ഇന്ന് പട്ടിണി കിടക്കേണ്ടി വരുമോ? സ്വിഗ്ഗി, സൊമാറ്റോ സമരം: കേരളത്തില്‍ ഭാഗികം: ബാധിക്കുക ഈ നഗരത്തെ
പുതുവര്‍ഷ രാവില്‍ ഭക്ഷണ പ്രേമികള്‍ക്ക് നിരാശ പകരുന്ന വാര്‍ത്തയാണ് വരുന്നത്. ഈ വര്‍ഷത്തിന്റെ അവസാന ദിനത്തില്‍ രാജ്യത്തെ ഓണ്‍ലൈന്‍ സേവനങ്ങള്‍ നിശ്ചലമായേക്കും. തൊഴില്‍ സുരക്ഷ ആവശ്യപ്പെട്ട് ഗിഗ് തൊഴിലാളികള്‍ രാജ്യവ്യാപകമായി പണിമുടക്കിലേക്ക് നീങ്ങുകയാണ്. സൊമാറ്റോ, സ്വിഗ്ഗി, സെപ്റ്റോ, ബ്ലിങ്കിറ്റ്, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഡെലിവറി തൊഴിലാളികള്‍ (ഗിഗ് തൊഴിലാളികള്‍) ഇന്ന് പ്രതിഷേധവുമായി തെരുവിലിറങ്ങും. കേരളത്തില്‍ ഭാഗികമായിട്ടായിരിക്കും പണിമുടക്ക്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ക്രിസ്മസ് ദിനത്തില്‍ നടന്ന സൂചനാ പണിമുടക്കിന് പിന്നാലെയാണ് പുതുവര്‍ഷ തലേന്നുള്ള ഈ ശക്തമായ പ്രതിഷേധം. തൊഴിലാളികള്‍ നേരിടുന്ന ചൂഷണവും അമിതമായ ജോലി സമ്മര്‍ദവും അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് ലക്ഷ്യമെന്ന് തൊഴിലാളി യൂണിയനുകള്‍ വ്യക്തമാക്കി. ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം സര്‍വീസസ് വര്‍ക്കേഴ്സ് യൂണിയനും ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ്-ബേസ്ഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സും സംയുക്തമായാണ് ഈ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാജ്യത്തെ ഐടി ഹബ്ബായ ബെംഗളൂരുവിനെയാകും ഈ പണിമുടക്ക് ഏറ്റവും കൂടുതല്‍ ബാധിക്കുക. ലക്ഷക്കണക്കിന് ആളുകള്‍ ഓണ്‍ലൈന്‍ ഡെലിവറികളെ ആശ്രയിക്കുന്ന നഗരമായതിനാല്‍, പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടയില്‍ ഭക്ഷണ വിതരണം തടസപ്പെടാന്‍ സാധ്യതയുണ്ട്.
ഡെലിവറി നിരക്കുകള്‍ വര്‍ധിപ്പിക്കുകയും ശമ്പളം വെട്ടിക്കുറയ്ക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുക. ന്യായമായ വേതനം ഉറപ്പാക്കുക. ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ തുടങ്ങിയ അടിസ്ഥാന സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുക. മിനിറ്റുകള്‍ക്കുള്ളില്‍ ഡെലിവറി പൂര്‍ത്തിയാക്കണമെന്ന കമ്പനികളുടെ സമ്മര്‍ദം തൊഴിലാളികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യമുണ്ട്. ഇതിനും പരിഹാരം ഉണ്ടാവണം. ഇത്തരത്തില്‍ നിരവധി ആവശ്യങ്ങളാണ് തൊഴിലാളികള്‍ മുന്നോട്ടു വയ്ക്കുന്നത്.
സെപ്റ്റോ, ബ്ലിങ്കിറ്റ് തുടങ്ങിയ കമ്പനികള്‍ നടപ്പാക്കുന്ന ആറ് മുതല്‍ 10 മിനിറ്റ് ഡെലിവറി രീതി തൊഴിലാളികളുടെ ജീവന്‍ അപകടത്തിലാക്കുന്നുവെന്ന് ആരോപണം ഉയരുന്നുണ്ട്. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കാനും വേഗത്തില്‍ വണ്ടി ഓടിക്കാനും ഇത് തൊഴിലാളികളെ പ്രേരിപ്പിക്കുന്നു. ഇത് നിര്‍ത്തലാക്കണമെന്നാണ് പ്രധാന ആവശ്യം. അതുപോലെ അപകട ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവ മിക്കവാറും ഗിഗ് തൊഴിലാളികള്‍ക്കും ലഭ്യമല്ല. റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്ന തൊഴിലാളികളെ സംരക്ഷിക്കാന്‍ കൃത്യമായ സംവിധാനം വേണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സൊമാറ്റോ, സ്വിഗ്ഗി പോലുള്ള പ്ലാറ്റ്ഫോമുകളില്‍ ഓര്‍ഡറുകള്‍ ഏറ്റവും കൂടുതലായി ലഭിക്കുന്ന ദിവസമാണ് പുതുവര്‍ഷത്തലേന്ന്. തൊഴിലാളികള്‍ പണിമുടക്കിയാല്‍ അത് ഭക്ഷണത്തിന്റെയും അത്യാവശ്യ സാധനങ്ങളുടെയും ഡെലിവറിയില്‍ വലിയ കാലതാമസം നേരിടാം. ബെംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, പൂനെ തുടങ്ങിയ നഗരങ്ങളിലാകും സമരം ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുക. ഡിസംബര്‍ 25-ലെ സമരത്തില്‍ 50% മുതല്‍ 60% വരെ ഡെലിവറികള്‍ തടസപ്പെട്ടിരുന്നു. ഇന്ന് ഇതിലും വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് യൂണിയനുകള്‍ പറയുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും യൂണിയന്‍ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.












Click it and Unblock the Notifications