'യുപി പിടിച്ച അതേ തന്ത്രം പയറ്റും'; കർണാടക നിലനിർത്താൻ ബിജെപിക്ക് കഴിയുമെന്ന് ബസവരാജ് ബൊമ്മൈ
ദില്ലി; അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ അധികാരം തുടരാൻ സർവ്വ സന്നാഹങ്ങളുമായി ബി ജെ പി. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിൽ പയറ്റി വിജയിച്ച തന്ത്രങ്ങൾ കർണാടകയിലും പയറ്റാനാണ് ബി ജെ പി നേതൃത്വം ഒരുങ്ങുന്നത്.

തത്വാധിഷ്‌ഠിത രാഷ്ട്രീയത്തിന് ജാതി രാഷ്ട്രീയത്തെ പരാജയപ്പെടുത്താൻ കഴിയുമെന്നും ജനങ്ങൾ ഹിന്ദുത്വ രാഷ്ട്രീയത്തെ വലിയ രീതിയിൽ അംഗീകരിച്ചുവെന്നും മുഖ്യമന്ത്രി ബസരവരാജ് ബൊമ്മൈ പറഞ്ഞു. ഹിന്ദുത്വ, ദേശീയത, വികസനം എന്നിവയിൽ അധിഷ്‌ഠിതമായ പ്രചരണങ്ങളാകും കർണാടകയിൽ പാർട്ടി സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചരണ ചുമതലയുണ്ടായിരുന്ന കേന്ദ്രമന്ത്രിമാരായ ശോഭ കരന്ത്ലജെ, പ്രഹ്ളാദ് ജോഷി, ബി ജെ പി ജനറൽ സെക്രട്ടറി സി ടി രവി എന്നിവരെ അനുമോദിക്കാൻ നടത്തിയ ചടങ്ങിലായിരുന്നു ബൊമ്മൈയുടെ പ്രതികരണം.

യുപി തെരഞ്ഞെടുപ്പിൽ ജാതി രാഷ്ട്രീയത്തെക്കുറിച്ച് ധാരാളം വിശകലനങ്ങൾ നടന്നിരുന്നു, തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ജാതികളൊന്നും സ്വാധീനിക്കില്ല. ജനങ്ങൾ ആരും ജാതിയുടെ അടിസ്ഥാനത്തിലല്ല നീങ്ങുന്നത് മറിച്ച് അവർ ദേശീയവാദികളാണ്, ബൊമ്മൈ പറഞ്ഞു. മോദിയുടെ കരുത്ത് നമ്മുക്കൊപ്പമുണ്ട്, സംഘടനയുടെ കരുത്തുണ്ട്. നമ്മൾ ഒരുമിച്ച് പ്രവർത്തിച്ച് മുന്നോട്ട് പോയാൽ എന്താണ് അജണ്ടയെന്ന് നമ്മുക്ക് തന്നെ കണ്ടെത്താൻ സാധിക്കും. 2023 ബി ജെ പി തനിച്ച് അധികാരത്തിലേറും. തനിക്ക് അതിൽ പൂർണവിശ്വാസം ഉണ്ടെന്നും ബൊമ്മൈ കൂട്ടിച്ചേർത്തു.

ജാതി രാഷ്ട്രീയത്തിന്റെ കോട്ടയാണ് യുപി. സംസ്ഥാനത്ത് വിജയിക്കാൻ ആത്മാർത്ഥത ആവശ്യമാണ്. ജാതി രാഷ്ട്രീയത്തെ തത്വ രാഷ്ട്രീയം തോൽപിച്ചു. ഇത് മോദിജിയുടെയും യോഗിജിയുടെയും നേട്ടമാണ്. പല സമുദായങ്ങളും ഞങ്ങളുടെ പ്രത്യയശാസ്ത്രം അംഗീകരിച്ച് രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് വരികയാണ്. ക്ഷമയും കഠിനാധ്വാനവും ഉറച്ച വിശ്വാസവുമാണ് തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിതന്നത്. ബി ജെ പിക്ക് വർഷങ്ങളോളം പല സംസ്ഥാനങ്ങളിലും അധികാരത്തിലേറാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ആദ്യമായി അധികാരം നേടിയ സംസ്ഥാനങ്ങളിൽ പോലും ഭരണ തുടർച്ച നേടാൻ പാർട്ടിക്ക് സാധിച്ചിട്ടുണ്ടെന്നും ബൊമ്മൈ വ്യക്തമാക്കി.

ഇപ്പോൾ ബി ജെ പിക്ക് ഭരണ തുടർച്ച ലഭിച്ച നാല് സംസ്ഥാനങ്ങളും എല്ലാ അടിസ്ഥാനത്തിലും വ്യത്യസ്തത പുലർത്തുന്ന സംസ്ഥാനങ്ങളാണ്. പക്ഷേ ഇവിടങ്ങളിൽ എല്ലാം ബി ജെ പി വ്യക്തമായ വിജയം ഉറപ്പാക്കിയിട്ടുണ്ട്. ബിജെയുടേയും മോദിയുടേയും നിലപാടുകൾ ജനം അംഗീകരിച്ചുവെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നാല് സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് വിജയത്തോടെ പ്രത്യേക ജാതി സമുദായങ്ങളിൽ കൂടുതൽ സ്വാധീനമുള്ള നേതാക്കളുടെയെല്ലാം പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണെന്നാണ് ബി ജെ പി നേതാക്കൾ പറയുന്നത്. കർണാടകയിൽ മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയുടേയും മകൻ വിജേന്ദ്രയുടേയും മോഹങ്ങൾ ഇത്തരത്തിൽ പൊലിഞ്ഞിരിക്കുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ലിംഗായത്ത് സമുദായങ്ങൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് യെദ്യൂരപ്പ. നേരത്തേ അദ്ദേഹത്തെ മാറ്റി നിർത്തിയത് സമുദായാംഗങ്ങളുടെ കടുത്ത എതിർപ്പിന് കാരണമായിരുന്നു. ഇതോടെ അദ്ദേഹത്തേയും മകനേയും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ മാറ്റി നിർത്തിയാൽ ബി ജെ പി തിരിച്ചടി നേരിട്ടേക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. അതിനിടെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിക്കും നേതൃത്വത്തിനും മേൽ സമ്മർദ്ദം ചെലുത്താനുള്ള നീക്കങ്ങൾ യെദ്യൂരപ്പയും മകനും ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ദില്ലിയിലെത്തി കേന്ദ്ര നേതാക്കളെ വിജേന്ദ്ര സന്ദർശിച്ചതിന് ഇതിന്റെ ഭാഗമായിട്ടാണെന്നാണ് കന്നഡ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തത്.












Click it and Unblock the Notifications