളികളെ മറികടക്കേണ്ടതായിട്ടുണ്ട്.

പ്രധാന പ്രതിസന്ധി

പ്രധാന പ്രതിസന്ധി

മുഖ്യമന്ത്രി എന്ന നിലയില്‍ നിതീഷ് കുമാറിന് മുന്നിലുള്ള ഏറ്റവും പ്രധാന പ്രതിസന്ധി കൊറോണ വൈറസ് പ്രതിസന്ധിയാണ്. രാജ്യത്തെ പ്രധാന കൊവിഡ് വ്യാപന കേന്ദ്രങ്ങളിലൊന്നാണ് ബിഹാര്‍. സജീവമായ കൊവിഡ് രോഗികളുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആറാം സ്ഥാനത്താണ് ബിഹാര്‍. കൃത്യമായ പരിശോധനകള്‍ നടക്കുകയാണെങ്കില്‍ നിലവിലേതില്‍ നിന്നും ഉയര്‍ന്ന തലത്തില്‍ സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ ഉയരുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

പരിശോധനാ നിരക്ക്

പരിശോധനാ നിരക്ക്

രാജ്യത്തെ തന്നെ ഏറ്റവും കുറവ് കൊവിഡ് പരിശോധനാ നിരക്കുള്ള സംസ്ഥാനമാണ് ബിഹാര്‍. പത്ത് ലക്ഷം പേരില്‍ 18,086 പേര്‍ക്ക് ടെസ്റ്റ് എന്നതാണ് ദേശീയ ശരാശരിയെങ്കില്‍ ബിഹാറില്‍ ഇത് പത്ത് ലക്ഷം പേര്‍ക്ക് 7917 മാത്രമാണ്. ഈ കുറഞ്ഞ ടെസ്റ്റ് നിരക്കിലും രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതിന്‍റെ കാര്യത്തില്‍ ദേശീയ ശരാശരിയേക്കാള്‍ എട്ട് ശതമാനത്തിലേറെ ഉയര്‍ന്ന് നില്‍ക്കുകയാണ് ബിഹാര്‍.

പാസ്വാന്‍റെ വിമര്‍ശനം

പാസ്വാന്‍റെ വിമര്‍ശനം

കൊവിഡ് പ്രതിരോധത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാറിനെതിരായി വലിയ വികാരമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പുറമെ സ്വന്തം സഖ്യകക്ഷികളുടെ ഭാഗത്ത് നിന്നും നിതീഷ് കുമാറിന് കൊവിഡ് പ്രതിരോധത്തിന്‍റെ കാര്യത്തില്‍ വിമര്‍ശനം നേരിടേണ്ടി വരുന്നു. സഖ്യകക്ഷിയായ എല്‍ജെപി നേതാവ് ചിരാഗ് പാസ്വാനാണ് നിതീഷ് കുമാറിന്‍റെ പ്രധാന വിമര്‍ശകരില്‍ ഒരാള്‍.

വെള്ളപ്പൊക്കം

വെള്ളപ്പൊക്കം

സര്‍ക്കാറിന് മുന്നിലുള്ള മറ്റൊരു പ്രധാന വെല്ലുവിളി വെള്ളപ്പൊക്കമാണ്. സംസ്ഥാനത്തെ വലിയൊരു പ്രദേശം ഇപ്പോഴും വെള്ളപ്പൊക്ക ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഏത് ഭരണത്തിന്‍റെ കീഴിലാണെങ്കിലും പ്രളയ ഭീഷണി നേരിടുന്നതിലും പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പാളിച്ചകള്‍ നിലനില്‍ക്കുന്നുണ്ടെന്നുള്ളത് പ്രകടമാണ്. ദുരന്തനിവാരണ വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തെ 16 ജില്ലകളിലായി 1,232 പഞ്ചായത്തുകളെയാണ് ഈ വർഷം വെള്ളപ്പൊക്കം ബാധിച്ചത്. വെള്ളപ്പൊക്കം പ്രതിപക്ഷം പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്.

തൊഴിലാളികള്‍

തൊഴിലാളികള്‍

ബിഹാര്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം കുടിയേറ്റമാണ്. സംസ്ഥാനത്ത് അവശ്യമായ തൊഴിലും മാന്യമായ കൂലിയും ലഭിക്കാതായതോടെ ബിഹാറിലെ തലമുറ പതിറ്റാണ്ടുകളായി മറ്റ് സംസ്ഥാനങ്ങളിലേക്ക് തൊഴില്‍ തേടി കുടിയേറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇത്തരം കുടിയേറ്റങ്ങളില്‍ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. കൊവിഡ് വ്യാപനം തടയാന്‍ രാജ്യവ്യാപകമായ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഈ തൊഴിലാളികള്‍ ഒന്നടങ്കം തിരിച്ചു വരാന്‍ തുടങ്ങിയത് സംസ്ഥാനത്ത് പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കി.

