ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങിയവർ പെടുമോ? എന്താണ് സെബി നല്‍കുന്ന മുന്നറിയിപ്പ്; വിദഗ്ധർ പറയുന്നു
ഫിൻടെക് ആപ്പുകളിലൂടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ഡിജിറ്റൽ ഗോൾഡ് വാങ്ങുന്നതിനെതിരെ സെബി നല്‍കിയ മുന്നറിയിപ്പ് വലിയ രീതിയിലുള്ള ആശങ്കയാണ് നിക്ഷേപകർക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ നടത്തുന്ന ഇടപാടുകള്‍ സെബി ചട്ടക്കൂടിന് പുറത്താണെന്നും കൗണ്ടർപാർട്ടി, ഓപ്പറേഷണൽ റിസ്കുകൾ ഏറെയുണ്ട്. സെബി നിയമപ്രകാരമുള്ള നിക്ഷേപക സംരക്ഷണ സംവിധാനങ്ങൾ ഇതിന് ബാധകമല്ലെന്നും റെഗുലേറ്റർ അധികൃതർ വ്യക്തമാക്കി.
സെബി നിയന്ത്രിത ഗോൾഡ് ഓപ്ഷനുകളായ ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ETFs), എക്സ്ചേഞ്ച് ട്രേഡഡ് കമോഡിറ്റി ഡെറിവേറ്റീവുകൾ, ഇലക്ട്രോണിക് ഗോൾഡ് റസീപ്റ്റുകൾ (EGRs) തിരഞ്ഞെടുക്കാനും സെബി നിർദേശിക്കുന്നുണ്ട്. സെബിയുടെ നിർദേശം കണ്ട് ഭയക്കേണ്ടതില്ലെങ്കിലും നിക്ഷേപകർ തങ്ങളുടെ ഡിജിറ്റൽ ഗോൾഡ് എവിടെ, എങ്ങനെ സൂക്ഷിച്ചിരിക്കുന്നു എന്ന് പരിശോധിക്കണമെന്നാണ് വെൽത്തി.ഇൻ സഹസ്ഥാപകൻ അദിത്യ അഗർവാൾ സൂചിപ്പിക്കുന്നത്.

സെബിയുടെ മുന്നറിയിപ്പ് എല്ലാ ഡിജിറ്റൽ ഗോൾഡ് പ്ലാട്ട്ഫോമുകളും അപകടകരമാണെന്നല്ല, നിയന്ത്രിതവും അനിയന്ത്രിതവുമായ ഉൽപ്പന്നങ്ങൾ തമ്മിലുള്ള വ്യത്യാസം മാത്രമാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. പ്ലാറ്റ്ഫോം സ്വതന്ത്ര ഓഡിറ്റ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നുണ്ടോ, വോൾട്ട് സർട്ടിഫിക്കറ്റുകൾ ഉണ്ടോ, വോൾട്ട് പങ്കാളികൾ (ബ്രിങ്ക്‌സ്, സീക്വൽ ലോജിസ്റ്റിക്സ് പോലുള്ളവ) വിശ്വസനീയരാണോ എന്ന് പരിശോധിക്കണമെന്നും അദിത്യ അഗർവാൾ പറയുന്നു.
സുതാര്യതയില്ലെങ്കിൽ റിഡീം ചെയ്ത് മാറ്റുകയോ വിശ്വസനീയ പ്ലാറ്റ്ഫോമിലേക്ക് മാറുകയോ ചെയ്യുക, അല്ലെങ്കിൽ പിടിച്ചുനിർത്താം പക്ഷേ റെഗുലേറ്ററി അപ്ഡേറ്റുകൾ ശ്രദ്ധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗകര്യം റെഗുലേറ്ററി സുരക്ഷയെ മറികടക്കരുതെന്ന് റുറാഷ് ഫിനാൻഷ്യൽസ് എംഡിയും സിഇഒയുമായ രഞ്ജിത് ഝായും മുന്നറിയിപ്പ് നൽകുന്നു. ആപ്പോ വോൾട്ട് പങ്കാളിയോ പാപ്പരാകുകയോ തകരുകയോ ചെയ്താൽ റിഡംപ്ഷൻ അസാധ്യമാകുമെന്നത് കൗണ്ടർപാർട്ടി റിസ്ക് ആണെന്നും സിസ്റ്റം തകരാറുകൾ, തട്ടിപ്പുകൾ ഉടമസ്ഥാവകാശ രേഖകൾ നഷ്ടപ്പെടുത്തുമെന്നത് ഓപ്പറേഷണൽ റിസ്ക് ആണ്.. അതോടൊപ്പം അനിയന്ത്രിതം ആയതിനാൽ പരാതി പരിഹാര സംവിധാനം ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോർട്ട്ഫോളിയോയിൽ ഗോൾഡിന് 10-15% മാത്രം മതിയെന്നും ഭൂരിഭാഗം സെബി നിയന്ത്രിത ഉൽപ്പന്നങ്ങളിലൂടെ ആകണമെന്ന് ബോംബെ ചാർട്ടേഡ് അക്കൗണ്ടന്റ്സ് സൊസൈറ്റി വൈസ് പ്രസിഡന്റ് കിഞ്ജൽ ഷായും മുന്നറിയിപ്പ് നല്‍കുന്നു. ഡിജിറ്റൽ ഗോൾഡ് ചെറിയ നിക്ഷേപങ്ങൾക്ക് സൗകര്യം നൽകുന്നുവെങ്കിലും ഉയർന്ന റിസ്ക് ഉള്ള അനിയന്ത്രിത ഉൽപ്പന്നമാണെന്നും ആപ്പിന്റെ ചെറിയ സൗകര്യം റെഗുലേറ്ററി സംരക്ഷണത്തിന്റെ അഭാവത്തെ ന്യായീകരിക്കില്ലെന്നും മുന്നറിയിപ്പ് നൽകി, നിക്ഷേപകർ ക്രമേണ ഗോൾഡ് ETFs അല്ലെങ്കിൽ EGRs-ലേക്ക് മാറി സുരക്ഷ, സുതാര്യത, ലിക്വിഡിറ്റി ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.












Click it and Unblock the Notifications