ആർക്ക് വേണം ബിജെപി സഖ്യമെന്ന് ജയന്ത് ചൗധരി; യുപിയിൽ നിന്ന് ബിജെപിയെ കെട്ട് കെട്ടിക്കുമെന്ന് അഖിലേഷ് യാദവ്
ലഖ്നൗ; ഉത്തർപ്രദേശിൽ നിന്നും ബിജെപിയെ പുറത്താക്കുമെന്നും കർഷകരെ പാർട്ടി വഞ്ചിക്കുകയായിരുന്നുവെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജയന്ത് ചൗധരിയും. മീററ്റിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇരുവരുടേയും പ്രതികരണം. വിവാദ കാർഷിക നിയമങ്ങൾ സർക്കാർ പിൻവലിച്ചത് വോട്ട് ലക്ഷ്യം വെച്ചാണ്. അത്തരത്തിലൊരു കർഷക വിരുദ്ധ നിയമം അധികാരത്തിലേറിയാൽ തങ്ങൾ കൊണ്ടുവരില്ലെന്നും ഇരുവരും പറഞ്ഞു.

'കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു ബിജെപി നൽകിയ വാഗ്ദാനം. എന്നാൽ അവർ ചെയ്തത് എന്താണ്? കർഷക വിരുദ്ധമായ മൂന്ന് നിയമങ്ങൾ നടപ്പാക്കി. എന്നാൽ കർഷകർ തന്നെ സർക്കാരിനെ കൊണ്ട് നിയമങ്ങൾ പിൻവലിപ്പിച്ചു. വോട്ടിന് വേണ്ടി മാത്രമാണ് ബിജെപി നിയമങ്ങൾ പിൻവലിച്ചത്. മഹാസഖ്യം അധികാരത്തിലേറിയാൽ അത്തരത്തിലൊരു കർഷക വിരുദ്ധ നിയമങ്ങളും നടപ്പാക്കില്ല', നേതാക്കൾ പറഞ്ഞു
നിലവിൽ കർഷകർ ഏറെയുള്ള പടിഞ്ഞാറൻ യു പിയിൽ കടുത്ത പ്രതിസന്ധിയാണ് ബി ജെ പി നേരിടുന്നത്. ഈ സാഹചര്യത്തിൽ മേഖലയിലുള്ള ജാട്ട് വോട്ടുകൾ പെട്ടിയിലാക്കാൻ ആർ എൽ ഡിയെ എൻ ഡി എയിലേക്ക് നേതൃത്വം ക്ഷണിച്ചിരുന്നു. ഇതിനെതിരെ ഇരു നേതാക്കളും തുറന്നടിച്ചു. ഞങ്ങൾ നേരത്തേ തന്നെ സഖ്യം രൂപീകരിച്ചതാണ്. യുപിയുടെ വികസനമാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങൾ രണ്ടു പേരും കർഷകരുടെ മക്കളാണ്. അവരുടെ അവകാശങ്ങൾക്കായി അവസാന ശ്വാസം വരേയും ഞങ്ങൾ പോരാടും, നേതാക്കൾ പറഞ്ഞു.
മഹാസഖ്യം അധികാരത്തിലേറിയാൽ കുറഞ്ഞ താങ്ങുവിലയിൽ വിളകൾ വാങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തും. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ കൂട്ടും. 300 യൂണിറ്റ് വൈദ്യുതിയും സൗജന്യമായി നല്‍കും. ജലസേചന ആവശ്യങ്ങൾക്ക് സൗജന്യ വൈദ്യുതിയും മുൻ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.
തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചോ എന്ന് ബിജെപി ഇനിയെങ്കിലും പരിശോധിക്കണം. ബിജെപി ഇക്കുറി രാഷ്ട്രീയ പലായനം നടത്തേണ്ടി വരും, അഖിലേഷ് പറഞ്ഞു. ഗൊരഖ്പൂരിൽ മത്സരിക്കാനുള്ള യോഗിയുടെ തിരുമാനത്തേയും അഖിലേഷ് പരിഹസിച്ചു. അയോധ്യയിലോ മധുരയിലോ പ്രയാഗ്രാജിലോ സീറ്റ് വേണമെന്നതായിരുന്നു യോഗിയുടെ ആവശ്യം. എന്നാൽ അദ്ദേഹത്തെ നേതൃത്വം ഗൊരഖ്പൂരിലേക്ക് തന്നെ മടക്കി അയക്കുകയാണ് ചെയ്തത്. ഇത്തവണ ഉത്തർപ്രദേശിൽ മാറ്റം വരും. ബിജെപിയെ അധികാരത്തിൽ നിന്ന് തൂത്തെറിയുമെന്നും ഇരു നേതാക്കളും മീററ്റിൽ പ്രതികരിച്ചു.
ഏഴ് നിയമസഭ മണ്ഡലങ്ങളാണ് മീററ്റ് ജില്ലയിൽ ഉള്ളത്. കഴിഞ്ഞ തവണ ബിജെപിയായിരുന്നു മുഴുവൻ സീറ്റിലും വിജയിച്ചത്. എന്നാൽ ഇക്കുറി മീററ്റ് സൗത്ത്, കണ്ടോൺമെന്റ്, സിറ്റി എന്നിവിടങ്ങളിൽ മാത്രമാണ് ബിജെപിക്ക് നേരിയ മുൻതൂക്കം പ്രവചിക്കുന്നത്. ഹസ്തിനപുര, കിഠോർ, സാർധന,സിവൽഖാസ് എന്നിവടങ്ങളിൽ ശക്തമായ മത്സരമാണ് സമാജ്വാദി പാർട്ടിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം കാഴ്ച വെയ്ക്കുന്നത്.
പടിഞ്ഞാറൻ യു പിയിലെ പ്രബല വോട്ട് ബാങ്ക് ആയ ജാട്ട് സമുദായങ്ങളിൽ ഭൂരിഭാഗം പേരും കർഷകരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മേഖലയിലെ പകുതിയിൽ അധികം സീറ്റുകളിലും ബിജെപിയായിരുന്നു വിജയിച്ചത്.കർഷക പിന്തുണ ഉറപ്പായാൽ പടിഞ്ഞാറൻ യു പിയിൽ ഭാഗ്പട്, ഷാംലി, മുസാഫർനഗർ, മീററ്റ്, ശരണാപൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നേട്ടം കൊയ്യാൻ സാധിക്കും.
Recommended Video
പൗരത്വ നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം നടന്ന മേഖല കൂടിയാണ് പടിഞ്ഞാറൻ യുപി. അതുകൊണ്ട് തന്നെ കർഷക-മുസ്ലീം വോട്ടുകൾ ഇരുപാർട്ടികളും സ്വരൂപിച്ചാൽ അത് ബിജെപിക്ക് വലിയ തിരിച്ചടിയാകും. മേഖലയിലെ പ്രമുഖരായ ദളിത് നേതാക്കൾ കൂടി ഇവിടെ പാർട്ടി വിട്ട് സമാജ്വാദിക്കൊപ്പം ചേർന്നത് നേതൃത്വത്തെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്.












Click it and Unblock the Notifications