റഷ്യയുമായുള്ള സാമ്പത്തിക ബന്ധങ്ങൾ സുസ്ഥിരമാക്കും; യുഎസുമായുള്ള ചർച്ചക്ക് മുമ്പ് ഇന്ത്യ
ഡൽഹി; റഷ്യയുമായുള്ള സാമ്പത്തിക ബന്ധങ്ങൾ സുസ്ഥിരമാക്കാനാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചി. അടുത്തയാഴ്ച യുഎസുമായുള്ള ടു പ്ലസ് ടു ചർച്ച നടക്കാനിരിക്കെയാണ് ഇന്ത്യയുടെ പുതിയ പ്രസ്താവന. നിരവധി കാര്യങ്ങളിൽ റഷ്യയോട് ഇന്ത്യക്ക് പ്രതിബദ്ധത ഉണ്ടെന്നും ഇന്ത്യ അറിയിച്ചു. യുക്രൈനുമായുള്ള യുദ്ധത്തെ തുടർന്ന് നിരവധി രാജ്യങ്ങളുടെ ഉപരോധം നേരിടുന്ന റഷ്യക്ക് ഇന്ത്യയുടെ സഹകരണം വലിയ ആശ്വാസം ആണ് നൽകുന്നത്.
ഉപരോധത്തെക്കുറിച്ചുള്ള ചർച്ചകൾ ഒരുപാട് നടക്കുന്നുണ്ട്. പക്ഷെ അത് മുഴുവൻ വ്യാപാരത്തെയും ബാധിക്കില്ല. ഇന്ത്യയും റഷ്യയും തമ്മിൽ വളരെയധികം വ്യാപാരം നടക്കുന്നുണ്ട്. റഷ്യയുമായുള്ള ഞങ്ങളുടെ സ്ഥാപിത സാമ്പത്തിക ബന്ധം നിലനിർത്താനും സുസ്ഥിരമാക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. റഷ്യയ്‌ക്കെതിരായ യുഎസ് ഉപരോധം മറികടക്കാൻ രാജ്യങ്ങൾ പ്രവർത്തിച്ചാൽ അതിന് പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യുഎസ് നേരത്തെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ബാ ഗ്ചി.

റഷ്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുന്നതിന് ഇന്ത്യയ്ക്ക് മേലുള്ള അന്താരാഷ്ട്ര സമ്മർദ്ദത്തെയും ഇന്ത്യ തള്ളിക്കളഞ്ഞു. ഇന്ത്യയുടെ നിയമാനുസൃതമായ ഊർജ ഇടപാടുകൾ രാഷ്ട്രീയവത്കരിക്കപ്പെടരുതെന്ന് ഇന്ത്യ അറിയിച്ചു. റഷ്യയുമായുള്ള എണ്ണ ഇടപാട് ഇന്ത്യ അവസാനിപ്പിക്കണമെന്ന് യുഎസ് നേരത്തെ അഭ്യർത്ഥിച്ചിരുന്നു. ഇന്ത്യയുടെ ഊര്‍ജ ഇറക്കുമതിയെ പിന്തുണയ്ക്കാനും വിപുലീകരിക്കാനും സഹായിക്കാമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പാസ്‌കി അറിയിച്ചിരുന്നു. "റഷ്യയില്‍ നിന്ന് ഊര്‍ജ സംബന്ധമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് ഇന്ത്യ വര്‍ധിപ്പിക്കില്ലന്നാണ് ഞങ്ങള്‍ കരുതുന്നതെന്ന്. ക്രൂഡോയിലിന്റെയും മറ്റ് ഇറക്കുമതികളുടെയും കാര്യത്തില്‍ യുഎസ് ഇന്ത്യയെ പിന്തുണയ്ക്കാന്‍ തയ്യാറാണ്." എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.
അതേ സമയം ഏപ്രിൽ 11ന് നടക്കുന്ന നാലാമത് ഇന്ത്യ-യുഎസ് ടു പ്ലസ് ടു ചർച്ചയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുമെന്ന് സർക്കാർ അറിയിച്ചു. സംഭാഷണത്തിന്റെ അജണ്ടയിൽ യുക്രൈൻ സാഹചര്യം ആധിപത്യം സ്ഥാപിക്കാൻ സാധ്യതയുണ്ട്. യുദ്ധം ആരംഭിച്ചതിന് ശേഷം യുഎസിനോ പാശ്ചാത്യ രാജ്യങ്ങൾക്കോ തൃപ്തി നൽകുന്ന നിലപാടുകൾ അല്ല ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. ഇതിലുള്ള അതൃപ്തി യുഎസ് നിരവധി തവണ അറിയിച്ചിട്ടുണ്ട്. റഷ്യക്കെതിരെയുള്ള വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കുന്നതിലും റഷ്യയുമായുള്ള വ്യാപാര ബന്ധം തുടരുന്നതിലും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തന്നെ ഇന്ത്യയെ പേരെടുത്ത് വിമർശിച്ചിരുന്നു.












Click it and Unblock the Notifications