പിഎംകെ വിജയ്ക്ക് കൈ കൊടുക്കും? 2 ഡിഎംകെ മന്ത്രിമാരും, മഹാ സഖ്യം വരുന്നു എന്ന് ദിനകരന്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വലിയ പദ്ധതി ആവിഷ്‌കരിച്ച് വിജയ് നേതൃത്വം നല്‍കുന്ന ടിവികെ. പട്ടാളി മക്കള്‍ കക്ഷി (പിഎംകെ) യുമായി ടിവികെ സഖ്യമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പോണ്ടിച്ചേരിയില്‍ കര്‍ശന ഉപാധികളോടെ നാളെ സമ്മേളനം നടത്താല്‍ പോലീസ് അനുമതി നല്‍കിയ പിന്നാലെയാണ് ചര്‍ച്ചകള്‍.
എഐഎഡിഎംകെയില്‍ നിന്ന് സെങ്കോട്ടയ്യന്‍, നഞ്ചില്‍ സമ്പത്തും ടിവികെയില്‍ ചേര്‍ന്നിരുന്നു. രണ്ട് ഡിഎംകെ മന്ത്രിമാര്‍ വിജയുടെ പാര്‍ട്ടിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ട്. അതിനിടെയാണ് പിഎംകെ നേതാവ് അന്‍പുമണിയുമായി വിജയ് ചര്‍ച്ചയ്ക്ക് കളമൊരുക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയുടെ നേതൃത്വത്തില്‍ മഹാ സഖ്യം കളത്തിലുണ്ടാകുമെന്ന് എഎംഎംകെ നേതാവ് ടിടിവി ദിനകരന്‍ പറഞ്ഞു.

ടിവികെയില്‍ പ്രധാനപ്പെട്ട സംഭവം നടക്കാന്‍ പോകുകയാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സെയ്യാറു ബാലു വെളിപ്പെടുത്തി. ഡിസംബര്‍ പത്തിന് ശേഷം അണ്ണാഡിഎംകെയില്‍ നിന്ന് രണ്ട് പ്രമുഖ നേതാക്കളും ഡിഎംകെയില്‍ നിന്ന് രണ്ട് മന്ത്രിമാരും ടിവികെയില്‍ ചേരുമെന്നാണ് അഭ്യൂഹം. ടിവികെ നേതാവ് ആദവ് അര്‍ജുന ഇക്കാര്യം സംബന്ധിച്ച് സൂചന നല്‍കി.
തൈലാപുരത്ത് വെച്ച് ഡോക്ടര്‍ രാമദാസുമായി വിജയ് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഈ കൂടിക്കാഴ്ച തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണായകമാകും. അന്‍പുമണി ടിവികെ സഖ്യത്തിലെത്തുമോ എന്നത് വ്യക്തമല്ലെങ്കിലും ഭരണത്തില്‍ പങ്കാളിത്തം ലഭിച്ചാല്‍ സഖ്യത്തിന് തയ്യാറാകുമെന്നാണ് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിലാണ് അന്‍പുമണിയുടെ ശ്രദ്ധ.
വണ്ണിയാര്‍ സമുദായത്തിലെ ഭൂരിപക്ഷം വോട്ടുകളും രാമദാസിനൊപ്പമാണ്. ഈ വോട്ടുകള്‍ ടിവികെയിലേക്ക് ആകര്‍ഷിക്കാനും വടക്കന്‍ ജില്ലകളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുമാണ് വിജയ് രാമദാസുമായി കൂടിക്കാഴ്ച നടത്തുക. കരൂര്‍ ദുരന്തവേളയില്‍ വിജയിയെ അനുകൂലിച്ചാണ് അന്‍പുമണി പ്രതികകിച്ചിരുന്നത്.
വിജയ് നേതൃത്വം നല്‍കുന്ന മഹാസഖ്യം
2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് മുന്നണികള്‍ തമ്മിലുള്ള ശക്തമായ പോരാട്ടമായിരിക്കും നടക്കുകയെന്ന് എഎംഎംകെ ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍ അഭിപ്രായപ്പെട്ടു. നടന്‍ വിജയുടെ നേതൃത്വത്തില്‍ ഒരു വലിയ സഖ്യം രൂപീകരിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. തിരുപ്പൂരില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദിനകരന്‍.
താന്‍ അഞ്ചാമതൊരു മുന്നണി രൂപീകരിക്കാന്‍ ഒരുങ്ങുകയാണെന്നുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഡിഎംകെ, എഐഎഡിഎംകെ എന്നിവയ്ക്ക് പുറമെ, നടന്‍ വിജയുടെ നേതൃത്വത്തില്‍ ശക്തമായ ഒരു സഖ്യം വരുന്നതായി തനിക്ക് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ദിനകരന്‍ വെളിപ്പെടുത്തി. സീമാന്‍ ഒറ്റയ്ക്ക് മത്സരിക്കും. താന്‍ ഏത് മുന്നണിക്കോടൊപ്പം ചേരുമെന്ന് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ദിനകരന്‍ അറിയിച്ചു.












Click it and Unblock the Notifications