'ജൂൺ 2 ന് ജയിലിൽ കീഴടങ്ങും, ഏകാധിപത്യത്തിനെതിരെ പോരാടുന്നതിൽ അഭിമാനം';കെജ്രിവാൾ
ന്യൂഡൽഹി: ജൂൺ രണ്ടിന് തിഹാർ ജയിലിൽ കീഴടങ്ങുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഞായറാഴ്ച വൈകീട്ട് 3 മണിയോടെ വസതിയിൽ നിന്നും ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന കെജ്രിവാളിന്റെ ആവശ്യം സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കീഴടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
'കീഴടങ്ങാനായി വൈകുന്നേരം 3 മണിക്ക് വീട്ടിൽ നിന്ന് പുറപ്പെടും. ഞങ്ങൾ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുകയാണ്, രാജ്യത്തിന് വേണ്ടി എൻ്റെ ജീവൻ ബലിയർപ്പിക്കേണ്ടി വന്നാൽ വിലപിക്കരുത്', കെജ്രിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

50 ദിവസത്തെ ജയിൽവാസത്തിനിടയിൽ ശരീരഭാരം ഗണ്യമായി കുറയുകയും ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുകയും ചെയ്തു. പ്രമേഹത്തിനുള്ള മരുന്ന് പോലും തനിക്ക് നിഷേധിച്ചിരുന്നുവെന്നും കെജ്രിവാൾ പറഞ്ഞു. 'ഞാൻ 50 ദിവസം ജയിലിൽ കിടന്നു, ആ 50 ദിവസങ്ങളിൽ എനിക്ക് 6 കിലോ കുറഞ്ഞു. ജയിൽ മോചിതനായിട്ടും ശരീരഭാരം കൂടിയില്ല. ആരോഗ്യകാര്യത്തിൽ ഇപ്പോൾ ആശങ്കയുണ്ട്. ഇക്കൂട്ടർ എത്രനാൾ എന്നെ ജയിലിലടയ്ക്കുമെന്ന് അറിയില്ല. രാജ്യത്ത് ഏകാധിപത്യം അവസാനിപ്പിക്കാനാണ് ഞാൻ ജയിലിൽ പോകുന്നതെന്നതിൽ അഭിമാനമുണ്ട്.അവർ എന്നെ പലവിധത്തിൽ തകർക്കാൻ ശ്രമിച്ചു. നിശ്ശബ്ദനാക്കാൻ ശ്രമിച്ചു. ഞാൻ പുറത്തില്ലെങ്കിലും പ്രവർത്തകർ തങ്ങളുടെ ജോലി അവസാനിപ്പിക്കരുത്', അദ്ദേഹം പറഞ്ഞു.
മദ്യനയക്കേസിൽ മെയ് 10 നായിരുന്നു കെജ്രിവാളിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 21 ദിവസത്തേക്കായിരുന്നു ജാമ്യം നൽകിയത്. ഏഴാം ഘട്ട പോളിംഗ് അവസാനിക്കുന്ന ജൂൺ 1 വരെയായിരുന്നു ഇടക്കാല ജാമ്യം. തിരഞ്ഞെടുപ്പ് ഫലം വരും വരെ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഏഴ് ദിവസം കൂടി ജാമ്യം നീട്ടി നൽകാൻ ആവശ്യപ്പെട്ട് കെജ്രിവാൾ സുപ്രീം കോടതിയെ സമീപി്ച്ചു. എന്നാൽ കെജ്രിവാളിന്റെ ഹർജി സുപ്രീം കോടതി രജിസ്ട്രി തള്ളുകയായിരുന്നു. അറസ്റ്റിനെതിരായ ഹർജിയിൽ വിധി പറയാൻ മാറ്റിവെച്ച സാഹചര്യത്തിലാണ് ആവശ്യം അംഗീകരിക്കാനാകില്ലെന്ന് രജിസ്ട്രി വ്യക്തമാക്കിയത്.സ്ഥിരം ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാൻ കെജ്രിവാളിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡൽഹി മദ്യനയ അഴിമതിയുടെ പ്രധാന സൂത്രധാരൻ കെജ്രിവാൾ ആണെന്നാണ് ഇഡി പറയുന്നത്. അദ്ദേഹത്തിനെതിരെ ശക്തമായ തെളിവുണ്ടെന്നും ഇഡി കോടതിയിൽ വാദിച്ചിരുന്നു.












Click it and Unblock the Notifications