അമേഠിയില്‍ രാഹുല്‍ മത്സരിക്കുമോ? എല്ലാത്തിനും ഉടന്‍ തന്നെ ഉത്തരം ലഭിക്കുമെന്ന് ഖാർഗെ
ഡല്‍ഹി: അമേഠി, റായ്ബറേലി സീറ്റുകളിലേക്കുള്ള പാർട്ടി സ്ഥാനാർഥികളുടെ പേരുകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അമേഠിയില്‍ രാഹുല്‍ ഗാന്ധിയും റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിന് ഇടയിലാണ് ദേശീയ അധ്യക്ഷന്റെ പ്രതികരണം.
"നിങ്ങൾ കുറച്ച് ദിവസം കൂടി കാത്തിരിക്കണം... സ്ഥാനാർത്ഥികളുടെ പേരുകൾ ആളുകളിൽ നിന്ന് എൻ്റെ അടുക്കൽ വന്ന്, ഞാൻ വിജ്ഞാപനത്തിൽ ഒപ്പിടുമ്പോൾ അത് പ്രഖ്യാപിക്കും," എന്നായിരുന്നു അമേഠി, റായ്ബറേലി ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കുറിച്ച് ചോദിച്ചപ്പോഴുള്ള മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം.

അതേസമയം, അമേഠിക്ക് പകരം രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ മത്സരത്തെ വിമർശിച്ച ബി ജെ പിക്കുള്ള മറുപടിയും എ ഐ സി സി അധ്യക്ഷന്‍ നല്‍കി. മുന്‍ പ്രധാന മന്ത്രി അടൽ ബിഹാരി വാജ്‌പേയിയും ലാൽ കൃഷ്ണ അദ്വാനിയും എത്ര തവണ സീറ്റുകള്‍ മാറി മത്സരിച്ചെന്നാണ് ഇത്തരം ചോദ്യങ്ങള്‍ കോണ്‍ഗ്രസിനോട് ചോദിക്കുന്നവരോട് എനിക്ക് തിരിച്ച് ചോദിക്കാനുള്ളതെന്നായിരുന്നു ഖാർഗെയുടെ പ്രതികരണം.
അഴിമതിക്കാരെ ജയിലിൽ അടയ്ക്കണമെന്ന് ബി ജെ പി നിരന്തരം പറയുന്നുണ്ടെങ്കിലും അഴിമതി ആരോപണങ്ങൾ നേരിടുന്ന നേതാക്കൾ പാർട്ടിയിൽ ചേരുമ്പോൾ അവരെ മടിയിലിരുത്തി രാജ്യസഭയിലേക്കോ നിയമസഭയിലേക്കോ അയക്കുന്ന സമീപനമാണ് അവർ സ്വീകരിക്കുന്നതെന്നും മല്ലികാർജുൻ ഖാർഗെ ആരോപിച്ചു .
അതേസമയം, ഗാന്ധി കുടുംബത്തിൻ്റെ കോട്ടയായ റായ്ബറേലിയിലും അമേഠിയിലും ആരെയാണ് മത്സരിപ്പിക്കുക എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. സോണിയാ ഗാന്ധി നാല് തവണ എംപിയായിരുന്ന റായ്ബറേലിയില്‍ എ ഐ സി സി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നാണ് ഏറെക്കുറെ ഉറപ്പായ സൂചന.
2004, 2009, 2014 വർഷങ്ങളിൽ മൂന്ന് തവണ വിജയിച്ച അമേഠിയില്‍ രാഹുലിന്റെ മത്സര സാധ്യതയും തള്ളിക്കളയാനാകില്ല. 2019 ൽ ബി ജെ പിയുടെ സ്മൃതി ഇറാനിയോട് രാഹുലിനേറ്റ തിരിച്ചടി ദേശീയ തലത്തില്‍ കോണ്‍ഗ്രസിനും വലിയ ക്ഷീണമായിരുന്നു. അമേഠിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെക്കുറിച്ചുള്ള അഭ്യൂഹം തുടരവെ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ സ്ഥാനാർത്ഥിത്വത്തിനായുള്ള പോസ്റ്ററുകൾ ബുധനാഴ്ച അമേഠിയിലെയും ഗൗരിഗഞ്ചിലെയും കോൺഗ്രസിൻ്റെ പ്രാദേശിക ഓഫീസുകൾക്ക് പുറത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications