തൃഷ തമിഴ്‌നാട് മുഖ്യമന്ത്രിയാകുമോ? വീഡിയോ വൈറല്‍, നടിയുടെ അമ്മ പ്രതികരിച്ചത് ഇങ്ങനെ
ചെന്നൈ: നടി തൃഷ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ സജീവം. ഇതുമായി ബന്ധപ്പെട്ട നടിയുടെ പ്രതികരണത്തിന്റെ വീഡിയോ വൈറലായതാണ് ചര്‍ച്ചയ്ക്ക് കാരണം. നടന്‍ വിജയ് തമിഴക വെട്രി കഴകം (ടിവികെ) എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില്‍ സജീവമായിരിക്കെ, ഇതുമായി കൂട്ടിച്ചേര്‍ത്തും പലരും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുന്നുണ്ട്.
സിനിമാ നടി മുഖ്യമന്ത്രിയായ ചരിത്രം തമിഴ്‌നാട്ടിലുണ്ട്. ഇനി ജയലളിതയ്ക്ക് ശേഷം മറ്റൊരു മുഖ്യമന്ത്രി തൃഷയിലൂടെ വരുമോ. പ്രചരിക്കുന്ന വീഡിയോ പഴയതാണ്. അഭിമുഖത്തിനിടെ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകണം എന്ന് തൃഷ പറഞ്ഞത്. ഇതുസംബന്ധിച്ച് നടിയുടെ അമ്മ ഉമ കൃഷ്ണന്‍ നടത്തിയ പ്രതികരണവും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്...

മോഡലിങ് രംഗത്തുനിന്ന് സിനിമയിലെത്തിയ തൃഷ 2004ല്‍ നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. സണ്‍ ടിവിയാണ് അന്ന് തൃഷയുടെ അഭിമുഖം എടുത്തത്. ഇതിന്റെ ഒരു ഭാഗം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സണ്‍ടിവി അവരുടെ സോഷ്യല്‍ പേജുകളില്‍ പരസ്യപ്പെടുത്തിയിരുന്നു. ഭാവി പരിപാടികള്‍ എന്തൊക്കെ എന്ന് തൃഷയോട് അഭിമുഖം നടത്തിയ വ്യക്തി ചോദിക്കുന്നതും ഇതിന് നടി നല്‍കുന്ന മറുപടിയുമാണ് വീഡിയോയില്‍.
മോഡലിങും സിനിമയും കഴിഞ്ഞാല്‍ എന്താണ് താല്‍പ്പര്യം എന്നായിരുന്നു ചോദ്യം. മടിയൊന്നുമില്ലാതെ തൃഷ നല്‍കിയ മറുപടി മുഖ്യമന്ത്രിയാകണം എന്നായിരുന്നു. അടുത്ത പത്ത് വര്‍ഷത്തിനകം മുഖ്യമന്ത്രിയാകണം എന്നു നടി പറഞ്ഞു. സത്യമാകുമോ എന്ന് കാത്തിരുന്ന് കാണാമെന്നും നടി പ്രതികരിച്ചു. മുഖ്യമന്ത്രിയായാല്‍ എന്താണ് ചെയ്യുക എന്ന ചോദ്യത്തിന്, ആദ്യം തിരഞ്ഞെടുക്കൂ അപ്പോള്‍ പറയാം എന്നായിരുന്നു മറുപടി.
വീഡിയോ വൈറലായതോടെ തൃഷ രാഷ്ട്രീയത്തില്‍ സജീവമാകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. നടിയുമായി അടുത്ത സൗഹൃദമുള്ള നടന്‍ ദളപതി വിജയ് അടുത്തിടെ രാഷ്ട്രീയത്തില്‍ സജീവമായിട്ടുണ്ട്. വിജയുടെ പാര്‍ട്ടിയില്‍ തൃഷ ചേരുമോ എന്നാണ് പലരും സംശയം പ്രകടിപ്പിക്കുന്നത്. നടി മീന ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ട്. അവര്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതാണ് പ്രചാരണത്തിന് കാരണം.
അടുത്തിടെ വിഷയത്തില്‍ തൃഷയുടെ അമ്മ ഉമ കൃഷ്ണന്‍ പ്രതികരിച്ചിരുന്നു. തൃഷ രാഷ്ട്രീയത്തില്‍ സജീവമാകില്ല എന്നാണ് അവര്‍ പറഞ്ഞത്. മനോരമ ന്യൂസിനോടാണ് ഉമ ഇക്കാര്യം വ്യക്തമാക്കിയത്. തൃഷ സിനിമയില്‍ തുടരും. മറ്റു വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതമാണ് എന്നായിരുന്നു ഉമയുടെ മറുപടി. സിനിമ വിടുന്നതിനെ കുറിച്ച് തൃഷ ചിന്തിക്കുന്നു പോലുമില്ല എന്നും ഉമ കൃഷ്ണന്‍ പറഞ്ഞു.
സിനിമാ രംഗത്തു നിറഞ്ഞു നില്‍ക്കവെയാണ് ജയലളിത രാഷ്ട്രീയത്തില്‍ സജീവമായതും പിന്നീട് തമിഴ്‌നാട് മുഖ്യമന്ത്രിയായതും. മറ്റു നിരവധി സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ ചരിത്രവും തമിഴ്‌നാടിനുണ്ട്. ഏറ്റവും ഒടുവില്‍ വിജയ് ആണ് ഈ വഴി സ്വീകരിച്ചിരിക്കുന്നത്. രജനികാന്ത് എല്ലാ വഴിയും ഒരുക്കിയെങ്കിലും അവസാന നിമിഷം രാഷ്ട്രീയത്തിലേക്കില്ല എന്ന് പ്രഖ്യാപിച്ചിരുന്നു. കമല്‍ഹാസന്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കിയെങ്കിലും ഡിഎംകെ പിന്തുണയില്‍ ഇപ്പോള്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.












Click it and Unblock the Notifications