വിനേഷ് ഫോഗട്ട് കോണ്‍ഗ്രസിലേക്ക്?: ഹൂഡ ഡല്‍ഹിയിലെത്തിയത് വെറുതേയല്ല, ഹരിയാനയില്‍ വന്‍ നീക്കങ്ങള്‍
ഡല്‍ഹി: ഹരിയാന തിരഞ്ഞെടുപ്പ് പ്രഖ്യാപനം പൂർത്തിയായതിന് പിന്നാലെ തങ്ങള്‍ക്ക് മുന്നിലുള്ള സാധ്യതകള്‍ എല്ലാം തന്നെ ഉപയോഗപ്പെടുത്താനുള്ള നീക്കത്തിലാണ് രാഷ്ട്രീയ പാർട്ടികള്‍. കൂടുതല്‍ പ്രമുഖരെ കളത്തിലിറക്കി മത്സരം ശക്തമാക്കാനുള്ള നീക്കങ്ങളും അവർ ആരംഭിച്ച് കഴിഞ്ഞു. അത്തരത്തില്‍ ഉയർന്ന് കേള്‍ക്കുന്ന പേരുകളില്‍ ഒന്നാണ് ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റേത്.
പാരീസ് ഒളിംപിക്സിലെ ഗുസ്തി ഫൈനലില്‍ നിന്നും അപ്രതീക്ഷിതമായി പുറത്തായ വിനേഷിനെ പാർട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞാല്‍ അത് അവരുടെ വലിയ രാഷ്ട്രീയ വിജയം കൂടിയായി മാറിയേക്കും. കഴിഞ്ഞ ദിവസം പാരീസില്‍ നിന്നും മടങ്ങിയെത്തിയ വിനേഷിന് സഹ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ, അവളുടെ സഹോദരൻ ഹരീന്ദർ സിംഗ്, കോൺഗ്രസ് നേതാവ് ദീപേന്ദർ ഹൂഡ എന്നിവർ ചേർന്നായിരുന്നു സ്വീകരണം ഒരുക്കിയത്. ആയിരക്കണക്കിന് ആരാധകരും പരിപാടിയില്‍ പങ്കെടുത്തു.

ബി ജെ പിയും വിനേഷ് ഫോഗട്ടിന് ഗംഭീര വരവേൽപ്പ് ആസൂത്രണം ചെയ്‌തിരുന്നെങ്കിലും മറ്റ് നിരവധി ഗുസ്തിക്കാരുടെയും സാന്നിധ്യത്തിൽ വിനേഷ് ഫോഗട്ടിന് വേണ്ടി കൂറ്റൻ റോഡ് ഷോ നടത്തി ദീപേന്ദർ ഹൂഡയും കോൺഗ്രസും കളം പിടിക്കുകയായിരുന്നു. കോൺഗ്രസ് വിനേഷ് ഫോഗട്ടിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുമെന്ന് ഹരിയാനയിലെ പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ പ്രഖ്യാപിച്ചപ്പോൾ തന്നെ കോണ്‍ഗ്രസിന്റെ പദ്ധതികൾ വ്യക്തമായിരുന്നു.
ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ദീപേന്ദർ ഹൂഡ ഹരിയാനയിൽ നിന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പ് സെപ്റ്റംബർ മൂന്നിനാണ് നടക്കാന്‍ പോകുന്നത്. ഈ സീറ്റിലേക്ക് വിനേഷ് ഫോഗട്ടിനെ മത്സരിപ്പിക്കാനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ വിജയം ഉറപ്പില്ലാത്തതിനാല്‍ താരത്തെ നിയമസഭയിലേക്ക് മത്സരിപ്പിക്കാനുള്ള നീക്കത്തിനാണ് ഇപ്പോള്‍ മുന്‍ തൂക്കം.
"വിനേഷ് ഒരു ചാമ്പ്യനായിരുന്നു, ഇന്നും, എന്നും നിലനിൽക്കും... ഞങ്ങളുടെ മകൾ വിനേഷ് ഫോഗട്ടിനെ സ്വീകരിക്കാൻ ഡൽഹിയിൽ നിന്ന് ബലാലി ഗ്രാമത്തിലേക്ക് (വിനേഷ് ഫോഗട്ടിൻ്റെ ജന്മദേശം) വരെ ആളുകൾ ക്യൂവിലാണ്," ദീപേന്ദർ ഹൂഡ പറഞ്ഞു. അതേസമയം തന്നെ, വിനേഷ് ഫോഗട്ടിനെ രാജ്യസഭയിലേക്ക് അയക്കാനുള്ള ഭൂപീന്ദർ ഹൂഡയുടെ 'ആഗ്രഹം' രാഷ്ട്രീയ സ്റ്റണ്ട് എന്നാണ് വിനേഷ് ഫോഗട്ടിൻ്റെ അമ്മാവൻ മഹാവീർ ഫോഗട്ട് വിശേഷിപ്പിച്ചത്.
അന്നത്തെ ബിജെപി എംപിയും റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തിനിടെ ഹരിയാനയിൽ നിന്നുള്ള വിനേഷ് ഫോഗട്ടിനും മറ്റ് ഗുസ്തിക്കാർക്കും പിന്തുണയുമായി രംഗത്തെത്തിയ ആദ്യത്തെ കുറച്ച് കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു ദീപേന്ദർ ഹൂഡ.
ന്യൂഡൽഹിയിൽ കോൺഗ്രസ് വിനേഷ് ഫോഗട്ടിനൊപ്പം റോഡ്‌ഷോ നടത്തുമ്പോള്‍ മറുവശത്ത് ഹരിയാന ബി ജെ പി മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ചണ്ഡീഗഡിൽ മാധ്യമപ്രവർത്തകരോട് വിനേഷ് ഫോഗട്ടുമായി ബന്ധപ്പെട്ട് തൻ്റെ സർക്കാർ എടുത്ത തീരുമാനങ്ങളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു. ഹരിയാന സർക്കാരും ബിജെപിയും വിനേഷ് ഫോഗട്ടിനൊപ്പമാണ് നിൽക്കുന്നതെന്ന് സൈനി വ്യക്തമാക്കി. 'അവൾ ഞങ്ങളുടെ മകളാണ്, ഞങ്ങൾ എപ്പോഴും അവളോടൊപ്പം നിൽക്കും.' അദ്ദേഹം വ്യക്തമാക്കി.
ഹരിയനാക്കൊപ്പം ജമ്മു കശ്മീരുമാണ് നിയമസഭ തിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. മൂന്നു ഘട്ടങ്ങളിലായിട്ടാണ്. ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ടം സെപ്റ്റംബര്‍ 18നും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും. ഹരിയാനയിൽ ഒക്ടോബര്‍ ഒന്നിന് ഒറ്റഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക. ഇരു സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍ ഒക്ടോബർ നാലാം തിയതി നടക്കും.












Click it and Unblock the Notifications