വിജയിയുടെ രാഷ്ട്രീയ ഭാവി എന്ത്? കരൂര്‍ കരുത്താക്കാന്‍ സ്റ്റാലിനും മോദിയും

തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിനെ പോലും ഞെട്ടിച്ച ആള്‍ക്കൂട്ട റാലികളുടെയും ദളപതിയായി മാറിയ വിജയ്ക്ക് കരൂര്‍ റാലിയുടെ ചോരക്കറയില്‍ നിന്ന് രക്ഷപ്പെടാനാവുമോ? ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 36ലധികം ജീവനുകളാണ് പൊലിഞ്ഞത്. അവരില്‍ എട്ട് കുട്ടികളുമുണ്ട്. വോട്ട് ചെയ്യാന്‍ പ്രായമെത്താത്ത കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്നതാണോ സ്വന്തം താരപ്രഭയെന്ന് തമിഴ് ജനതയോട് ഉത്തരം പറയേണ്ട പ്രതിസന്ധിയിലാണ് വിജയ്.

കരൂര്‍ റാലിയില്‍ മുപ്പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്നായിരുന്നു ടിവികെയുടെ സംഘാടകര്‍ അറിയിച്ചത്. അതിന് അനുസരിച്ചുള്ള ക്രമീകരണങ്ങളാണ് പൊലീസ് നിര്‍ദേശിച്ചത്. റോഡ് ഷോ പാടില്ല, അനധികതമായി എല്‍ഇഡി സ്‌ക്രീനുകള്‍ വെച്ചുള്ള പ്രദര്‍ശനം പാടില്ല, ഒന്നിലധികം സ്റ്റേജുകള്‍ പാടില്ല, വേദിക്ക് ചുറ്റും സുരക്ഷാ ബാരിക്കേഡുകള്‍ ഉണ്ടാകണം, ആളുകള്‍ക്ക് വരാനും പോകാനും വെവ്വേറെ വഴികളുണ്ടാകണം തുടങ്ങിയവയായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ സുരക്ഷാനിര്‍ദേശങ്ങള്‍.

എന്നാല്‍ പറഞ്ഞതിന്റെ ഇരട്ടിയിലേറെ പേരാണ് കരൂര്‍ ഈറോഡ് ഹൈവേയിലേക്ക് ഇരമ്പിയെത്തിയത്. വിജയ് വേദിയിലെത്താന്‍ വൈകി. എത്തിയപ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ എല്ലാ നിയന്ത്രണങ്ങളും തെറ്റി. ആവേശം ദുരന്തത്തിലേക്ക് വഴിമാറി. വെളിച്ചം വെളിയറൂ അഥവാ ലെറ്റ് ദേര്‍ ബി ലൈറ്റ് അഥവാ അവിടെ പ്രകാശം പരക്കട്ടെ എന്ന പേരിലുള്ള പ്രചാരണ പരിപാടി ഒടുവില്‍ എത്ര കുടുംബങ്ങളുടെ വെളിച്ചംകെടുത്തി എന്ന കണക്കെടുപ്പാണ് ഇനി വരാനുള്ളത്.

Vijay rally

രാത്രി ഏഴേ മുക്കാലോടെയാണ് ആളുകളുടെ ആവേശം കലൂരിനെ ദുരന്തഭൂമിയാക്കിയത്. തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ കുഴഞ്ഞ് വീണു. ഇതു കണ്ട് വിജയ് തന്നെ പ്രസംഗത്തിനിടെ ആംബുലന്‍സുകള്‍ വിളിക്കാന്‍ ആവശ്യപ്പെട്ടു. ആള്‍ക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികള്‍ എറിഞ്ഞ് കൊടുത്തു. ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ വിജയ് തന്നെ പൊലീസ് സഹായം ആവശ്യപ്പെട്ടെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് വിജയ് പ്രസംഗം അവസാനിപ്പിച്ചതും സംയമനം പാലിക്കാനും ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കാന്‍ അഭ്യര്‍ത്ഥിച്ചതും. പക്ഷേ ശ്വാസം കിട്ടാതെ നിലത്ത് വീണ് പിടയുന്ന അണികള്‍ക്ക് മുന്നില്‍ നിസഹായരായി ടിവികെയുടെ സംഘാടകര്‍ നില്‍ക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.

