മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ അനിശ്ചിതകാല നിരാഹാര സമരമിരിക്കും; മുന്നറിയിപ്പുമായി അണ്ണാ ഹസാരെ
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന മുന്നറിയിപ്പുമായി ഗാന്ധിയനും ആക്ടിവിസ്റ്റുമായ അണ്ണാ ഹസാരെ. സൂപ്പര്‍മാര്‍ക്കറ്റുകളിലും കടകളിലും വൈന്‍ വില്‍പനയ്ക്ക് അനുമതി നല്‍കിയതാണ് അണ്ണാ ഹസാരെയെ ചൊടിപ്പിച്ചത്. സൂപ്പര്‍മാര്‍ക്കറ്റുകളിലും കടകളിലും വൈന്‍ വില്‍പനയ്ക്ക് അനുമതി നല്‍കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് അണ്ണാ ഹസാരെ പറഞ്ഞു. ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി കൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് അണ്ണാ ഹസാരെ കത്തെഴുതി.
നേരത്തെ സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരേ ഫെബ്രുവരി മൂന്നിന് തന്നെ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ലെന്ന് അണ്ണാ ഹസാരെ പറയുന്നു. ഈ അടുത്താണ് സൂപ്പര്‍മാര്‍ക്കറ്റുകളിലും പലചരക്ക് കടകളിലും വൈന്‍ വില്പനക്കായി അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും അണ്ണാ ഹസാരെ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വരും തലമുറയെ ദോഷകരമായി ബാധിക്കും. ഈ തീരുമാനത്തിനെതിരേ അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും തീരുമാനം നല്ലതല്ല. മദ്യത്തിനെതിരായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കണം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കൂടാതെ ഉപമുഖ്യമന്ത്രി അജിത് പവാറിനും നേരത്തെ കത്തയച്ചിരുന്നു. ആദ്യത്തെ കത്തിന് മറുപടി ലഭിക്കാത്തതിനാല്‍ ഇക്കാര്യം ഓര്‍മിപ്പിച്ച് വീണ്ടും കത്തെഴുതിയെന്നും അണ്ണാ ഹസാരെ വ്യക്തമാക്കി. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി, ഹസാരെ മദ്യത്തിനെതിരായ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നുണ്ട്. സ്വന്തം ഗ്രാമമായ റാലേഗാവ് സിദ്ധി 'മദ്യ രഹിത' ഗ്രാമമാക്കുന്നതില്‍ അണ്ണാ ഹസാരെ പ്രധാന പങ്കുവഹിച്ചിരുന്നു.
കഴിഞ്ഞ മാസം, മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സൂപ്പര്‍മാര്‍ക്കറ്റുകളിലും വാക്ക്-ഇന്‍ സ്റ്റോറുകളിലും വൈന്‍ വില്‍ക്കാന്‍ അനുവദിച്ച് കൊണ്ട് ഉത്തരവിറക്കിയത്. 100 ചതുരശ്ര മീറ്ററോ അതില്‍ കൂടുതലോ വിസ്തൃതിയുള്ളതും മഹാരാഷ്ട്ര ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ സൂപ്പര്‍മാര്‍ക്കറ്റുകളിലും വാക്ക്-ഇന്‍-സ്റ്റോറുകളിലും 'ഷെല്‍ഫ്-ഇന്‍-ഷോപ്പ്' രീതി സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ ആരാധനാലയങ്ങള്‍ക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കോ സമീപമുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് വൈന്‍ വില്‍ക്കാന്‍ കഴിയില്ല.
നേരത്തെ വൈന്‍ വില്‍പനയ്ക്ക് അനുമതി നല്‍കികൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ബി ജെ പിയും രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ബി ജെ പി പറഞ്ഞു. മഹാമാരിയുടെ രണ്ട് വര്‍ഷത്തിനിടയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങളെ സഹായിച്ചില്ലെന്നും എന്നാല്‍ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നുമായിരുന്നു മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞത്. മഹാരാഷ്ട്രയെ മദ്യരാഷ്ട്രമാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications