18 ല്‍ നിന്നും 21 ലേക്ക് ഉയര്‍ത്തുമോ സ്ത്രീ വിവാഹപ്രായം? മോദി നല്കുന്ന സൂചന, നിയമ ചരിത്രം,ബാലവിവാഹം
ദില്ലി: രാജ്യത്തെ സ്ത്രീകളുടെ വിവാഹ പ്രായം പുനര്‍നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക പ്രഖ്യാപനമാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുനര്‍നിര്‍ണയിക്കുന്നതിന് വേണ്ടി പഠനം നടത്തുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഒരു സമിതി രൂപവത്കരിച്ചതായി അദ്ദേഹം അറിയിച്ചു.
സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുകയെന്ന സുപ്രധാന തീരുമാനത്തിലേക്ക് കേന്ദ്രം കടക്കുന്നതിന്റെ വ്യക്തമായ സന്ദേശമാണ് പ്രധാനമന്ത്രി നല്‍കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. തീരുമാനം വരികയാണെങ്കില്‍ പതിറ്റാണ്ടുകളായി തുടരുന്ന പുരുഷന് 21 ഉം സ്ത്രീക്ക് 18 ഉം എന്ന പരിധിയില്‍ നിന്നും വിവാഹ പ്രായം ഉയര്‍ത്തപ്പെട്ടേക്കും.

എന്തിന് പ്രായപരിധി
ബാലവിവാഹങ്ങൾ തടയുന്നതിനും പ്രായപൂർത്തിയാകാത്തവരെ വിവാഹത്തിലൂടെ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനും വേണ്ടിയാണ് വിവാഹത്തിന് കുറഞ്ഞ പ്രായപരിധി ശ്ചയിച്ചിരിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട് വിവിധ മതങ്ങള്ക്ക അവരുടേതായ വ്യക്തിഗത നിയമങ്ങള്‍ ഉണ്ട്. 1955 ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 5 (iii) അനുസരിച്ച് പെണ്‍കുട്ടിയുടെ ഏറ്റവും കുറഞ്ഞ പ്രായമായി 18 വയസും പുരുഷന്റെ ഏറ്റവും കുറഞ്ഞ പ്രായമായി 21 വയസും നിശ്ചയിക്കുന്നു.

ബാലവിവാഹ നിരോധന നിയമം
മുസ്ലിം മതത്തിന്റെ കാര്യത്തില്‍ പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞെട്ടില്ലെങ്കിലും ഋതുമതിയായിട്ടുണ്ടെങ്കില്‍ വിവാഹത്തിന് സാധുതയുണ്ട്. എന്നാല്‍ 1957 ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട്, 2006 ലെ ബാലവിവാഹ നിരോധന നിയമം എന്നിവ പ്രകാരം സ്ത്രീക്കും പുരുഷനും വിവാഹത്തിനുള്ള കുറഞ്ഞ പ്രായം യഥാക്രമം 18 ഉം 21 ഉം ആയി നിര്‍ദ്ദേശിക്കുന്നു. ഇത് ലംഘിക്കപ്പെട്ടാല്‍ മാതാപിതാക്കള്‍ അടക്കമുള്ളവര്‍ നിയമനടപടിക്ക് വിധേയമാവുകയും ചെയ്യുന്നു.

ചരിത്രം
ബ്രീട്ടീഷ് ഭരണ കാലത്ത് 1860 ല്‍ നടപ്പിലാക്കിയ ഇന്ത്യന്‍ പീനല്‍ കോഡ് 10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമാക്കി. 1927 ല്‍ 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുമായുള്ള വിവാഹ അസാധുവാക്കുന്ന ഏജ് ഓഫ് കണ്‍സെന്റ് ബില്‍ ഭേദഗതി നടപ്പിലാക്കിയാതണ് നിയമരൂപീകരിണത്തിലെ സുപ്രധാനമായ ചുവടുവെയ്പ്. 1929 ല്‍ ശിശു വിവാഹ നിയന്ത്രണ നിയമം സ്ത്രീകളുടേയും പുരുഷന്മാരുടേയും ഏറ്റവും കുറഞ്ഞ വിവാഹ പ്രായം യഥാക്രമം 16, 18 വയസായി നിശ്ചയിച്ചു. ഒടുവില്‍ 1978 ല്‍ ഈ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് വിവാഹ പ്രായം 18 ഉം 21 ഉം ആയി നിശ്ചയിച്ചത്.

വലിയ എതിര്‍പ്പ്
പിന്നീട പല ഘട്ടങ്ങളിലും സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം ഉയര്‍ത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതിനെതിരെ മത-സാമൂഹിക യാഥസ്ഥികരില് നിന്നും വലിയ എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. എന്നാല്‍ വിവിധ തലങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തിയ ശേഷം വിവാഹ പ്രായം ഉയര്‍ത്തുക എന്നതിലേക്ക് തന്നെയാണ് കേന്ദ്രം വിരല്‍ ചൂണ്ടുന്നത്.