ആള്‍ക്കൂട്ട നിയന്ത്രണത്തിന്റെ സമ്പൂര്‍ണ പരാജയം കണ്ട ഘട്ടത്തില്‍ തമിഴ്‌നാടിനെ പുതിയ കാലത്തിലേക്ക് നയിക്കാന്‍ പോകുന്നു എന്ന് അവകാശപ്പെട്ട വിജയ് എന്ത് ചെയ്തു? അഭ്രപാളികളിലെ അതികായനായ നായകബിംബവും യഥാര്‍ത്ഥ ജീവിതത്തിലെ വിജയ് എന്ന വ്യക്തിയും തമ്മിലുള്ള ദൂരം എത്ര വലുതാണെന്ന് വിജയ് തന്നെ തെളിയിച്ച സന്ദര്‍ഭം ആയിരുന്നു അത്. അദ്ദേഹത്തിന് ആകെ കഴിഞ്ഞത് വെള്ളക്കുപ്പികള്‍ തുടരെ തുടരെ എറിഞ്ഞ് കൊടുക്കാനും ആംബുലന്‍സുകള്‍ക്കായി വഴിയൊരുക്കാന്‍ അഭ്യര്‍ത്ഥിക്കാനുമായിരുന്നു. വമ്പന്‍ റാലികള്‍ നടത്താനിറങ്ങുമ്പോള്‍ ഒഴുകിയെത്തുന്ന ആള്‍ക്കൂട്ടത്തെ സ്റ്റാലിന്‍ ഭയക്കുന്നുവെന്നായിരുന്നു വിജയ് ഇതുവരെ വെല്ലുവിളിച്ചിരുന്നത്.

അങ്ങനെ പറയുന്ന ആള്‍ ഒഴുകി വരുന്ന അണികളുടെ സുരക്ഷയുടെ ഉത്തരവാദിത്തവും ഏറ്റെടുക്കണമായിരുന്നു. മറ്റൊരു റാലിക്കും ഇല്ലാത്തത്രയും നിയന്ത്രണം സ്റ്റാലിന്‍ ഭരണകൂടം വിജയ്‌യുടെ റാലികള്‍ക്ക് മേല്‍ മാത്രം അടിച്ചേല്‍പിക്കുന്നു എന്നായിരുന്നു ടിവികെയുടെ വിമര്‍ശനം. 23 നിയന്ത്രണങ്ങളാണ് ടിവികെയുടെ വിജയ് റാലികള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്. വിഷയം കോടതി കയറി. മദ്രാസ് ഹൈക്കോടതി ടിവികെയുടെ പെറ്റീഷന്‍ കേട്ടുകൊണ്ട് പറഞ്ഞത് പ്രവചന സ്വഭാവത്തിലുള്ളതായിരിക്കുന്നു.

ഈ മാസം 13ന് നടന്ന തിരുച്ചിറിപ്പള്ളി റാലി മുന്‍നിര്‍ത്തി വന്ന ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് എന്‍ സതീഷ്‌കുമാര്‍ വിജയ്യോട് ഒരു ചോദ്യം ചോദിക്കുകയുണ്ടായി. എന്തെങ്കിലും അനിഷ്ട സംഭവമുണ്ടായാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കും? പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം വിജയ്ക്കുണ്ട്. അതിന് ശേഷമാണ് കരൂര്‍ റാലി സംഘടിപ്പിക്കപ്പെട്ടത്. റാലിക്കിടെയുള്ള അനിഷ്ട സംഭവങ്ങള്‍ ടിവികെക്കും വിജയ്ക്കും ആദ്യമായിട്ടല്ല. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തം എന്ന ആനുകൂല്യം വിജയ്ക്ക് നല്‍കാനും കഴിയില്ല.

തിരുച്ചിറപ്പള്ളി റാലിക്കിടെ ഒരാള്‍ കുഴഞ്ഞ് വീണു മരിച്ചിരുന്നു. മധുരയിലും കോയമ്പത്തൂരിലും റാലികള്‍ക്കിടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ന്ന് തരിപ്പണമായിരുന്നു. വരാനിരിക്കുന്ന വലിയ ദുരന്തത്തിന്റെ പ്രവചനസ്വരം അതിലുണ്ടായിരുന്നു. അതെന്തേ വിജയ് ഗൗരവമായി എടുത്തില്ല എന്ന വലിയ ചോദ്യം ബാക്കിയാവുന്നു.

കരൂര്‍ റാലിയിലേക്ക് വിജയ് വൈകി എത്തിയത് പോലും നാടകീയത കൂട്ടാനായിരുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്, ആള്‍ക്കൂട്ടശക്തി കാണിക്കാന്‍ പയറ്റുന്ന ഇത്തരം തന്ത്രങ്ങള്‍ ജീവനെടുക്കാന്‍ പോന്ന കളിയാക്കി മാറ്റുകയാണ് വിജയ്. മനഃപൂര്‍വമായ ശ്രദ്ധക്കുറവ് കാട്ടിയതിന് വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്നാണ് ഡിഎംകഎ ആവശ്യപ്പെടുന്നത്. ഹൈക്കോടതി സ്വമേധയാ കേസെടുക്കണമെന്ന് സിപിഎം ആവശ്യപ്പെടുന്നത്. പൊലീസ് കേസെടുക്കാനൊരുങ്ങുന്നത്.

