പെട്രോൾ-ഡീസൽ വില നാലോ അഞ്ചോ രൂപ കൂടും? പാചകവാതക വില 40 രൂപ വരെ?
ഇന്ത്യയിൽ പെട്രോൾ, ഡീസൽ, ഗാർഹിക എൽപിജി സിലിണ്ടർ വില ഉടൻ വർദ്ധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. പശ്ചിമേഷ്യയിലെ സംഘർഷം കാരണം ആഗോള ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ അടുത്ത 5-7 ദിവസത്തിനുള്ളിൽ വില വർദ്ധനയെക്കുറിച്ച് ഒരു തീരുമാനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക ചർച്ചകൾ പ്രകാരം, പെട്രോൾ, ഡീസൽ വില ലിറ്ററിന് ഏകദേശം 4-5 രൂപ വരെ വർദ്ധിച്ചേക്കാം. ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് 40-50 രൂപ വരെ അധികം നൽകേണ്ടി വരും.
ഇന്ധന വില വർദ്ധനയ്ക്ക് സാധ്യതയുണ്ടെന്നും എണ്ണക്കമ്പനികൾ കടുത്ത സമ്മർദ്ദത്തിലാണെന്നും ഇന്ത്യ ടുഡെ റിപ്പോർട്ടിൽ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് പെട്ടെന്നുള്ള വർധനവിന് സർക്കാർ മടിച്ച് നിന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കഴിഞ്ഞ ദിവസം വാണിജ്യ സിലിണ്ടറുകളുടെ വില സർക്കാർ വർധിപ്പിച്ചിരുന്നു. ഇന്ധന വിലയിലും എൽപിജി സിലിണ്ടർ വിലയിലും എത്രമാത്രം വർദ്ധന വരുത്തണം, എപ്പോൾ നടപ്പിലാക്കണം എന്നതുൾപ്പെടെ സാധ്യതകൾ സർക്കാർ പരിശോധിച്ച് വരികയാണ്. എണ്ണക്കമ്പനികൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിനൊപ്പം വിലവർദ്ധനവ് പണപ്പെരുപ്പത്തിനെ അമിതമായി ഉയർത്തുന്നതിനോ ഉപഭോക്തൃ ആവശ്യകതയെ ബാധിക്കുന്നതിനോ ഇടയാക്കരുതെന്ന കാര്യത്തിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

പശ്ചിമേഷ്യയിലെ യുദ്ധം മൂലമുണ്ടായ ആഗോള ക്രൂഡ് വിലകളിലെ കുതിച്ചുചാട്ടമാണ് പെട്ടെന്നുള്ള വില വർധനവ് പരിഗണിക്കാനുള്ള കാരണം. വിതരണത്തിലെ തടസം, വർദ്ധിച്ച കപ്പൽ ഗതാഗത ചിലവ്, ദീർഘകാല സംഘർഷം എന്നിവയെല്ലാം അന്താരാഷ്ട്ര വിലകൾ വർദ്ധിപ്പിച്ചു. ഇത് എണ്ണക്കമ്പനികളുടെ ഉൽപ്പാദനച്ചെലവ് കൂട്ടുകയും ചെയ്തു.
ആഭ്യന്തര പമ്പുകളിൽ വിലകൾ ദീർഘകാലത്തേക്ക് മാറ്റമില്ലാതെ നിലനിന്നതിനാൽ എണ്ണക്കമ്പനികൾ വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടി വന്നു. ഉയർന്ന ക്രൂഡ് വിലകൾ സർക്കാർ ഖജനാവിന് മേലും സമ്മർദ്ദമുണ്ടാക്കുന്നതിനാൽ മറ്റു ബജറ്റ് പ്രതിബദ്ധതകളെ ബാധിക്കാതെ സബ്സിഡികളോ നികുതിയിളവുകളോ നൽകി ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ള സാധ്യതകൾ ഇതോടെ കുറഞ്ഞുവെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഇന്ധന വിലയിലും എൽപിജി വിലയിലും വരുത്തുന്ന ഏതൊരു മാറ്റവും കുടുംബ ബജറ്റിനെ താളം തെറ്റിക്കും. വാണിജ്യ സിലിണ്ടറുകളുടെ വില ഉയർത്തിയ നടപടിക്കെതിരെ തന്നെ വലിയ പ്രതിഷേധം ഇപ്പോൾ ഹോട്ടൽ മേഖലകളിൽ നിന്നെല്ലാം ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ വർദ്ധനവിന്റെ സമയവും തോതും അന്തിമമാക്കുന്നതിന് മുമ്പ് ആഗോള ഊർജ്ജ പ്രവണതകളും ആഭ്യന്തര പണപ്പെരുപ്പ വിവരങ്ങളും സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കും.












Click it and Unblock the Notifications