'അവർ നമ്മുടെ സഹോദരങ്ങളാണ്', കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കുമെന്ന് എംകെ സ്റ്റാലിൻ

ദില്ലി: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളള കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ബീഹാറില്‍ നിന്നുളള തൊഴിലാളികളെ ലക്ഷ്യം വെച്ച് ആക്രമണം നടക്കുന്നു എന്നുളള പ്രചാരണങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അന്യസംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നു എന്നുളള പ്രചാരണം അടിസ്ഥാനരഹിതമാണ് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
കുടിയേറ്റ തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടതില്ല. ആരെങ്കിലും നിങ്ങളെ ഭീഷണിപ്പെടുത്തുകയാണെങ്കില്‍ ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിക്കുക. കുടിയേറ്റക്കാരായ സഹോദരങ്ങളെ സംരക്ഷിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരും ഇവിടുത്തെ ജനങ്ങളും ഒരുമിച്ച് നില്‍ക്കും, എംകെ സ്റ്റാലിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ബീഹാറില്‍ നിന്നുളള തൊഴിലാളികളെ ആക്രമിക്കുന്നതായി വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ തമിഴ്‌നാട് സര്‍ക്കാരും ബീഹാറും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബീഹാര്‍ നിയമസഭയിലും ഈ വിഷയം പ്രതിഷേധത്തിന് ഇടയാക്കുകയുണ്ടായി.
തമിഴ്‌നാട്ടില്‍ ബീഹാറുകാരായ തൊഴിലാളികളെ കൊലപ്പെടുത്തുന്നു എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയ ഉത്തര്‍പ്രദേശില്‍ നിന്നുളള ബിജെപി നേതാവിന് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് ബിജെപി വക്താവ് പ്രശാന്ത് ഉംറാവുവിന് എതിരെയാണ് കേസ്. ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ 12 അതിഥി തൊഴിലാളികളെ കെട്ടിത്തൂക്കി കൊന്നു എന്നായിരുന്നു ട്വീറ്റ്. ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഒരുമിച്ചുളള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ട്വീറ്റ്. തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടിട്ടും തേജസ്വി യാദവ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ പോയി എന്നും ്ട്വീറ്റിലുണ്ടായിരുന്നു. ഈ ട്വീറ്റ് പിന്നീട് നീക്കം ചെയ്യപ്പെട്ടു.
മതത്തിന്റെയും ഭാഷയുടേയും പേരില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചതിനാണ് ബിജെപി നേതാവിന് എതിരെ തമിഴ്‌നാട് പോലീസ് കേസെടുത്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ ഒരു പ്രാദേശിക പത്രത്തിന്റെ എഡിറ്ററും ഉടമയുമായ വ്യക്തിക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. ബീഹാര്‍ സ്വദേശിലെ ജാര്‍ഖണ്ഡ് സ്വദേശി കൊലപ്പെടുത്തിയ സംഭവം ഉത്തരേന്ത്യക്കാര്‍ക്ക് എതിരെയുളള ആക്രമണമായി ചിത്രീകരിച്ചതിന് എതിരെയാണ് കേസ്. ഇവരെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക സംഘം തന്നെ രൂപീകരിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുടിയേറ്റ തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നതായി നിരവധി വ്യാജ മെസ്സേജുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.












Click it and Unblock the Notifications