ദുരന്തമുഹൂര്‍ത്തമാണ് തമിഴ്‌നാടിനെ സംബന്ധിച്ച് ഇതെങ്കിലും അതില്‍ പതിയിരിക്കുന്ന രാഷ്ട്രീയ കണ്ണുകളുണ്ട്. ദളപതി നിര്‍ണായക സന്ദര്‍ഭത്തില്‍ അണികളെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞപ്പോള്‍ ശ്വാസം കിട്ടാതെ പിടയുന്നവരുടെ ജീവന്‍ രക്ഷിക്കേണ്ട ഉത്തരവാദിത്തം ടിവികെയും മറന്നു. ജില്ലാ ഭരണകൂടത്തിന്റെ അതിവേഗ ദുരന്തനിവാരണ നടപടികളാണ് മരണസംഖ്യ ഉയരാതിരിക്കാന്‍ സഹായകരമായത്. കരൂര്‍ ജില്ലാ ആശുപത്രിയിലേക്കും ഈറോഡിലെയും തിരുച്ചിറപ്പള്ളിയിലെയും മെഡിക്കല്‍ കോളേജ് ആശുപത്രികളിലേക്കും അണമുറിയാതെയാണ് പരിക്കേറ്റവരുമായി ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞ് പോയത്.

ദുരന്തമുണ്ടായി മണിക്കൂറുകള്‍ക്ക് ശേഷവും അണികളെ ആശ്വസിപ്പിക്കാന്‍ ഒരു പ്രസ്താവന പോലും വിജയ്‌യുടെ ഭാഗത്ത് നിന്ന് വന്നില്ല. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ വെച്ചും വിജയ് ഒന്നും മിണ്ടിയില്ല. പിന്നീട് വാക്കുകളാല്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വേദനയിലാണെന്നും ഹൃദയം തകര്‍ന്നിരിക്കുകയാണെന്നും എക്‌സില്‍ കുറിക്കുകയാണ് ചെയ്തത്.

അതേസമയം അപകടത്തില്‍ നടുക്കം രേഖപ്പെടുത്തിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ഒട്ടും വൈകിയില്ല. ആരോഗ്യ മന്ത്രിയെയും മുന്‍മന്ത്രി സെന്തില്‍ ബാലാജിയെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നിയോഗിച്ചതായി സ്റ്റാലിന്‍ എക്‌സില്‍ അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ പരിക്കേറ്റവര്‍ക്ക് വേണ്ട സഹായം ഉറപ്പാക്കാന്‍ മന്ത്രി അന്‍പില്‍ മഹേഷിനെ പ്രത്യേകമായി ചുമതലപ്പെടുത്തി.

അണ്ണാഡിഎംകെയും കരൂര്‍ ദുരന്തം അവസരമാക്കി രംഗത്ത് വന്നു. ഒരേ സമയം വിജയ്‌യെയും തമിഴ്‌നാട് സര്‍ക്കാരിനെയും വിമര്‍ശിക്കുകയാണ് എഐഎഡിഎംകെ. മനഃപൂര്‍വും വരുത്തി വെച്ച ദുരന്തമെന്ന് വിജയ്ക്ക് വിമര്‍ശിക്കുന്ന, സര്‍ക്കാരിന്റെ വീഴ്ചയെന്ന് സ്റ്റാലിനെ പ്രതിക്കൂട്ടിലാക്കുന്ന ഇരുതലമൂര്‍ച്ചയുള്ള രാഷ്ട്രീയ ആയുധം അവസരം നോക്കി അണ്ണാഡിഎംകെ പ്രയോഗിക്കുന്നു.

1970ളില്‍ തമിഴക രാഷ്ട്രീയത്തിന്റെ അലകും പിടിയും മാറ്റിയിരുന്നു, എം ജി രാമചന്ദ്രന്റെ മഹാറാലികള്‍. അന്ന് പതിനായിരങ്ങളാണ് എംജിആറിനെ കാണാനും കേള്‍ക്കാനും തമിഴകത്തിന്റെ തെരുവീഥികളില്‍ നിറഞ്ഞത്. ആ എംജിആറിന്റെ മാതൃകയില്‍ താനും വരുന്നു എന്നാണ് വിജയ് അവകാശപ്പെട്ടത്. എംജിആറിന്റെ വരവേല്‍പ്പിന് ചോരയുടെ കളങ്കമുണ്ടായിരുന്നില്ല. വിജയ് പക്ഷേ കണക്ക് പറയേണ്ടി വരിക അതിനാണ്.

സ്റ്റാലിന്‍ നാളെ തന്നെ കരൂരിലെത്തുന്നുണ്ട്. വിജയ് വലിയ ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിക്കുന്നത് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്റ്റാലിന് തലവേദനയായിരുന്നു. മൂന്നാം ഊഴത്തിനുള്ള തടസ്സം വിജയ് ആകുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുമ്പോഴാണ് സ്റ്റാലിന്‍ കരൂരിലെത്തുന്നത്. വിജയ് എന്ന പ്രതിഭാസത്തെ നിഷ്പ്രഭമാക്കി കരൂരിലൂടെ കരുത്ത് നേടാന്‍ ആകുമോ സ്റ്റാലിന്റെ വരവ്? ഇനിയുള്ള വിജയ്‌യുടെ റാലികളെ കോടതിയിലും പുറത്തും നേരിടാന്‍ കരൂര്‍ ദുരന്തം സ്റ്റാലിന്‍ ആയുധമാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+