തൃഷ തമിഴ്നാട് മുഖ്യമന്ത്രിയാകുമോ? 22 വർഷങ്ങൾക്ക് മുൻപ് തൃഷ പറഞ്ഞ ആഗ്രഹം, വീഡിയോ വൈറൽ
തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയതാരം തൃഷ കൃഷ്ണന്റെ പഴയൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. തനിക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയാകണമെന്ന് തമാശരൂപേണ തൃഷ പറയുന്നതാണ് ഈ വീഡിയോയുടെ ഉള്ളടക്കം. നടനും രാഷ്ട്രീയ നേതാവുമായ വിജയ്‍യുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്തിയ സാഹചര്യത്തിലാണ് തൃഷയുടെ ഈ പഴയ അഭിമുഖം വീണ്ടും ചർച്ചാവിഷയമായിരിക്കുന്നത്.
2004ൽ തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് തൃഷ നൽകിയ ഒരു അഭിമുഖത്തിലെ ദൃശ്യങ്ങളാണിത്. ഭാവിയിലെ ലക്ഷ്യങ്ങളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചുമുള്ള ചോദ്യത്തിന് മറുപടി നൽകവെയാണ്, അടുത്ത പത്ത് വർഷത്തിനുള്ളിൽ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകാൻ താൻ ആഗ്രഹിക്കുന്നുവെന്ന് തൃഷ പറയുന്നത്. സത്യസന്ധമായാണ് താൻ ഇത് പറയുന്നതെന്നും അത് സംഭവിക്കുന്നത് കാത്തിരുന്നു കാണാമെന്നും തൃഷ ചിരിച്ചുകൊണ്ട് വീഡിയോയിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിയായാൽ ആദ്യം എന്ത് ചെയ്യുമെന്ന ചോദ്യത്തിന്, ആദ്യം നിങ്ങൾ വോട്ട് ചെയ്ത് എന്നെ വിജയിപ്പിക്കൂ, അതിനുശേഷം ബാക്കി കാര്യങ്ങൾ പറയാം എന്നായിരുന്നു തൃഷയുടെ രസകരമായ മറുപടി.
വർഷങ്ങൾക്കിപ്പുറം വിജയും തൃഷയും സഹപ്രവർത്തകർ മാത്രമല്ലെന്ന് അഭ്യൂഹങ്ങൾ. ഇരുവരും പ്രണയത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്. തൃഷയുടെ പിറന്നാൾ ദിനത്തിലാണ് തമിഴകം വിജയ് കീഴടക്കിയത്. അതിന് പിന്നാലെ തൃഷയാണ് വിജയുടെ ഭാഗ്യമെന്നും തൃഷയ്ക്കുളള പിറന്നാൾ സമ്മാനമാണ് തിരഞ്ഞെടുപ്പ് വിജയം എന്നും സിനിമാ താരങ്ങളടക്കം സോഷ്യൽ മീഡിയയിൽ പലരും പ്രതികരിച്ചിരുന്നു.

തമിഴക വെട്രി കഴകം തിരഞ്ഞെടുപ്പ് ഫലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനിടെ തൃഷ വിജയ്‍യുടെ ചെന്നൈയിലെ വസതി സന്ദർശിച്ചതും വാർത്തകളിൽ ഇടം പിടിച്ചു. ചെന്നൈയിലെ വസതിയിലേക്ക് കാറിൽ എത്തുന്ന തൃഷയുടെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിരുന്നു. വിജയ്‍യുടെ പാർട്ടിയുടെ രാഷ്ട്രീയ മുന്നേറ്റവും തൃഷയുടെ സന്ദർശനവും ചേർത്തുവച്ചാണ് ആരാധകർ ഈ പഴയ വീഡിയോ ഇപ്പോൾ വ്യാപകമായി പങ്കുവെക്കുന്നത്.
ജന്മദിനത്തോടനുബന്ധിച്ച് തൃഷ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. തിങ്കളാഴ്ച പുലർച്ചെ ക്ഷേത്രത്തിലെത്തിയ താരം ടിവികെയുടെ പതാകയുടെ നിറത്തിലുളള ഷാൾ ധരിച്ച് ഭക്തരെ അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വൈറലായിക്കഴിഞ്ഞു. അതിനിടെ തൃഷയും വിജയ്ക്കൊപ്പം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയേക്കും എന്നുളള വാർത്തകളും പരക്കുന്നുണ്ട്. വിജയ് മത്സരിച്ച് ജയിച്ച ഇരട്ട മണ്ഡലങ്ങളിലൊന്നായ ട്രിച്ചി ഈസ്റ്റിൽ നിന്ന് തൃഷ മത്സരിച്ചേക്കും എന്നും സൂചനയുണ്ട്.












Click it and Unblock the Notifications