ടിവികെ രാജ്യസഭാ സീറ്റ് വേണ്ടെന്ന് വെക്കുമോ? കോണ്‍ഗ്രസ് തന്ത്രമൊരുക്കുന്നു, 'തീരുമാനം വിജയ് എടുക്കും'
തമിഴക വെട്രി കഴകത്തിൽ (ടി.വി.കെ) നിന്ന് രാജ്യസഭാ സീറ്റ് പ്രതീക്ഷിക്കുന്നതായി തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ സെൽവപ്പെരുന്തകൈ. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം മുഖ്യമന്ത്രി വിജയ് ആയിരിക്കും എടുക്കുകയെന്നും, ഇന്ത്യ മുന്നണിയുടെ കാര്യത്തിൽ ഡൽഹി നേതൃത്വമാണ് തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എ.ഐ.എ.ഡി.എം.കെ നേതാവ് സി.വി. ഷൺമുഖം രാജ്യസഭാ എം.പി. സ്ഥാനം രാജിവെച്ചതിനെത്തുടർന്നുണ്ടായ ഒഴിവിലേക്ക് ജൂൺ 18-നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭയിലെ അംഗബലം കണക്കിലെടുക്കുമ്പോൾ, ടി.വി.കെ നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥിക്ക് വിജയം ഉറപ്പാണ്. ഈ സാഹചര്യത്തിൽ, രാജ്യസഭാ എം.പി. സ്ഥാനം നേടാൻ കോൺഗ്രസ് ഊർജ്ജിതമായ ശ്രമങ്ങൾ നടത്തുന്നുണ്ട്.

രാജ്യസഭാ സീറ്റിനായി കോൺഗ്രസ് നേരത്തെ തന്നെ നീക്കങ്ങൾ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് പി. ചിദംബരം മുഖ്യമന്ത്രി വിജയുമായി ചർച്ച നടത്തിയിരുന്നു. നിലവിൽ തമിഴ്നാടിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ഗിരീഷ് ചോടങ്കർ ചെന്നൈയിലുള്ളതും രാജ്യസഭാ സീറ്റിനായുള്ള ചർച്ചകൾക്ക് ചൂടുപിടിപ്പിച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഡി.എം.കെ.യുമായുള്ള സഖ്യത്തിൽ കോൺഗ്രസിന് ഒരു രാജ്യസഭാ സീറ്റ് ലഭിച്ചിരുന്നു. പിന്നീട് കോൺഗ്രസ് ടി.വി.കെ.യുമായി സഖ്യം ചേരുകയും മുഖ്യമന്ത്രി വിജയ് നയിക്കുന്ന മന്ത്രിസഭയിൽ പങ്കാളികളാകുകയും ചെയ്തു.
ഇന്ത്യ മുന്നണിയെക്കുറിച്ചുള്ള തീരുമാനങ്ങൾ അഖിലേന്ത്യാ നേതൃത്വം കൈക്കൊള്ളുമെന്നും രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി വിജയിയുടേതായിരിക്കുമെന്നും സെൽവപ്പെരുന്തകൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസ് ഈ സീറ്റിനായി ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിന് ശേഷം ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിനെ കണ്ടത് നന്ദി പറയാനായാണെന്നും, അന്ന് സഖ്യമാറ്റത്തെക്കുറിച്ച് ഒരു തീരുമാനവും എടുത്തിരുന്നില്ലെന്നും സെൽവപ്പെരുന്തകൈ ചൂണ്ടിക്കാട്ടി. പിന്നീട് തന്റെ മകന്റെ വിവാഹ ക്ഷണക്കത്ത് നൽകാനാണ് സ്റ്റാലിനെ സന്ദർശിച്ചത്. രാഷ്ട്രീയവും ബന്ധങ്ങളും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 18നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. എട്ടാം തിയ്യതി വരെ പത്രിക സമര്‍പ്പിക്കാന്‍ സമയമുണ്ട്. ടിവികെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചാല്‍ അവരുടെ ആദ്യ പാര്‍ലമെന്റ് അംഗമായിരിക്കും അത്. എന്നാല്‍ സഖ്യം ചേരുന്നതിന് മുമ്പ് ടിവികെയുമായി കോണ്‍ഗ്രസ് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. കൈവന്ന അവസരം വിജയ് നഷ്ടപ്പെടുത്താന്‍ ഇടയില്ല എന്ന് നിരീക്ഷിക്കുന്നവരുമുണ്ട്.
കോണ്‍ഗ്രസിന് രാജ്യസഭാ അംഗത്വം ലഭിച്ചാല്‍ ഇന്ത്യ സഖ്യത്തിന് നേട്ടമാകും. എന്നാല്‍ ടിവികെ രാജ്യസഭാ സീറ്റ് ഏറ്റെടുത്താല്‍ ഇന്ത്യസഖ്യത്തിനൊപ്പം നില്‍ക്കുമെന്ന് ഉറപ്പില്ല. തമിഴ്‌നാട്ടില്‍ നിന്ന് ഡിഎംകെയും ടിവികെയും ഇന്ത്യ സഖ്യത്തില്‍ ചേരുമോ എന്ന കാര്യത്തിലും സംശയം ബാക്കിയാണ്. അടുത്ത ഇന്ത്യാ സഖ്യത്തിന്റെ യോഗത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് ഏതൊക്കെ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് ബിജെപി.















Click it and Unblock the Notifications