എന്ത് നിലപാട് സ്വീകരിക്കും

എന്ത് നിലപാട് സ്വീകരിക്കും

ഉത്തര്‍പ്രദേശ് അടക്കമുള്ള സര്‍ക്കാറുകള്‍ തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നതില്‍ അനുകൂല നിലപാട് സ്വീകരിച്ചപ്പോള്‍ ബിഹാര്‍ സ്വീകരിച്ച പ്രതികൂല നിലപാടും പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്നാണ്. മടങ്ങിയെത്തിയ തൊഴിലാളികളില്‍ ഭൂരിപക്ഷം പേര്‍ക്കും ഇപ്പോഴും ഉപജീവനമാര്‍ഗ്ഗം കണ്ടെത്താന്‍ സാധിച്ചില്ല. തിരഞ്ഞെടുപ്പില്‍ ഇവര്‍ എന്ത് നിലപാട് സ്വീകരിക്കും എന്നുള്ളത് പ്രധാനമാണ്.

ഭരണ നിര്‍വഹണം

ഭരണ നിര്‍വഹണം

മറ്റൊരു പ്രധാന കാര്യം ഭരണ നിര്‍വഹണത്തിലെ വീഴ്ചകളാണ്. കൊറോണ പ്രതിരോധം കൈകാര്യം ചെയ്യുന്നതില്‍ ബീഹാറിലെ ആരോഗ്യ ഭരണ സംവിധാനം വളരെ മോശമാണെന്നാണ് അടുത്തിടെ പുറത്തു വന്ന ഒരു റിപ്പോര്‍ട്ട് ഇപ്പോള്‍ വ്യക്തമാക്കിയത്. ഓരോ ആയിരം പേര്‍ക്കും 0.11 കിടക്കകളും 0.39 ഡോക്ടർമാരും മാത്രമാണ് ബീഹാറിലുള്ളത്. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ ഹാജരാവുന്നില്ലെന്നും രോഗികളെ പരിശോധിക്കാന്‍ പരിശീലനം ലഭിക്കാത്ത കരാർ ആരോഗ്യ പ്രവർത്തകരെയാണ് മിക്ക ജില്ലകളിലും നിയോഗിച്ചിട്ടുള്ളതെന്നും ജനങ്ങള്‍ വ്യക്തമാക്കുന്നു.

ക്രമസമാധാന പാലനം

ക്രമസമാധാന പാലനം

ക്രമസമാധാന പാലനത്തിലും നിരവധി പ്രതിസന്ധികള്‍ നിലനില്‍ക്കുന്നു. പട്ടാപകല്‍ പോലും തലസ്ഥാന നഗരമായ പട്നയില്‍ ഉള്‍പ്പടെ ബാങ്കുകളും ജ്വല്ലറികളും ഗ്യാസ ഏജന്‍സികളും കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. പകൽ സമയങ്ങളിൽ തന്നെ ഹൈവേകളിൽ ബൈക്കുകളും കാറുകളും തട്ടിയെടുത്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2005 ന് ശേഷം ഇതാദ്യമായി ക്രമസമാധാനം ബിഹാറിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

തൊഴിലില്ലായ്മ

തൊഴിലില്ലായ്മ

ജൂണിൽ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി (സിഎംഐഇ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ദേശീയ തൊഴിലില്ലായ്മാ നിരക്കിന്റെ ഇരട്ടിയാണ് ബിഹാർ രേഖപ്പെടുത്തുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് ഇത് രൂക്ഷമായി. മറ്റെല്ലായിടത്തും പോലെ ബീഹാറിലെ വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ലക്ഷക്കണക്കിന് കുടിയേറ്റക്കാർ ജോലി നഷ്ടപ്പെട്ട് ഗ്രാമങ്ങളിലേക്ക് മടങ്ങുകയും ചെയ്തു. 2020 ഏപ്രിലിൽ ബീഹാറിലെ തൊഴിലില്ലായ്മാ നിരക്ക് 31.2 ശതമാനം വർധിച്ച് 46.6 ശതമാനമായി ഉയർന്നതായി സിഎംഐഇ സർവേ വ്യക്തമാക്കുന്നു. ഇത്തരം വെല്ലുവിളികളെ അതിജിവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തന്‍റെ ആറാം അങ്കത്തില്‍ നിതീഷ് കുമാറിന് ഒരുപക്ഷെ അടിതെറ്റിയേക്കാമെന്നാണ് രാഷ്ട്രീയ നീരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

 പ്രിയങ്ക ഗാന്ധിയാണ് രാജസ്ഥാനിലെ ഹീറോയിന്‍; ആദ്യ ശ്രമം തന്നെ വന്‍ വിജയം, ദേശീയ തലത്തില്‍ സജീവമാവും പ്രിയങ്ക ഗാന്ധിയാണ് രാജസ്ഥാനിലെ ഹീറോയിന്‍; ആദ്യ ശ്രമം തന്നെ വന്‍ വിജയം, ദേശീയ തലത്തില്‍ സജീവമാവും

English summary
Will Nitish Kumar and BJP be defeated in Bihar? Congress and RJD waiting for opportunity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X