നിതീഷ് കുമാര്‍ ഇന്ത്യയുടെ രാഷ്ട്രപതിയാകുമോ? കടുത്ത നിലപാടുമായി പ്രതിപക്ഷം
മുംബൈ: രാംനാഥ് കോവിന്ദ് ആണ് ഇന്ത്യയുടെ രാഷ്ട്രപതി. ഈ വര്‍ഷം ജൂലൈ 25ന് അദ്ദേഹത്തിന്റെ കാലാവധി കഴിയും. അടുത്ത രാഷ്ട്രപതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എത്തുമെന്നാണ് വാര്‍ത്തകള്‍. നിമയസഭാ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാല്‍ ബിജെപി വിഷയത്തില്‍ നിലപാട് വ്യക്തമാക്കും. ബിജെപിയും ജെഡിയുവും സഖ്യം ചേര്‍ന്നാണ് ബിഹാര്‍ ഭരിക്കുന്നത്. ഏറെ കാലം ജെഡിയുവിന് പിന്നില്‍ രണ്ടാം കക്ഷിയായിരുന്ന ബിജെപി പക്ഷേ, കഴിഞ്ഞ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പോടെ ജെഡിയുവിനെ പിന്നിലാക്കി കുതിച്ചു. എങ്കിലും നിതീഷ് കുമാറിനെ തന്നെ മുഖ്യമന്ത്രിയാക്കുകയായിരുന്നു ബിജെപി. പല കാര്യങ്ങളിലും ബിജെപിക്കെതിരായ നിലപാടുകള്‍ വ്യക്തമാക്കുന്ന നേതാവ് കൂടിയാണ് നിതീഷ് കുമാര്‍. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ കാലാവധി കഴിയുന്നതും പുതിയ രാഷ്ട്രപതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ വരുന്നതും.

നിതീഷ് കുമാര്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയാകുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് മാധ്യമങ്ങളോട് പറഞ്ഞു. നിതീഷിനെ സ്ഥാനാര്‍ഥിയാക്കണമെങ്കില്‍ ആദ്യം അദ്ദേഹം ബിജെപിയുമായുള്ള സഖ്യം പിരിയണം. നിതീഷ് കുമാറിന്റെ പേര് ഇതുവരെ ചര്‍ച്ചയില്‍ വന്നിട്ടില്ല. പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളും ഒരുമിച്ചിരുന്ന് വിഷയം ചര്‍ച്ച ചെയ്യും. എന്നിട്ടാകും തീരുമാനമെന്നും നവാബ് മാലിക് പറഞ്ഞു.
ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് വിഷയത്തിലും നവാബ് മാലിക് പ്രതികരിച്ചു. അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിക്ക് തിരിച്ചടി ലഭിക്കും. 403 സീറ്റുള്ള യുപി നിയമസഭയില്‍ 150ല്‍ താഴെ മാത്രമേ ബിജെപിക്ക് കിട്ടുകയുള്ളൂ. 1993ല്‍ ഉത്തര്‍ പ്രദേശ് ഭരിച്ച വേളയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചവരാണ് ബിജെപി. അക്കാരണം കൊണ്ടുതന്നെ ബിജെപിയെ യുപിയിലെ ജനങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തതാണ്. 30 വര്‍ഷത്തിന് ശേഷം ഉത്തര്‍ പ്രദേശില്‍ ചരിത്രം ആവര്‍ത്തിക്കാന്‍ പോകുകയാണെന്നും നവാബ് മാലിക് പറഞ്ഞു.
ദേശീയതലത്തില്‍ ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കുമെന്ന് നവാബ് മാലിക് പറഞ്ഞു. 2024ല്‍ പ്രതിപക്ഷത്തിന്റെ സഖ്യമായിരിക്കും ബിജെപിയെ നേരിടുക. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ഇരു നേതാക്കളും മഹാരാഷ്ട്രയിലെ മഹാ അഗാഡി സഖ്യ നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ കൂട്ടായ നേതൃത്വത്തെ ഞങ്ങള്‍ മുന്നോട്ടുവയ്ക്കും. ആ സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസിനെ ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്നും നവാബ് മാലിക് വിശദീകരിച്ചു.
കോണ്‍ഗ്രസിനെ കൂടെ ചേര്‍ക്കില്ല എന്ന നിലപാടാണ് മമത ഇതുവരെ സ്വീകരിച്ചത്. നേരത്തെ ചര്‍ച്ചയ്ക്ക് ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് താല്‍പ്പര്യം കാണിച്ചില്ല എന്നാണ് മമത പറഞ്ഞത്. ചന്ദ്രശേഖര റാവുവും കോണ്‍ഗ്രസ് നേതൃത്വവുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. അതേസമയം, കെസിആറും മമതയും വൈകാതെ ചര്‍ച്ച നടത്തുമെന്നാണ് വിവരം.












Click it and Unblock the Notifications