സമിതിക്ക് രൂപം നല്‍കിയത്
ജൂൺ 2 ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന് കീഴിലാണ് പ്രധാനമന്ത്രി ഇന്നത്തെ പ്രസംഗത്തില്‍ സൂചിപ്പിച്ച സമിതിക്ക് രൂപം നല്‍കിയത്. അമ്മയാകാനുള്ള പ്രായം, മാതൃമരണനിരക്ക് കുറയ്ക്കുന്നതിന്റെ അനിവാര്യത, സ്ത്രീകൾക്കിടയിലെ പോഷകാഹാര അളവ് മെച്ചപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ ഒരു സമിതി രൂപീകരിച്ചിരുന്നു. വിവാഹ പ്രായം, ആരോഗ്യകരമായ ഗര്‍ഭാവസ്ഥ, അമ്മയുടെയും നവജാതശിശുവിന്റെയും പോഷകനിലവാരും തുടങ്ങിയവയാണ് സമിതി പരിശോധനയക്ക് വിധേയമാക്കുന്നത്.

അധ്യക്ഷ ജയ ജെയ്റ്റ്ലി
ശിശുമരണ നിരക്ക് , മാതൃമരണ നിരക്ക്, മൊത്തം ഫെർട്ടിലിറ്റി റേറ്റ് ജനനസമയത്തെ ലൈംഗിക അനുപാതം, ശിശു ലൈംഗിക അനുപാതം എന്നിവയം ഈ സമിതി പഠനങ്ങള്‍ക്ക് വിധേയമാക്കും. ഇതോടൊപ്പം തന്നെയാണ് സ്ത്രീകളുടെ വിവാഹ പ്രായം ഇപ്പോഴത്തെ 18 വയസിൽ നിന്ന് ഉയര്‍ത്തി 21 വയസ്സ് ആക്കണോ എന്നതും പരിശോധിക്കുന്നത്. സമത പാർട്ടി മുൻ അധ്യക്ഷ ജയ ജെയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ നീതി ആയോഗിലെ ആരോഗ്യ പ്രതിനിധി ഡോ. വിനോദ് പോൾ, കേന്ദ്ര സര്‍ക്കാറിലെ നിരവധി സെക്രട്ടറിമാർ എന്നിവരും ഉൾപ്പെടുന്നു.

യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് റിപ്പോര്‍ട്ട്
ബാലവിവാഹങ്ങള്‍ സാര്‍വത്രികമായി നിരോധിച്ചിട്ടുണ്ടെങ്കിലും ദിനംപ്രതി 33000 ത്തോളും ബാലവിവാഹങ്ങള്‍ ലോകമെമ്പാടും നടക്കുന്നുണ്ടെന്നാണ് ജുലൈ 2 ന് പുറത്തു വന്ന യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇന്ന് ജീവിച്ചിരിക്കുന്ന 650 ദശലക്ഷം സ്ത്രീകളും ബാലവിവാഹത്തിന് വിധേയരായവരാണ്. 2030 ആകുമ്പോഴേക്കും ഇത് 150 ദശലക്ഷമായി താഴുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

2017 ൽ 4.1 ദശലക്ഷം
ബാലവിവാഹ നിരോധനത്തില്‍ ഇന്ത്യ നടത്തിയ മുന്നേറ്റങ്ങൾ 2018 ല്‍ ദക്ഷിണേഷ്യയിലെ ബാലവിവാഹം 50 ശതമാനത്തില്‍ നിന്നും 30 ശതമാനത്തിലേക്ക് കുറയുന്നതിന് ഇടയാക്കിയിട്ടുണ്ട് എങ്കിലും ഈ മേഖലയില്‍ ഇപ്പോഴും ഓരോ വർഷവും വലിയ തോതില്‍ ബാലവിവാഹങ്ങള്‍ നടക്കുന്നുണ്ട്, 2017 ൽ ഇത് 4.1 ദശലക്ഷമായി കണക്കാക്കപ്പെടുന്നുവെന്നും സര്‍വേയില്‍ പറയുന്നു.

15 ദശലക്ഷം പെൺകുട്ടികൾ
ഇന്ത്യയിലെ ബാലവിവാഹങ്ങളില്‍ 46 ശതമാനം പെണ്‍കുട്ടികളും ദരിദ്ര വിഭാഗത്തില്‍ നിന്നുള്ളവരാണെന്നും സ്ഥിതി വിവര കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ വർഷവും 18 വയസ്സിന് താഴെയുള്ള 15 ദശലക്ഷം പെൺകുട്ടികൾ ഇന്ത്യയിൽ വിവാഹിതരാവുന്നുണ്ടെന്നാണ് യുനിസെഫ് കണക്കുകൾ സൂചിപ്പിക്കുന്നത്, അന്തര്‍ദേശിയ കണക്കുകളുടെ മൂന്നിലൊന്ന് വരും ഈ കണക്ക്. 15-19 വയസ്സ് പ്രായമുള്ള കൗമാരക്കാരായ 16 ശതമാനം പെൺകുട്ടികളും നിലവിൽ വിവാഹിതരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.